അനിയൻ വന്നത് നന്നായി! ഗാലക്സി S25 എത്തിയതോടെ S24 മോഡലിന് 24,499 രൂപ വില കുറഞ്ഞു
സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോൺ സീരീസായ ഗാലക്സി എസ്25 സീരീസ് ജനുവരി 22ന് ഇന്ത്യയിലും ആഗോള തലത്തിലും ലോഞ്ച് ചെയ്യുകയുണ്ടായി. ഇവയുടെ ഷിപ്പിങ് ഫെബ്രുവരി 7 മുതൽ ആണ് ആരംഭിക്കുക. എന്നാൽ ഏറ്റവും പുതിയ ഗാലക്സി എസ് സീരീസ് ഫോണുകൾ വന്നിതിന് പിന്നാലെ തന്നെ മുൻഗാമിയായ ഗാലക്സി എസ്24 സീരീസിലെ മോഡലുകൾക്ക് വിലക്കുറവ് ലഭ്യമായിരിക്കുന്നു. സാംസങ് ഗാലക്സി എസ്24 സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡലായ ഗാലക്സി എസ്24 (Samsung Galaxy S24 5G) ഇപ്പോൾ ലോഞ്ച് വിലയെക്കാൾ ഏതാണ്ട് 24,499 രൂപ വിലക്കുറവിൽ വാങ്ങാൻ ഉപയോക്താക്കൾക്ക് അവസരമുണ്ട്.
കഴിഞ്ഞ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഗാലക്സി എസ്24 മോഡൽ 256 ജിബി, 512 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ആണ് ലഭ്യമായിരുന്നത്. അതിൽ 8ജിബി+ 256ജിബി വേരിയന്റിന് 79,999 രൂപയും 8 GB+ 512GB വേരിയന്റിന് 89,999 രൂപയും ആയിരുന്നു വില. ഇത് കൂടാതെ പിന്നീട് ഈ മോഡലിന്റെ 8ജിബി+ 128ജിബി വേരിയന്റ് 74,999 രൂപ വിലയിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു.

ഇപ്പോൾ പുതിയ ഗാലക്സി എസ്25 സീരീസ് മോഡൽ ലോഞ്ച് ചെയ്യപ്പെട്ടതോടെ ഗാലക്സി എസ്24 ന്റെ മോഡലുകൾക്ക് വൻ വിലക്കുറവ് ലഭ്യമായിട്ടുണ്ട്. അതിൽ ഏറ്റവും വലിയ ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നത് എസ്24 ന്റെ 256ജിബി വേരിയന്റിനാണ്. 24,4999 രൂപ വിലക്കുറവിൽ ഈ ഫോൺ ഇപ്പോൾ ആമസോണിൽ വിൽക്കുന്നുണ്ട്.
അതായത് സാംസങ് ഗാലക്സി എസ്24 5ജിയുടെ 8GB, 256GB (Onyx Black) വേരിയന്റ് ആമസോണിൽ ഇപ്പോൾ വെറും 55500 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ യഥാർഥ ലോഞ്ച് വില 79,999 രൂപയാണ്. യാതൊരു ബാങ്ക് ഡിസ്കൗണ്ടും കൂടാതെ തന്നെ ഇവിടെ 24499 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ട് ഉപയോക്താവിന് ലഭ്യമാകുന്നുണ്ട്.

അതിനാൽ പ്രീമിയം ലെവൽ എക്സ്പീരിയൻസ് ലഭിക്കുന്ന ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് സാംസങ്ങിന്റെ മുൻ നിര സീരീസായ ഗാലക്സി എസ് സീരീസിൽപ്പെടുന്ന ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന കാര്യം ഇപ്പോൾ പരിഗണിക്കാവുന്നതാണ്. ഏറ്റവും പുതിയ ഗാലക്സി എസ്25 സീരീസ് ഫോൺ വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർ ഒരു ആഴ്ച കൂടി കാത്തിരിക്കണം.
പുതിയ സാംസങ് ഗാലക്സി എസ്25 സീരീസിലെ ഗാലക്സി എസ്25 മോഡലിന്റെ 12GB + 256G അടിസ്ഥാന വേരിയന്റിന് 80,999 രൂപയാണ് വില. ഇതിന്റെ 12GB+ 512GB വേരിയന്റിന് 92,999 രൂപ നൽകണം. അതായത് ഗാലക്സി എസ്24ന്റെ 256ജിബി മോഡൽ വാങ്ങുന്നതിനെക്കാൾ 25,499 രൂപ അധികമായി നൽകിയാൽ മാത്രമേ ഗാലക്സി എസ്25 ന്റെ 256ജിബി മോഡൽ സ്വന്തമാക്കാനാകൂ.
ഗാലക്‌സി എസ്24 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.2 ഇഞ്ച് ഫുൾ-എച്ച്‌ഡി + ഡൈനാമിക് അമോലെഡ് സ്‌ക്രീൻ, 120 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റ്, 2600nits വരെ ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ, Xclipse 940 GPU ഉള്ള എക്‌സിനോസ് 2400 ചിപ്‌സെറ്റ് കരുത്ത് എന്നിവ ഇതിലുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എസ്24ൽ സാംസങ് ഒരുക്കിയിട്ടുള്ളത്. 50MP പ്രൈമറി ക്യാമറ, 12MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 30 എക്‌സ് ഡിജിറ്റൽ സൂം, 3x ഒപ്റ്റിക്കൽ സൂം ഉള്ള 10MP ടെലിഫോട്ടോ സെൻസർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഫ്രണ്ട് ക്യാമറ 12MPയാണ്.
IP68 റേറ്റിങ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 5G, 4G LTE, ബ്ലൂടൂത്ത് 5.3, വൈഫൈ 6e, NFC എന്നിവയൊക്കെയാണ് ഗാലക്സി എസ്24 5ജിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,000mAh ബാറ്ററിയാണ് ഗാലക്സി S24 പായ്ക്ക് ചെയ്യുന്നത്. ക്വി വയർലെസ് ചാർജിംഗും വയർലെസ് പവർഷെയറും ഇതിലുണ്ട്.


Click it and Unblock the Notifications








