ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
ബിഎസ്എൻഎൽ 4ജി വ്യാപനം വഴിമുട്ടി എന്ന ആശങ്കകൾക്കിടെ പ്രതീക്ഷ പകരുന്ന ഒരു പുതിയ വാർത്ത എത്തിയിരിക്കുന്നു. ബിഎസ്എൻഎല്ലുമായുള്ള കരാറിന്റെ ഭാഗമായി ടാറ്റ കൺസൾട്ടൻസി സർവീസ് (TCS) രാജ്യത്തെ നാല് മേഖലകളിലായി നാല് ഡാറ്റ സെന്ററുകൾ സ്ഥാപിക്കുമെന്ന് ടിസിഎസ് സിഒഒ എൻ ഗണപതി സുബ്രഹ്മണ്യം പറഞ്ഞു.
ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപനത്തിനായി ഏതാണ്ട് 15000 കോടി രൂപയുടെ കരാർ ടിസിഎസ് ഒപ്പിട്ടിട്ടുണ്ട്. ഈ കരാറിന്റെ ഭാഗമായാണ് രാജ്യത്തെ നാലിടങ്ങളിലായി 4ജിക്കായി ഡാറ്റ സെന്ററുകൾ സ്ഥാപിക്കുന്നത്. ഇത് കൂടാതെ പ്രാദേശിക ലോഡ് ആവശ്യകതകൾ അടിസ്ഥാനമാക്കി 30 ലേറെ ഡാറ്റ സെൻ്ററുകളും വിന്യസിക്കും.

രാജ്യത്തെ 22 ടെലിക്കോം സർക്കിളുകളിലുടനീളമുള്ള ബിഎസ്എൻഎല്ലിന്റെ ടെലികോം സെന്ററുകളുടെ പരിസരങ്ങളിലായി ആകെ 38 ഡാറ്റാ സെൻ്ററുകൾ വിന്യസിക്കും എന്നാണ് റിപ്പോർട്ട്. ടാറ്റ ഗ്രൂപ്പിൻ്റെ ഐടി സേവന വിഭാഗവും ഗവൺമെൻ്റിൻ്റെ സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് ടെലിമാറ്റിക്‌സും (സി-ഡോട്ട്) ആണ് ഇതിന് നേതൃത്വം നൽകുക.
ടിസിഎസിന്റെ നേതൃത്വത്തിൽ നടക്കുന്ന 4ജി വ്യാപനം പൂർത്തിയായാൽ രാജ്യത്തെ ആദ്യ തദ്ദേശീയ നെറ്റ്‌വർക്ക് സൊല്യൂഷൻ ദാതാവായി ബിഎസ്എൻഎൽ മാറും. ഇപ്പോൾ നടക്കാൻ പോകുന്ന 4 ഡാറ്റ സെന്ററുകളുടെ വിന്യാസം ബിഎസ്എൻഎൽ 4ജി വ്യാപനത്തിലെ നിർണായക ചുവടുവയ്പ്പാണ് എന്നാണ് ടിസിഎസ് സിഒഒ എൻ ഗണപതി സുബ്രഹ്മണ്യം പറയുന്നത്.

