ഓരോ 'പണി ഒപ്പിച്ച്' പണിക്കാർ! ചാറ്റ്ജിപിടി മോഡലിൽ സ്വന്തം എഐ സൃഷ്ടിക്കാൻ സാംസങ്
വിവിധ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെയും മറ്റും നിർമാണവുമായി ടെക്നോളജി രംഗത്ത് ഏറെ പ്രശസ്തമായ രീതിയിൽ പ്രവർത്തിച്ചുവരുന്ന സാംസങ് തങ്ങളുടെ ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി ചാറ്റ്ജിപിടിക്ക് സമാനമായ എഐ പ്ലാറ്റ്ഫോം സ്വന്തമായി നിർമിക്കാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. കോഡിങ് അടക്കമുള്ള പ്രവൃത്തികളും കമ്പനിക്കുള്ളിലെ മറ്റുപല ജോലികളും നിർവഹിക്കാൻ സാധിക്കുംവിധമാകും എഐ പ്രയോജനപ്പെടുത്തുക.
ജീവനക്കാരെ സഹായിക്കാനാണ് ഇത്തരമൊരു പദ്ധതിയിലേക്ക് സാംസങ് കടന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. കമ്പനിക്കുള്ളിലെ ആഭ്യന്തര കാര്യങ്ങൾ നിർവഹിക്കാൻ മാത്രം സാധിക്കും വിധത്തിലുള്ള എഐ സംവിധാനമാണ് സാംസങ് ലക്ഷ്യമിടുന്നത്. അതിനാൽത്തന്നെ പൊതുജനങ്ങൾക്ക് സാംസങ്ങിന്റെ ഈ നിർദിഷ്ട എഐ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ സാധിക്കില്ല എന്നാണ് വിവരം.

കമ്പനിക്കുള്ളിലെ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്നതിനാൽ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മേൽനോട്ടം നടത്താൻ സാധിക്കും എന്നതിനാലാണ് സ്വന്തം എഐ സംവിധാനം ഒരുക്കാൻ സാംസങ് തയാറായിരിക്കുന്നത്. ചാറ്റ്ജിപിടി ഏറെ വൈറലായി ഘട്ടത്തിൽ സാംസങ് തങ്ങളുടെ സെർവറുകളിൽ അവ നിരോധിച്ചിരുന്നു. പക്ഷേ പിന്നീട് ഈ നിരോധനം നീക്കി.
ഇത് മുതലെടുത്ത ജീവനക്കാർ കമ്പനിയുടെ പണി എളുപ്പമാക്കാൻ ചാറ്റ്ജിപിടിയുടെ സേവനങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. പലരും കമ്പനിയുടെ നിർണായകമായ പല വിവരങ്ങളും ചാറ്റ്ജിപിടിക്ക് നൽകി. ഇത് വൻ സുരക്ഷാഭീഷണിയാണ് സാംസങ്ങിന് വരുത്തിവച്ചിരിക്കുന്നത്. തൊഴിലാളികൾ കാണിച്ച മണ്ടത്തരം അറിഞ്ഞ സാംസങ് ചാറ്റ്ജിപിടി തങ്ങളുടെ സെർവറുകളിൽ വീണ്ടും നിരോധിക്കാൻ തയാറെടുക്കുന്നതായാണ് ദി ഇക്കണോമിസ്റ്റ് കൊറിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, തങ്ങളുടെ ജോലി എളുപ്പമാക്കാനുള്ള ശ്രമത്തിനിടെ സാംസങ്ങിന്റെ അടിവേരിളക്കുന്ന ഏറെ നിർണായകമായ വിവരങ്ങളാണ് ജീവനക്കാർ ചാറ്റ്ജിപിടിക്ക് നൽകിയിരിക്കുന്നത്. ചാറ്റ്ജിപിടിയുടെ സഹായത്തോടെ ഒരു ബഗ്ഗി കോഡ് ശരിയാക്കാനാണ് ചില ജീവനക്കാർ ശ്രമിച്ചത്. മറ്റൊരാളാകട്ടെ സാംസങ്ങിന്റെ നിർണായക തീരുമാനങ്ങൾ അടങ്ങുന്ന മീറ്റിങ്ങിന്റെ റിപ്പോർട്ട് തയാറാക്കാനാണ് ചാറ്റ്ജിപിടിയുടെ സഹായം തേടിയത്.

ഇതിനായി ജീവനക്കാരൻ തന്റെ സ്മാർട്ട്ഫോണിൽ റെക്കോർഡ് ചെയ്ത മീറ്റിംഗിന്റെ ഉള്ളടക്കം നേവർ ക്ലോവ ആപ്ലിക്കേഷൻ വഴി ഒരു ഡോക്യുമെന്റ് ഫയലാക്കി മാറ്റി. തുടർന്ന് ഇത് ചാറ്റ്ജിപിടിയിലേക്ക് നൽകുകയും മീറ്റിംഗ് റിപ്പോർട്ട് തയാറാക്കാൻ അഭ്യർത്ഥിക്കുകയായിരുന്നു എന്നുമാണ് വിവരം. ഇക്കാര്യങ്ങൾ കമ്പനി അറിഞ്ഞതോടെയാണ് വീണ്ടും ചാറ്റ്ജിപിടിക്ക് നിരോധനം ഏർപ്പെടുത്താൻ തയാറെടുത്തിരിക്കുന്നത്.
ഉപയോക്താക്കൾ തങ്ങളുടെ നിർണായകമായ വിവരങ്ങൾ ചാറ്റ്ജിപിടിയുമായി പങ്കുവയ്ക്കരുത് എന്ന് ചാറ്റ്ജിപിടിയുടെ ഉടമകളായ ഓപ്പൺഎഐ തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. എല്ലാ മുന്നറിയിപ്പുകളും മറികടന്നാണ് സാംസങ്ങിന്റെ ജീവനക്കാർ കമ്പനിവിവരങ്ങൾ ചാറ്റ്ജിപിടിക്ക് നൽകിയത്. ഇത് വൻ സുരക്ഷാവീഴ്ചയാണ് എന്ന് സാംസങ് കണ്ടെത്തി. തുടർന്ന് ചാറ്റ്ജിപിടിയെപ്പറ്റി മുന്നറിയിപ്പ് നൽകുന്ന ഒരു കുറിപ്പ് കമ്പനി ജീവനക്കാർക്ക് അയച്ചതായാണ് വിവരം.
ചാറ്റ്ജിപിടി ഉപയോഗിക്കുമ്പോൾ ബാഹ്യ സെർവറുകളിൽ സാംസങ്ങിന്റെ ഡാറ്റ സംഭരിക്കപ്പെടുമെന്നും ഭാവിയിൽ ചാറ്റ്ബോട്ടുകൾക്ക് വിവരങ്ങൾ പകർത്താൻ കഴിയുമെന്നും സാംസങ് തൊഴിലാളികൾക്ക് നൽകിയ മുന്നറിയിപ്പ് കുറിപ്പിൽ പറയുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ സംഭവത്തിന് പിന്നാലെയാണ് കമ്പനിക്കുള്ളിലെ ജോലി എളുപ്പമാക്കുന്നതിന് എഐ സ്വന്തം എഐ സംവിധാനം കൊണ്ടുവരാനുള്ള സാംസങ് തീരുമാനം പുറത്തുവന്നിരിക്കുന്നത്.

കോഡിങ് പോലുള്ള കാര്യങ്ങൾക്ക് ജീവനക്കാരെ സഹായിക്കാനാണ് ചാറ്റ്ജിപിടി മോഡലിൽ എഐ സാംസങ് സംവിധാനം ഒരുക്കുന്നത്. തങ്ങളുടെ ചിപ്പ് നിർമാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ വൻ പുരോഗതിയും ഗുണപരമായ മാറ്റവും കൊണ്ടുവരാൻ എഐക്ക് സാധിക്കും എന്നാണ് സാംസങ് വിശ്വസിക്കുന്നത്. എന്നാൽ പുതിയ എഐയുടെ സൃഷ്ടിക്കാനുള്ള നീക്കം ഇതിനോടകം സാംസങ് ആരംഭിച്ചോ എന്ന് വ്യക്തമല്ല.
എല്ലാ എക്സിക്യൂട്ടീവുകൾക്കുമായി കഴിഞ്ഞ മാസം, കമ്പനി ഒരു ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചിരുന്നു. ചാറ്റ്ജിപിടിയും എഐയുടെ ഭാവിസാധ്യതകളും പ്രധാന ചർച്ചയായ സെമിനാറിൽ എഐയുടെ പ്രാധാന്യവും അത് പ്രയോജനപ്പെടുത്തേണ്ടതിന്റെ അനിവാര്യതയും സാംസങ് ഇലക്‌ട്രോണിക്‌സ് വൈസ് ചെയർപേഴ്‌സൺ ഹാൻ ജോങ്-ഹീ പ്രത്യേകം എടുത്തുപറഞ്ഞിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
നിലവിൽ ടെക്നോളജി രംഗത്തെ വൻ കമ്പനികൾ എല്ലാം എഐ കരുത്ത് കൂട്ടാനുള്ള ശ്രമങ്ങളിലാണ്. ഓപ്പൺഎയുടെ ചാറ്റ്ജിപിടി വൈറൽ ആയതിനു പിന്നാലെ മൈക്രോസോഫ്ട് തങ്ങളുടെ ബിങ്ങിൽ അത് ഉപയോഗപ്പെടുത്തുകയും പുനരവതരിപ്പിക്കുകയും ചെയ്തിരുന്നു. സെർച്ചിങ്ങിൽ ഗൂഗിളിന് ശക്തമായ വെല്ലുവിളിയാണ് എഐ പിന്തുണയുള്ള ബിങ് ഉയർത്തിയത്.
അധികം വൈകാതെ സ്വന്തം എൽഎൽഎം ആയ ലാംഡ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബാർഡ് എഐ അവതരിപ്പിച്ച് ഗൂഗിളും രംഗത്തെത്തി. ഫെയ്സ്ബുക്കും സാം എന്ന് പേരിട്ടിരിക്കുന്ന എഐ സേവനം തങ്ങളുടെ പ്ലാറ്റ്ഫോമുകളിലേക്ക് ഉടൻ എത്തിക്കാൻ തയാറെടുക്കുകയാണ്. ഇവർക്ക് പുറമെ മറ്റ് നിരവധി ടെക് കമ്പനികൾ ഇത്തരത്തിൽ എഐ സേവനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications