ബിഎസ്എൻഎൽ, എയർടെൽ, വിഐ എന്നിവരുടെ 599 രൂപ പ്രീപെയ്ഡ് പ്ലാനുകൾ
രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾ അടുത്തിടെ പ്രീപെയ്ഡ് താരിഫ് നിരക്കുകൾ വർധിപ്പിച്ചിരുന്നു. കമ്പനികൾ ഓഫർ ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകളിലെല്ലാം ഈ വർധനവ് പ്രതിഫലിക്കുകയും ചെയ്തു. പ്രീപെയ്ഡ് പ്ലാനുകളുടെ വിലയിൽ എകദേശം 20 മുതൽ 25 ശതമാനം വരെയാണ് കൂട്ടിയത്. സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കമ്പനികൾ പ്രീപെയ്ഡ് നിരക്കുകൾ കൂട്ടിയതോടെ ഉപയോക്താക്കളിൽ ആശങ്ക വർധിപ്പിക്കുകയാണ്. അഫോർഡബിൾ ഇന്റർനെറ്റ് തുടങ്ങിയ കൺസെപ്റ്റുകൾ ഇല്ലാതാവുമോയെന്നതാണ് പ്രധാന ആശങ്ക. ഇത്തരം ഒരു സാഹചര്യത്തിൽ തങ്ങൾക്ക് ഇണങ്ങിയ പ്ലാൻ ഏതെന്ന് പെട്ടെന്ന് മനസിലാക്കാൻ ആയെന്ന് വരില്ല. ഉപയോക്താക്കൾക്ക് പുതിയ പ്ലാനുകളെക്കുറിച്ച് മനസിലാക്കാനും അതിന് അനുസരിച്ച് ക്രമീകരിക്കാനും കുറച്ച് സമയം ആവശ്യമാണ്. ഒരു മിഡ് റേഞ്ച് പ്രീപെയ്ഡ് പ്ലാനിനായി നോക്കുന്ന ഉപഭോക്താക്കൾക്ക് വേണ്ടിയാണ് ഈ ആർട്ടിക്കിൾ. മിഡ് റേഞ്ച് സെഗ്മെന്റിൽ എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നി കമ്പനികൾ മികച്ച പ്ലാനുകൾ യൂസേഴ്സിന് നൽകുന്നുണ്ട്. അതിൽ ഒന്നാണ് 599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. വിഐ, എയർടെൽ, ബിഎസ്എൻഎൽ എന്നീ മൂന്ന് കമ്പനികളും 599 രൂപ നിരക്കിൽ പ്രീപെയ്ഡ് പ്ലാൻ നൽകുന്നുണ്ട്. പ്ലാനുകൾക്ക് ഒരേ വിലയാണെങ്കിലും ഇതിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ വ്യത്യസ്തമാണ്. ഈ മൂന്ന് ടെലിക്കോം കമ്പനികളും ഓഫർ ചെയ്യുന്ന 599 രൂപയുടെ പ്ലാനും അവയുടെ വിശദാംശങ്ങളും നോക്കാം.

വിഐ - 599 രൂപ പ്ലാൻ
വോഡഫോൺ ഐഡിയ അഥവാ വിഐ നൽകുന്ന മികച്ച അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്നാണ് 599 രൂപയുടേത്. പ്രതിദിനം 1.5 ജിബി ഡാറ്റയുടെ ആനുകൂല്യമാണ് പ്ലാനിനൊപ്പം യൂസേഴ്സിന് ലഭിക്കുന്നത്. 70 ദിവസമാണ് പ്ലാനിന് കമ്പനി നൽകിയിരിക്കുന്ന കാലാവധി. പ്രതിദിനം 100 എസ്എംഎസുകൾക്കൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളുകളും കമ്പനി പ്ലാനിന് ഒപ്പം ഓഫർ ചെയ്യുന്നു. കൂടാതെ, "ബിംഗ് ഓൾ നൈറ്റ്" ഫീച്ചറും 599 രൂപ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

(ഉപയോക്താക്കളെ അർധരാത്രി 12 മുതൽ രാവിലെ 6 വരെ പരിധിയില്ലാത്ത ഇന്റർനെറ്റ് ഉപയോഗിക്കാൻ അനുവദിക്കുന്ന ഫീച്ചർ ആണ് ബിംഗ് ഓൾ നൈറ്റ്) ഉപയോക്താക്കൾക്ക് തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഉപയോഗിക്കാത്ത ഡാറ്റ ശനി, ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന "വീക്കെൻഡ് റോൾ ഓവർ" ആനുകൂല്യവും അധിക ചെലവില്ലാതെ ലഭിക്കും. ഇതുകൂടാതെ, എല്ലാ മാസവും ഉപയോക്താക്കൾക്ക് 2ജിബി ഡാറ്റ ബാക്കപ്പും ലഭിക്കുന്നു. ഉപയോക്താക്കൾക്ക് വിഐ സിനിമകളിലേക്കും ടിവിയിലേക്കും ആക്‌സസും ലഭിക്കും.

