ഗാലക്സി എസ്25 സീരീസിനൊപ്പം S25 സ്ലിം മോഡലും വരുന്നു; ലഭ്യമാകുന്ന രാജ്യങ്ങളിൽ ഇന്ത്യയും! ഇവന്റ് 22ന്
ഏറ്റവും പുതിയ സാംസങ് ഗാലക്സി എസ്25 സീരീസ് അവതരിപ്പിക്കപ്പെടാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ ഘട്ടത്തിൽ സാംസങ് ആരാധകരെയും സ്മാർട്ട്ഫോൺ പ്രേമികളെ ഒന്നാകെയും സന്തോഷിപ്പിക്കുന്ന ഒരു വാർത്തകൂടി എത്തിയിട്ടുണ്ട്. ജനുവരി 22ന് നടക്കുന്ന സാംസങ് ഗാലക്‌സി അൺപാക്ക്ഡ് ഇവൻ്റ് 2025ൽ (Samsung Galaxy Unpacked event 2025) നാല് സ്മാർട്ട്ഫോണുകൾ ഉണ്ടാകുമെന്നും നാലാമനായി ഗാലക്സി എസ്25 സ്ലിം മോഡൽ അവതരിപ്പിക്കപ്പെടുമെന്നും പുതിയ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഇത്തവണ എസ്25 സീരീസിൽ ഒരു സ്ലിം മോഡൽ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നതാണ്, എന്നാലത് മേയിലാകും ലോഞ്ച് ചെയ്യുക എന്നാണ് പറയപ്പെട്ടിരുന്നത്.
പക്ഷേ ഏറ്റവും പുതിയ ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് ഗാലക്സി അൺപാക്ക്ഡ് ഇവന്റിൽ 4 മോഡലുകളും അവതരിപ്പിക്കപ്പെടും എന്നാണ്. എങ്കിലും ഈ വർഷം മെയ് മാസത്തോടെയേ സ്ലിം മോഡൽ ലഭ്യമാകൂ എന്നും കരുതപ്പെടുന്നു. ഈ പുതിയ മോഡൽ ലഭ്യമാകുന്ന രാജ്യങ്ങളുടെ പട്ടികയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അതിൽ ഇന്ത്യയും ഉൾപ്പെടുന്നു എന്നതാണ് സന്തോഷകരമായ മറ്റൊരു കാര്യം.

എസ്25 സ്ലിം (Galaxy S25 Slim) ലഭ്യമാകുന്ന രാജ്യങ്ങൾ: ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ഓസ്ട്രിയ, ബ്രസീൽ, കോക്കസസ്, ക്രൊയേഷ്യ, ഈജിപ്റ്റ്, ഫ്രാൻസ്, ഇറാഖ്, അയർലൻഡ്, ഇസ്രായേൽ, കസാക്കിസ്ഥാൻ, കെനിയ, ലിബിയ, മലേഷ്യ, മെക്സിക്കോ, മൊറോക്കോ, നൈജീരിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, പോളണ്ട്, പോർച്ചുഗൽ, റഷ്യ, സൗദി അറേബ്യ, സെനഗൽ, സെർബിയ/മോണ്ടിനെഗ്രോ, സിംഗപ്പൂർ, സ്ലോവേനിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, സ്വിറ്റ്സർലൻഡ്, തായ്‌ലൻഡ്, ടുണീഷ്യ, തുർക്കി, യുഎഇ, യുണൈറ്റഡ് കിംഗ്ഡം, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം.
ഈ രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്ക ഉൾപ്പെടുന്നില്ല. എസ്25 മോഡൽ യുഎസിൽ അവതരിപ്പിച്ചേക്കില്ല എന്നാണ് ടിപ്‌സ്റ്റർ ഇവാൻ ബ്ലാസ് പറയുന്നത്. നാളെ നടക്കുന്ന സാംസങ് അൺപാക്ക്ഡ് ഇവന്റിൽ നാല് ഡിവൈസുകൾ ഉണ്ടാകും എന്ന് സൂചന നൽകിയിട്ടുണ്ടെങ്കിലും ലോഞ്ച് ചെയ്യുന്ന ഫോണുകളുടെ വിവരങ്ങൾ സാംസങ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

എന്തായാലും നാളെ നടക്കുന്ന ലോഞ്ച് ഇവന്റിൽ എല്ലാവരുടെയും ശ്രദ്ധ എസ്25 അൾട്രയിൽ നിന്ന് മാറി വരാൻ പോകുന്ന എസ്25 സ്ലിം മോഡലിലേക്ക് എത്തിയിട്ടുണ്ട്. ഗാലക്സി എസ്25 സീരീസിൽ പ്രധാനമായും ഗാലക്‌സി എസ് 25, ഗാലക്‌സി എസ് 25 +, എസ്25 അൾട്ര എന്നീ ഫോണുകളാണ് ഉണ്ടാകുക. ഇത്തവണ നാലാമനായി എസ്25 സ്ലിം അധികമായി ഉൾപ്പെടുത്തിയിരിക്കുന്നു.
സാംസങ്ങിന്റെ പ്രധാന എതിരാളിയായ ആപ്പിൾ തങ്ങളുടെ ഐഫോണുകളുടെ കൂട്ടത്തിലേക്ക് ഐഫോൺ 17 എയർ എന്നൊരു ഫോൺ ഇറക്കാൻ തയാറെടുക്കുന്നുണ്ട്. ഇതിന് ബദൽ എന്ന നിലയിൽക്കൂടിയാണ് ആപ്പിളിനും ഒരു മുഴം മുൻപേ സാംസങ് എസ്25 സ്ലിം അവതരിപ്പിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഗാലക്‌സി എസ് 25 സ്ലിം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് കരുത്തിലാകും എത്തുക.
സ്ലിം മോഡൽ ആയതിനാൽ തന്നെ ഫോണിന്റെ വലിപ്പം അധികം കൂട്ടാതെ തന്നെ മികച്ച ക്യാമറയൂണിറ്റ് സജ്ജമാക്കാനാകുന്ന ഏറ്റവും പുതിയ ALoP (ഓൾ ലെൻസസ് ഓൺ പ്രിസം) ടെക്നോളജി പിന്തുണയോടെയാകും എസ്25 സ്ലിം മോഡൽ എത്തുകയെന്ന് മുൻ റിപ്പോർട്ടുകൾ പറയുന്നു. ലളിതമായി പറഞ്ഞാൽ, ക്യാമറ മൊഡ്യൂളിൻ്റെ വലുപ്പം കുറയ്ക്കാൻ സഹായിക്കുന്ന, ടെലിഫോട്ടോ ക്യാമറകൾക്കായുള്ള ഒരു മികച്ച രൂപകൽപ്പനയാണ് ALoP.

മികച്ച സൂം ശേഷി നിലനിർത്തിക്കൊണ്ട് ഗാലക്‌സി എസ് 25 സ്ലിം വളരെ ചെറിയ ക്യാമറ ബമ്പ് അവതരിപ്പിക്കും. 3.5x ഒപ്റ്റിക്കൽ സൂം ഉള്ള പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 200 മെഗാപിക്‌സൽ ISOCELL HP5 മെയിൻ സെൻസർ, 50 മെഗാപിക്‌സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയാകും ഇതിലെ ക്യാമറ മൊഡ്യൂളിൽ ഉണ്ടാകുക എന്നാണ് പറയപ്പെടുന്നത്. വിശദ വിവരങ്ങൾ നാളെ നടക്കുന്ന ഗാലക്സി അൺപാക്ക്ഡ് ഇവന്റിൽ വെളിപ്പെടും.
നാളെ (ജനുവരി 22-ന്) സാൻ ജോസിൽ ആണ് ഗാലക്സി അൺപാക്ക്ഡ് ഇവന്റ് നടക്കുക. ഇന്ത്യയിൽ 22-ന് രാത്രി 11.30-ന് ആണ് ഇവന്റ് കാണാനാകുക. Samsung.com, സാംസങ് ന്യൂസ് റൂം, സാംസങ്ങിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ എന്നിവ വഴി ഇവന്റ് ലൈവായി കാണാനാകും.


Click it and Unblock the Notifications








