കേട്ടറിവിനെക്കാൾ വലിയ സത്യങ്ങൾ കാണാം! ഗാലക്സി S25 അൾട്ര വരുന്നു; തിയതി പ്രഖ്യാപിച്ച് സാംസങ്, റിസർവേഷൻ തുടങ്ങി
സ്മാർട്ട്ഫോൺ ആരാധകർ ഒന്നാകെ കാത്തിരുന്ന ആ പ്രഖ്യാപനം ഒടുവിൽ എത്തിയിരിക്കുന്നു. ഏറ്റവും പുതിയ സാംസങ് ഗാലക്സി എസ് സീരീസ് ലോഞ്ച് ചെയ്യുന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവൻ്റ് (Samsung Galaxy Unpacked event 2025) തിയതി സാംസങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജനുവരി 22-ന് സാൻ ജോസിൽ ആണ് ഇവന്റ് നടക്കുക. ഇന്ത്യയിൽ ജനുവരി 22-ന് രാത്രി 11.30-ന് ആണ് ഇവന്റ് കാണാനാകുക. Samsung.com, സാംസങ് ന്യൂസ് റൂം, സാംസങ്ങിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ എന്നിവ വഴി ഇവന്റ് ലൈവായി കാണാനാകും.
ഇത്തവണത്തെ ഗാലക്സി എസ് സീരീസിൽ നാല് ഫോണുകൾ ഉണ്ടാകും എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു എങ്കിലും അതിൽ ഗാലക്സി എസ്25 സ്ലിം മോഡൽ ഏതാനും മാസങ്ങൾക്ക് ശേഷം മാത്രമേ ലോഞ്ച് ചെയ്യൂ. അതിനാൽ ഇപ്പോൾ നടക്കാൻ പോകുന്ന ഇവന്റിൽ പതിവ് മോഡലുകൾ ആണ് പുറത്തിറങ്ങുക.

സാംസങ് ഗാലക്സി എസ്25, ഗാലക്സി എസ്25 പ്ലസ്, ഗാലക്സി എസ്25 അൾട്ര എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകളാണ് പുതിയ ഗാലക്സി എസ്25 സീരീസിന്റെ ഭാഗമായി ഗാലക്സി അൺപാക്ക്ഡ് ഇവന്റിൽ അവതരിപ്പിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒട്ടനവധി മികച്ച ഫീച്ചറുകൾ ഈ പ്രീമിയം സീരീസിൽ പ്രതീക്ഷിക്കാമെങ്കിലും എഐ ഫീച്ചറുകളിലാണ് സാംസങ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
എസ്25 സീരീസ് ഫോണുകളെക്കുറിച്ചും പ്രത്യേകിച്ച് എസ്25 അൾട്രയെക്കുറിച്ചും ഒട്ടനവധി ലീക്ക് റിപ്പോർട്ടുകൾ ഇതിനകം വന്നിട്ടുണ്ട്. എന്നാൽ കേട്ടറിവിനെക്കാൾ വലിയ സത്യങ്ങൾ ഗാലക്സി അൺപാക്ക്ഡ് ഇവന്റ് നടക്കുന്ന ജനുവരി 22ന് നേരിട്ട് കാണാനാകും. സാംസങ് ഇന്ത്യ സ്റ്റോറിൽ ഗാലക്സി എസ്25 സീരീസ് ഫോണുകൾക്കായുള്ള മുൻകൂർ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

1999 രൂപ നൽകി ഉപയോക്താക്കൾക്ക് ഇപ്പോൾ സാംസങ് ഗാലക്സി എസ്25 സീരീസ് ഫോണുകൾ പ്രീ റിസർവ് ചെയ്യാം. ഇവർക്ക് 5000 രൂപ മൂല്യമുള്ള ആനുകൂല്യങ്ങൾ ലഭ്യമാകുമെന്ന് സാംസങ് വാഗ്ദാനം ചെയ്യുന്നു. , 2025 ജനുവരി 22 വരെ അല്ലെങ്കിൽ പ്രീ-ബുക്കിംഗ് ആരംഭിക്കുന്നത് വരെ പ്രീ-റിസർവേഷൻ ലഭ്യമായിരിക്കുമെന്ന് സാംസങ് അറിയിച്ചു.
ഇവന്റ് തിയതി വെളിപ്പെടുത്തിയതിനപ്പുറം, വരാൻ പോകുന്ന ഫോണുകളുടെ വിവരങ്ങളൊന്നും സാംസങ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഇതിനകം വന്ന ലീക്ക് റിപ്പോർട്ടുകൾ ഗാലക്സി എസ്25 സീരീസിൽ എന്തൊക്കെ പ്രതീക്ഷിക്കാം എന്നത് സംബന്ധിച്ച സൂചനകൾ നൽകുന്നുണ്ട്. ഈ എസ്25 സീരീസിലെ എല്ലാ മോഡലുകളും പുതിയ ക്വാൽക്കോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് കരുത്തിലാകും എത്തുകയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സാംസങ് ഗാലക്സി എസ്25 അൾട്ര (Samsung Galaxy S25 Ultra) മോഡലിൽ പുതിയ 50MP 3x ടെലിഫോട്ടോ ക്യാമറയും 50MP അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെടെയുള്ള നവീകരണങ്ങൾ ഉണ്ടാകും. കൂടാതെ അൾട്രാ മോഡലിൻ്റെ 512GB, 1TB വേരിയൻ്റുകൾക്ക് 16GB വരെ റാമും ലഭിക്കുമെന്നും ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.

Qi2 25 വാട്ട് വയർലെസ് ഫാസ്റ്റ് ചാർജിങ് പുതിയ എസ്25 സീരീസിൽ പ്രതീക്ഷിക്കുന്നു. ഇതിനായി മാഗ്നറ്റിക് ചാർജിംഗ് കേസ് സാംസങ് അവതരിപ്പിച്ചേക്കും. ഇതുവഴി ഫോണുകൾക്ക് Qi2 വയർലെസ് ചാർജിംഗ് പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാകും ഗാലക്സി എസ്25 സീരീസ് പ്രവർത്തിക്കുക. കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