ബിഎസ്എൻഎൽ 4ജി വ്യാപനത്തിലെ ഏറെ സങ്കീർണ്ണമായ ഒരു പ്രക്രിയ കൂടിയാണ് ഈ ഡാറ്റ സെന്ററുകളുടെ സ്ഥാപനം. നാല് സോണുകളിൽ പിആർ (പ്രൈമറി സെർവറിനായി), ഡിആർ (ഡിസാസ്റ്റർ റിക്കവറി സെർവറിനായി) എന്നിവയുടെ രണ്ട് സെന്ററുകൾ സ്ഥാപിക്കും. ഇതിനപ്പുറം, ഓരോ ടെലിക്കോം സർക്കിളിലും, ആ സർക്കിളിൻ്റെ ലോഡ് ആവശ്യകതകൾ അനുസരിച്ച് 30 ഡാറ്റാ സെൻ്ററുകൾ വിന്യസിക്കും.
മൊത്തത്തിൽ 38 സെന്ററുകളാണ് വിന്യസിക്കുക. ജൂണോടെ ഇത് പൂർത്തിയാക്കാൻ ഹാർഡ്‌വെയർ വിതരണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണ് എന്നും ടിസിഎസ് അറിയിച്ചു. രാജ്യത്തുടനീളം ബിഎസ്എൻഎല്ലിനായി 100,000 4G സൈറ്റുകൾ സ്ഥാപിക്കാനുള്ള കരാറാണ് ടിസിഎസ് ഏറ്റെടുത്തിരിക്കുന്നത്. ഐടിഐ ലിമിറ്റഡുമായി ചേർന്ന് ബിഎസ്എൻഎല്ലിൽനിന്ന് 19,000 കോടി രൂപയുടെ അഡ്വാൻസ് പർച്ചേസ് ഓർഡർ നേടിയതായി കഴിഞ്ഞ വർഷം ടിസിഎസ് വെളിപ്പെടുത്തിയിരുന്നു.
ബിഎസ്എൻഎല്ലുമായുള്ള 4ജി വ്യാപന കരാറിൽ, ഓർഡറിൻ്റെ ഏതാണ്ട് 20% ഐടിഐ പൂർത്തീകരിക്കണം, ബാക്കിയുള്ള വലിയ ഭാഗം ടിസിഎസിന്റെ ചുമതലയാണ്. മൊബൈൽ നെറ്റ്‌വർക്കിൻ്റെ എൻഡ് ടു എൻഡ് പ്ലാനിംഗ്, ഡിസൈൻ, ഇൻസ്റ്റാളേഷൻ, കമ്മീഷൻ ചെയ്യൽ, ഒപ്റ്റിമൈസേഷൻ എന്നിവ ടിസിഎസിന്റെ നേതൃത്വത്തിലുള്ള കൻസോർഷ്യത്തിന്റെ ഉത്തരവാദിത്തമാണ്.

ബിഎസ്എൻഎൽ 4ജി വ്യാപനത്തിനായുള്ള കൺസോർഷ്യത്തിൽ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന ടിസിഎസിന് പുറമേ സി-ഡോട്ടും തദ്ദേശീയ ടെലികോം ഉപകരണ നിർമ്മാതാക്കളായ തേജസ് നെറ്റ്‌വർക്കും ഉൾപ്പെടുന്നു. ബിിഎസ്എൻഎല്ലിന്റെ 4ജി നെറ്റ്‌വർക്കുകൾ സോഫ്റ്റ്‌വെയർ നവീകരണത്തിലൂടെ വളരെ ലളിതമായി 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ സാധിക്കുമെന്നും അതിനാൽത്തന്നെ 4ജി വ്യാപനം പൂർത്തിയായൽ വൈകാതെ 5ജിയിലേക്ക് മാറാനാകുമെന്നും പറയപ്പെടുന്നു.
ബിഎസ്എൻഎൽ 4ജിക്കായി സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് ടെലിമാറ്റിക്‌സ് (C-DoT) വികസിപ്പിച്ച നെറ്റ്‌വർക്ക് കോറിൽ ഒരു തകരാർ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അടുത്തിടെ ET റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ബിഎസ്എൻഎൽ 4ജി വ്യാപനം വീണ്ടും വൈകും എന്ന് ആശങ്ക ഉയർന്നു. ഇപ്പോൾ പുതിയ ഡാറ്റ സെന്റർ സ്ഥാപിക്കുമെന്ന ടിസിഎസിന്റെ അറിയിപ്പോടുകൂടി പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ വച്ചിട്ടുണ്ട്.


Click it and Unblock the Notifications








