രോഹന്‍ മൂര്‍ത്തി ഇന്‍ഫോസിസ് വൈസ് പ്രസിഡന്റ്?

Posted By:

ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തിയുടെ മകന്‍ രോഹന്‍ മൂര്‍ത്തിയെ കമ്പനിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിയമിച്ചതായി സൂചന. ഔദ്യോഗികമായി ഇന്‍ഫോസിസ് ഇക്കാര്യം അറിയിച്ചിട്ടില്ലെങ്കിലും ഏതാനും ആഴ്ച മുമ്പ് തന്നെ രോഹന് പദവി നല്‍കിയതായി കമ്പനിയോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

സാധാരണയായി ഒരു പതിറ്റാണ്ടെങ്കിലും പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കു നല്‍കുന്ന പദവിയാണ് വൈസ് പ്രസിഡന്റ് സ്ഥാനം.

രോഹന്‍ മൂര്‍ത്തി ഇന്‍ഫോസിസ് വൈസ് പ്രസിഡന്റ്?

തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയ ഇന്‍ഫോസിസിനെ രക്ഷിക്കാന്‍ ഈ വര്‍ഷം ജൂണില്‍ എക്‌സിക്യുട്ടീവ് ചെയര്‍മാനായി തിരിച്ചുവന്ന എന്‍.ആര്‍. നാരായണ മൂര്‍ത്തിയോടൊപ്പം എക്‌സിക്യുട്ടീവ് അസിസ്റ്റന്റായാണ് രോഹന്‍ കമ്പനിയില്‍ പ്രവേശിച്ചത്. അന്ന് നാരായണ മൂര്‍ത്തി പറഞ്ഞത് തന്നെ സഹായിക്കുക മാത്രമാണ് രോഹന്റെ ചുമതലയെന്നും സുപ്രധാന പദവികളൊന്നും ഉടന്‍ നല്‍കില്ലെന്നുമാണ്.

ജോലിയില്‍ പ്രവേശിച്ചതു മുതല്‍ രോഹന്‍ വളരെ സജീവമായാണ് കമ്പനിയുടെ കാര്യങ്ങളില്‍ ഇടപ്പെട്ടിരുന്നതെന്നും പ്രധാനപ്പെട്ട എല്ലാ മീറ്റിങ്ങുകള്‍ക്കും നാരായണ മൂര്‍ത്തിയെ അനുഗമിച്ചിരുന്നുവെന്നും കമ്പനിയോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

കാര്യങ്ങള്‍ വിശദമായി വിലയിരുത്തിയിരുന്ന രോഹന്‍ എല്ലാ വിഭാഗങ്ങളുടെയും മേധാവികളുമായി ചര്‍ച്ച നടത്തുകയും കമ്പനിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

അതേസമയം, എക്‌സിക്യുട്ടീവ് ചെയര്‍മാനോടൊപ്പം സുപ്രധാന യോഗങ്ങളില്‍ പങ്കെടുക്കണമെങ്കില്‍ ഉയര്‍ന്ന പദവി ആവശ്യമായിരുന്നുവെന്നും അതുകൊണ്ടാണ് രോഹന് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയതെന്നുമാണ് ഇന്‍ഫോസിസിലെ പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യക്തി പറഞ്ഞത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot