സാംസങ്ങിന്റെ മിഡ്റേഞ്ചിലെ കരുത്തൻ ഫോൺ! ഗാലക്സി A35 5G വില ഒറ്റയടിക്ക് 5000 രൂപ കുറഞ്ഞു
സാംസങ് ആരാധകർ ആകെ ആവേശത്തിലാണ്. കാരണം ഏറ്റവും പുതിയ ഗാലക്സി എസ് സീരീസ് ഫോണുകൾ ജനുവരി 22ന് ലോഞ്ച് ചെയ്യാൻ പോകുകയാണ്. എന്നാൽ ഇപ്പോൾ സാംസങ് ആരാധകർക്ക് സന്തോഷിക്കാൻ മറ്റൊരു വാർത്തകൂടി എത്തിയിരിക്കുന്നു. സാംസങ്ങിന്റെ മിഡ്റേഞ്ചിലെ കരുത്തൻ സ്മാർട്ട്ഫോണായ സാംസങ് ഗാലക്സി എ35 5ജി (Samsung Galaxy A35 5G) യുടെ വില 5000 രൂപ കുറച്ചിരിക്കുന്നു എന്നതാണ് അത്. നിലവിൽ സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ആമസോൺ എന്നിവിടങ്ങളിലെല്ലാം ഈ സ്മാർട്ട്ഫോൺ 5000 രൂപ ഡയറക്ട് വിലക്കുറവിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷം മാർച്ചിൽ സാംസങ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എ35 5ജി. ഇതിന് മുൻപും ഈ ഫോണിന് ഡിസ്കൗണ്ട് ലഭ്യമായിരുന്നു എങ്കിലും അതിൽ ബാങ്ക് ഡിസ്കൗണ്ടുകളായിരുന്നു മുന്നിട്ട് നിന്നത്. എന്നാലിപ്പോൾ ഒരു ബാങ്ക് കാർഡിന്റെയും പിൻബലമില്ലാതെ തന്നെ 5000 രൂപ വിലക്കുറവിൽ ഉപയോക്താക്കൾക്ക് ഈ ഫോൺ വാങ്ങാൻ സാധിക്കും.

സാംസങ് ഗാലക്സി എ35 5ജിയുടെ 8GB റാം + 128GB സ്റ്റോറേജ് അടിസ്ഥാന വേരിയന്റിന് 30,999 രൂപയും 8GB + 256GB വേരിയന്റിന് 33,999 രൂപയും ആയിരുന്നു ഇന്ത്യയിലെ ലോഞ്ച് വില. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലും സാംസങ് വെബ്സൈറ്റിലും ആമസോണിലും അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 25999 രൂപ വിലയിലാണ്. അതായത് 5000 രൂപ ഡയറക്ട് വില കുറഞ്ഞിരിക്കുന്നു.
എന്നാൽ ബാങ്ക് ഡിസ്കൗണ്ടുകൾ ഒന്നും ഇതോടൊപ്പം എവിടെയും ലഭ്യമല്ല. ആമസോണിൽ 779 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്ന ഒരു ഓഫർ ഉണ്ട്. അതേസമയം ഫ്ലിപ്പ്കാർട്ട് ആകർഷകമായ എക്സ്ചേഞ്ച് ഓഫർ വാഗ്ദാനം ചെയ്യുന്നുണ്ട്. പരമാവധി 15300 രൂപ വരെയാണ് എക്സ്ചേഞ്ച് ഡിസ്കൗണ്ടായി ഫ്ലിപ്പ്കാർട്ട് പറയുന്നത്. എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പഴക്കം, പ്രവർത്തനക്ഷമത എന്നിവയൊക്കെ കണക്കിലെടുത്തായിരിക്കും അന്തിമ മൂല്യം നിശ്ചയിക്കുക.

ഗാലക്സി എ35 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ എച്ച്ഡിആർ ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഒക്ട കോർ എക്സിനോസ് 1380 പ്രോസസർ ആണ് ഗാലക്സി എ35 5ജിയുടെ കരുത്ത്. 8ജിബി റാം, 128ജിബി /256ജിബി ഇൻ്റേണൽ സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.1ൽ ആണ് പ്രവർത്തനം. നാല് വർഷ ഒഎസ് അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഗാലക്സി ഫോണിന് സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. ക്യാമറകളുടെ കാര്യമെടുത്താൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എ35 5ജിയിലുള്ളത്.
ഗാലക്സി എ35 5ജിയുടെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 5MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ട്.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-C, IP67 റേറ്റിങ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയൊക്കെയാണ് സാംസങ് ഗാലക്സി എ35 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ. ഓസം ഐസ്ബ്ലൂ, ഓസം ലിലാക്ക്, ഓസം നേവി കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകുന്നു.


Click it and Unblock the Notifications