ഗാലക്‌സി എസ്3യ്ക്ക് 90 ലക്ഷം പ്രീ ഓര്‍ഡറുകള്‍

Posted By: Staff

ഗാലക്‌സി എസ്3യ്ക്ക് 90 ലക്ഷം പ്രീ ഓര്‍ഡറുകള്‍

ഗാലക്‌സി എസ്3 സ്മാര്‍ട്‌ഫോണ്‍ ആവശ്യപ്പെട്ട് 90 ലക്ഷം പ്രീ-ഓര്‍ഡറുകള്‍ സാംസംഗിന് ഇത് വരെ ലഭിച്ചു. മെയ് 3 ന് പുറത്തിറക്കിയ ഈ ആന്‍ഡ്രോയിഡ് ഐസിഎസ് സ്മാര്‍ട്‌ഫോണ്‍ 29ന് ആദ്യമായി ജര്‍മ്മന്‍ വിപണിയിലാണ് വില്പനക്കെത്തിക്കുക. ഇതിനെ കാത്തിരിക്കുന്ന മറ്റൊരു പ്രധാന വിപണി ഇന്ത്യയാണ്. ജൂണ്‍ ആദ്യവാരത്തിലാണ് ഗാലക്‌സി എസ്3യെ ഇന്ത്യ പ്രതീക്ഷിക്കുന്നത്.

ഗൂഗിളിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷനായ ഐസ്‌ക്രീം സാന്‍ഡ്‌വിച്ചില്‍ പുറത്തിറങ്ങുന്ന ഗാലക്‌സി എസ്3യില്‍ 4.8 ഇഞ്ച് സ്‌ക്രീന്‍, ക്വാഡ് കോര്‍ പ്രോസസര്‍, എന്‍എഫ്‌സി പേയ്‌മെന്റ്, ഫെയ്‌സ് റെക്കഗ്നിഷന്‍ സൗകര്യങ്ങള്‍ എന്നിവ കമ്പനി അവതരിപ്പിക്കുന്നുണ്ട്.

ആപ്പിള്‍ ഐഫോണ്‍ 4എസിന്റെ എതിരാളിയായി വിപണിയിലെത്തുന്ന എസ്3 മികച്ച സൗകര്യങ്ങളെ ഉള്‍പ്പെടുത്തിയാണ് ആപ്പിള്‍ പ്രേമികളുടെ പോലും ശ്രദ്ധ നേടുന്നത്. ഐഫോണ്‍ 4എസില്‍ സിരി ശബ്ദനിയന്ത്രിത പ്രോഗ്രാമിനെ ആപ്പിള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അത്തരമൊരു അനുഭവം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ സാംസംഗ് ഗാലക്‌സി എസ്3യില്‍ അവതരിപ്പിച്ച സൗകര്യമാണ് എസ് വോയ്‌സ്. ഉപയോക്താവിന്റെ ശബ്ദനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് ഈ പ്രോഗ്രാമിന്റേയും കടമ.

ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിന് ഒരുഗ്രന്‍ പണി കൊടുത്താണ് സാംസംഗ് അതിന്റെ ഗാലക്‌സി ബ്രാന്‍ഡുമായി ജൈത്രയാത്ര ആരംഭിച്ചത്. ആദ്യപാദത്തിലെ കണക്കുപ്രകാരം ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ എന്ന സ്ഥാനമാണ് ആപ്പിളിനെ വെല്ലുവിളിച്ച് സാംസംഗ് കരസ്ഥമാക്കിയത്. ഗാലക്‌സി മോഡല്‍ ഫോണുകളാണ് ഈ പദവിയിലേക്ക് കമ്പനിയെ എത്തിച്ചതും.

ഇപ്പോള്‍ സാംസംഗ് സ്മാര്‍ട്‌ഫോണിനുണ്ടായിരിക്കുന്ന വന്‍ഡിമാന്റ് സമയബന്ധിതമായി ലഭ്യമാക്കാന്‍ ഫോണിന്റെ ഉത്പാദനവും ഉയര്‍ത്തിയതായി കമ്പനിയുടെ പേര് വെളിപ്പെടുത്താത്ത ഒരു പ്രതിനിധി അവകാശപ്പെട്ടു. ദക്ഷിണകൊറിയയിലെ ഫാക്റ്ററിയില്‍ 50 ലക്ഷം സ്മാര്‍ട്‌ഫോണ്‍ യൂണിറ്റുകള്‍ പ്രതിമാസം സാംസംഗ് ഉത്പാദിപ്പിക്കുന്നതായാണ് ഈ പ്രതിനിധി നല്‍കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot