വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ

പണം ഉള്ളവരെ തേടി കൂടുതൽ പണം എത്തുകയും കൈയിൽ ഒന്നുമില്ലാത്തവനെ തേടി കൂടുതൽ പ്രാരാബ്ദധങ്ങൾ എത്തുകയും ചെയ്യുന്ന ഒരു സാമൂഹിക അവസ്ഥ നമ്മുടെ നാട്ടിൽ പൊതുവെ കാണപ്പെടുന്നുണ്ട്. എത്ര പണിയെടുത്താലും മിച്ചം പിടിക്കാൻ ഒന്നും ബാക്കിയുണ്ടാകാത്ത ആളുകൾ ഏറെയാണ്. എന്തെങ്കിലും ജോലിക്ക് പോയാൽ കിട്ടുന്നത് തുച്ഛമായ ശമ്പളം ആയിരിക്കും. പ്രാരാബ്ധത്തിന്റെ ഭാരം താങ്ങാനാകാതെ 24 മണിക്കൂറും പണിയെടുക്കാൻ തയാറാകുന്നവരും ഏറെ. ഒരു ജോലിക്കൊപ്പം പാർട്ട് ടൈം ആയി മറ്റ് ജോലി ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ജോലി ഉള്ളവരുടെ കാര്യം ഇങ്ങനെയാണെങ്കിൽ ജോലി ലഭ്യമാകാത്ത ആളുകളുടെ കാര്യം പറയാനുമില്ല. ആകെ പ്രതിസന്ധിതന്നെയാകും.
എന്തെങ്കിലും ഒരു ജോലി കിട്ടിയിരുന്നെങ്കിൽ...
എന്തെങ്കിലും ഒരു ജോലി കിട്ടിയാൽ ഏറെ നന്നായിരുന്നു എന്ന് കരുതുന്ന നിരവധി തൊഴിൽ രഹിതർ ഇന്ത്യയിലുണ്ട്. എന്നാൽ ജോലിക്കായുള്ള അന്വേഷണത്തിനിടയിൽ ഇവർ ചെന്നു ചാടുന്നത് വൻ അബദ്ധങ്ങളിലേക്കാണ്. പാവങ്ങളുടെ അറിവില്ലായ്മയും സാഹചര്യവും ചൂഷണം ചെയ്യുന്ന സൈബർ തട്ടിപ്പ് സംഘങ്ങൾ വിലസുന്ന നമ്മുടെ രാജ്യത്ത് തൊഴിലന്വേഷകർ ഏറെ ശ്രദ്ധ പുലർത്തേണ്ടയിരിക്കുന്നു എന്നത് ഇതിനോടകം നിരവധി സംഭവങ്ങളിലൂടെ നമുക്ക് വ്യക്തമായിട്ടുള്ള കാര്യമാണ്. എന്നാൽ പാവങ്ങൾ അബദ്ധത്തിൽ ചെന്ന് ചാടുന്ന സംഭവങ്ങൾ രാജ്യത്ത് തുടർന്നുകൊണ്ടുതന്നെയിരിക്കുകയാണ്.

കബളിപ്പിക്കപ്പെട്ടത് 11,000 പേർ!
കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്ത് പാർട്ട് ടൈം ജോലി അന്വേഷിച്ച യുവതിയുടെ 1.18 ലക്ഷം രൂപയാണ് സൈബർ തട്ടിപ്പുകാർ തട്ടിയെടുത്തത്. ആമസോണിൽ ജോലി വാഗ്ദാനം ചെയ്താണ് യുവതിയുടെ പണം സംഘം തട്ടിയെടുത്തത്. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘത്തിലെ മൂന്ന് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ചൈന, ദുബായ്, ജോർജിയ എന്നീവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഈ തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത് എന്നും 11,000 പേരെ ഇതിനോടകം ഇവർ കബളിപ്പിച്ചതായും പോലീസ് വ്യക്തമാക്കുന്നു. സംഘത്തിലെ പ്രധാനിയെ ഇനിയും പോലീസിന് പിടികൂടാനായിട്ടില്ല.
വീട്ടുജോലി, പാർട്ട് ടൈം ജോലി...
ഡൽഹി, ഗുരുഗ്രാം, ഫത്തേഹാബാദ് (ഹരിയാന) എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ആണ് പ്രതികൾ പിടിയിലായത് എന്ന്
ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ആളുകളുടെ ദൗർബല്യങ്ങൾ മനസിലാക്കി അതിനൊത്ത വിധത്തിൽ ആണ് സംഘം തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. വീട്ടുജോലികളും മറ്റ് പാർട്ട് ടൈം ജോലികളും തേടിയ ആളുകളാണ് ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടിരിക്കുന്നത്. ആമസോണിൽ ജോലി വാഗ്ദാനം ചെയ്താണ് ഡൽഹി സ്വദേശിനിയുടെ പണം തട്ടിയത്. കാഴ്ചയിൽ ആമസോണിന്റേതെന്ന് തോന്നിപ്പിക്കുന്ന വെബ്സൈറ്റുകൾ ഉണ്ടാക്കി ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് എന്നിവ വഴി ഈ വെബ്സൈറ്റ് പ്രമോട്ട് ചെയ്താണ് തട്ടിപ്പ് സംഘം ഇരകളെ വീഴ്ത്തിയിരുന്നത്.

ആസൂത്രകർ തമ്പടിച്ചിരിക്കുന്നത് ഇന്ത്യക്ക് വെളിയിൽ
തൊഴിലന്വേഷകരുടെ പക്കലേക്ക് പലവിധത്തിൽ ഈ വ്യാജന്മാർ ചെന്നെത്തുന്നു. തങ്ങളുടെ വിശ്വാസ്യത തെളിയിക്കാൻ വ്യാജ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെ സംഘം ഉപയോഗിക്കാറുണ്ട്. ഡൽഹിയിൽ തട്ടിപ്പിനിരയായ യുവതിയെ ടെലിഗ്രാം ചാറ്റിലൂടെയാണ് സംഘം വീഴ്ത്തിയത്. ഈ ഐഡി പ്രവർത്തിപ്പിച്ചിരുന്നത് ബെയ്ജിങ്ങിൽ നിന്നായിരുന്നു എന്ന് കണ്ടെത്തിയതായി ഡൽഹി പോലീസ് പറയുന്നു. ഇതു കൂടാതെ മറ്റൊരു വാട്സ്ആപ്പ് നമ്പർ ഉപയോഗിച്ചും യുവതിയുമായി തട്ടിപ്പ് സംഘം ബന്ധപ്പെട്ടു.
ഈ നമ്പറും ഇന്ത്യക്ക് വെളിയിൽനിന്നാണ് പ്രവർത്തിപ്പിച്ചിരുന്നത് എന്ന് പോലീസ് വ്യക്തമാക്കി. ആമസോണിൽ മികച്ച ശമ്പളത്തിൽ ജോലി നൽകാമെന്നും അതിനായി പണം നിക്ഷേപിക്കണമെന്നും യുവതിയോട് തട്ടിപ്പുകാർ ആവശ്യപ്പെടുകയായിരുന്നു. പണം നഷ്ടമായതോടെ യുവതി പോലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് വ്യക്തമായതോടെ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. യുവതി പണം നിക്ഷേപിച്ച ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വസ്തുതകളാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഒറ്റ ദിവസം കൊണ്ട് തട്ടിയെടുത്തത് 5.17 കോടി
ഒറ്റ ദിവസം കൊണ്ട് 5.17 കോടി രൂപ ഈ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തതായി കണ്ടെത്തി. 7 വ്യത്യസ്ത അക്കൗണ്ടുകൾ വഴി മുഴുവൻ തുകയും സംഘം തട്ടിയെടുത്തു. പിന്നീട് ക്രിപ്‌റ്റോ കറൻസി വഴി ഈ പണം വിദേശ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ട് എന്നും ഔട്ടർ നോർത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദേവേഷ് കുമാർ മഹ്‌ല മാധ്യമങ്ങളോട് വ്യക്തമാക്കി. മികച്ച ശമ്പളത്തോടെയുള്ള വർക്ക് ഫ്രം ഹോം ജോലികളുടെ പരസ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും തൊഴിലന്വേഷകർ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.


Click it and Unblock the Notifications