എയർടെൽ 599 രൂപ പ്ലാൻ
എയർടെലും സമാനമായ ഒരു പ്ലാൻ ഓഫർ ചെയ്യുന്നു. എയർടെലിന്റെ 599 രൂപ പ്ലാൻ പക്ഷെ വിഐയുടേതിൽ നിന്നും വ്യത്യസ്തമാണ്. വിഐ വാലിഡിറ്റി കൂടിയ ആവശ്യത്തിന് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാൻ ആണ് 599 രൂപയ്ക്ക് നൽകിയിരിക്കുന്നത്. അതേസമയം എയർടെലിന്റെ പ്ലാൻ കുറഞ്ഞ വാലിഡിറ്റിയിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നു. 28 ദിവസമാണ് ഓഫറിന്റെ വാലിഡിറ്റി. പ്രതിദിനം 3 ജിബി ഇന്റർനെറ്റ് ഡാറ്റ ലഭിക്കും. ഡാറ്റയുടെ നിശ്ചിത പരിധിക്കപ്പുറം, ഉപയോക്താക്കൾക്ക് 64 കെബിപിഎസ് വേഗതയിൽ പരിധിയില്ലാത്ത ഇന്റർനെറ്റ് ആസ്വദിക്കാനാകും.

അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും കമ്പനി ഓഫർ ചെയ്യുന്നു. ആമസോൺ പ്രൈം വീഡിയോയുടെ മൊബൈൽ പതിപ്പിന്റെ സൗജന്യ ട്രയലിലേക്കുള്ള ആക്‌സസ്, സൗജന്യ വിങ്ക് മ്യൂസിക്, ഷാ അക്കാദമി, അപ്പോളോ സർക്കിൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ചില ഓഫറുകളും പ്ലാനിന്റെ അധിക നേട്ടങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, ഉപയോക്താക്കൾക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈലിന്റെ 499 രൂപ വില വരുന്ന സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

ബിഎസ്എൻഎൽ 599 രൂപ പ്ലാൻ
കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ഓഫർ ചെയ്യുന്ന ദീർഘകാല, ഉയർന്ന ഡാറ്റ പ്രീപെയ്ഡ് പ്ലാനാണ് പട്ടികയിലെ അവസാനത്തേത്. ബിഎസ്എൻഎല്ലിൽ നിന്നുള്ള 599 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 5ജിബി ഇന്റർനെറ്റ് ഡാറ്റ ഓഫർ ചെയ്യുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും കൂടിയ ഡാറ്റ ഓഫർ ആണിത്. സെറ്റ് ഡാറ്റ പരിധിയുടെ ഉപയോഗം കഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് 80 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ആസ്വദിക്കാനാകും. മാത്രമല്ല, ഈ പ്ലാനിന്റെ കാലാവധി 84 ദിവസമാണ്. മൂന്ന് പ്ലാനുകളിലും വച്ച് നോക്കുമ്പോൾ ഏറ്റവും മികച്ച 599 രൂപ പ്ലാൻ ബിഎസ്എൻഎല്ലിന്റേത് തന്നെ

ഹോം എൽഎസ്എയിലും മുംബൈയിലും ഡൽഹിയിലും അടക്കമുള്ള ദേശീയ റോമിങ്ങിലും ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു. ആയിരക്കണക്കിന് പാട്ടുകൾ, സിനിമകൾ, മറ്റ് വിനോദ ഉള്ളടക്കങ്ങൾ എന്നിവയിലേക്ക് ആക്സസ് നൽകുന്ന സിങ്ങ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാൻ ഓഫർ ചെയ്യുന്നു. ഈ പ്ലാനിൽ ഉൾപ്പെടുന്ന മറ്റൊരു നേട്ടം ഉപയോക്താക്കൾക്ക് രാത്രി 12 മുതൽ രാവിലെ 5 മണി വരെ പരിധിയില്ലാത്ത സൗജന്യ രാത്രി ഡാറ്റ ലഭിക്കും എന്നതാണ്. ബിഎസ്എൻഎൽ ഉടനെയൊന്നും പ്രീപെയ്ഡ് നിരക്കുകൾ കൂട്ടാൻ സാധ്യത ഇല്ല. അതിനാൽ തന്നെ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളിൽ ഒന്നാണ് ഇത്. ബിഎസ്എൻഎൽ 4ജി എല്ലായിടത്തും ലഭ്യമല്ലെന്നത് മാത്രമാണ് ഒരു പ്രശ്നമായിട്ടുള്ളത്.


Click it and Unblock the Notifications








