വരുന്നു... ഗാലക്‌സി എസ്3 ജൂണില്‍ ഇന്ത്യയിലേക്ക്

Posted By: Staff

വരുന്നു... ഗാലക്‌സി എസ്3 ജൂണില്‍ ഇന്ത്യയിലേക്ക്

സാംസംഗ് ഇന്നലെ അവതരിപ്പിച്ച ഗാലക്‌സി എസ് 3യെക്കുറിച്ച് ഒരു സുപ്രധാന വാര്‍ത്തറിഞ്ഞോ? ഒട്ടും വൈകാതെ ഈ സ്മാര്‍ട്‌ഫോണ്‍ വിസ്മയം ഇന്ത്യയിലേക്ക് വരുന്നു. ഒരു മാസത്തെ കാത്തിരിപ്പ് മാത്രം മതി ജൂണ്‍ ആദ്യ ആഴ്ച തന്നെ ഇന്ത്യ ഗാലക്‌സി എസ്3യെ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗാലക്‌സി നെക്‌സസ് ഇന്ത്യയില്‍ അവതരിപ്പിക്കാത്തതിന് സാംസംഗ് ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞ കാരണം ഓര്‍മ്മയില്ലേ? ഗാലക്‌സി നെക്‌സസ് ഇന്ത്യയിലെത്തില്ല പകരം ഒരു പുതിയ വിസ്മയത്തെ പ്രതീക്ഷിക്കൂ എന്ന്, അത് ഗാലക്‌സി എസ്3യെക്കുറിച്ചാണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു ഇപ്പോള്‍.

ലണ്ടനില്‍ നടന്ന ചടങ്ങില്‍ വെച്ച് സാംസംഗ് തന്നെയാണ് ഗാലക്‌സി എസ്3 ആദ്യമെത്തുന്ന രാജ്യങ്ങളില്‍ ഇന്ത്യയും പെടുമെന്ന് അറിയിച്ചത്. യൂറോപ്പില്‍ മെയ് 29ന് ആദ്യമായി എത്തുന്ന ഈ സ്മാര്‍ട്‌ഫോണ്‍ അത് കഴിഞ്ഞ ദിവസങ്ങള്‍ക്കകം ഇന്ത്യയിലവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഏകദേശം 38,000 രൂപയാണ് നമ്മുടെ രാജ്യത്ത് എസ്3യ്ക്ക് വരികയെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ ലണ്ടനില്‍ വെച്ചാണ് ആപ്പിളിന്റെ ഉത്പന്നാവതരണം പോലെ ഗംഭീരമായ ഒരു ചടങ്ങില്‍ വെച്ച് ഗാലക്‌സി എസ്3യെ കൊറിയന്‍ കമ്പനിയായ സാംസംഗ് അവതരിപ്പിച്ചത്.

സാംസംഗിന് നേരെയുള്ള ഇന്ത്യന്‍ ഉപഭോക്താക്കളുടെ അതൃപ്തി കുറക്കുകയാകും ഗാലക്‌സി എസ്3യെ അവതരിപ്പിക്കുന്നതിലൂടെ കമ്പനിയുടെ പ്രധാന ലക്ഷ്യം. കാരണം ഗൂഗിള്‍-സാംസംഗ് കൂട്ടുകെട്ടില്‍ പിറന്ന സാംസംഗ് ഗാലക്‌സി നെക്‌സസ് ആദ്യമെല്ലാം ഇന്ത്യയിലും ഉടന്‍ അവതരിപ്പിക്കുമെന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത്. എന്നാല്‍ ഒടുവില്‍ ഈ ഉത്പന്നത്തിന്റെ ഇന്ത്യാ അവതരണം ഇനിയുണ്ടാകില്ലെന്ന കമ്പനിയുടെ ഔദ്യോഗിക ട്വിറ്റര്‍ പോസ്റ്റ് ഉപയോക്താക്കളെ നിരാശരാക്കുകയായിരുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot