വീഡിയോ കോളിങ്, സോളാർ റിമോട്ട് എന്നിവ സഹിതം 4കെ ടിവി പുറത്തിറക്കി സാംസങ്! വില കേട്ടാലേ കൊതിവരും!
സ്മാർട്ട് ടിവികൾ വീടുകളുടെ അലങ്കാരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു സ്മാർട്ട്ഫോൺ പോലെ, അല്ലെങ്കിൽ ഒരു കമ്പ്യൂട്ടർ പോലെ, സ്മാർട്ട് ഫീച്ചറുകളാൽ സമ്പന്നമായാണ് ഇപ്പോൾ ടിവികളും എത്തുന്നത്. വിവിധ സ്ക്രീൻ സൈസുകളിൽ ഭാരിച്ച വില നൽകാതെ തന്നെ ഇന്ന് ധാരാളം സ്മാർട്ട് ടിവികൾ ലഭ്യമാണ്.
നമ്മുടെ ആസ്വാദന സങ്കല്പങ്ങളെ തന്നെ മാറ്റി മറിച്ചുകൊണ്ട് സ്മാർട്ട് ടിവികൾ ജനപ്രീതി കൈവരിച്ചുവരുന്നു. ചെറിയ സ്ക്രീനും വലിയ ശരീരവുമുള്ള പരമ്പരാഗത ടിവികളുടെ സ്ഥാനത്ത് സ്ലിം ബ്യൂട്ടിയായിട്ടുള്ള സ്മാർട്ട് ടിവികൾ ഇടം പിടിച്ചുകൊണ്ടിരിക്കുന്നു. പ്രമുഖ ബ്രാൻഡുകളും പുത്തൻ ബ്രാൻഡുകളും ഈ മേഖലയിൽ ഒരുപോലെ മികവ് പുലർത്തുന്നു.

സ്മാർട്ട്ഫോൺ- ഇലക്ട്രോണിക്സ്- ടെക്നോളജി രംഗത്തെ വമ്പൻ കമ്പനികളിലൊന്നായ സാംസങ് ഗൃഹോപകരണ നിർമാണ രംഗത്തും ഇതിനകം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പുത്തൻ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി കിടിലൻ സ്മാർട്ട് ടിവികൾ സാംസങ്ങും പുറത്തിറക്കുന്നു. അത്തരത്തിൽ സാംസങ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ഒരു സ്മാർട്ട് ടിവിയാണ് സാംസങ് ക്രിസ്റ്റൽ വിഷൻ 4K UHD ടിവി.
വീഡിയോ കോളിങ് പിന്തുണ, മൾട്ടി-വോയ്‌സ് അസിസ്റ്റന്റ് ശേഷി, ഇന്റഗ്രേറ്റഡ് IoT ഹബ്, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന റിമോട്ട് തുടങ്ങി ഒരുപിടി മികച്ച ഫീച്ചറുകളുമായാണ് ഈ സാംസങ് സ്മാർട്ട് ടിവി എത്തുന്നത്. മികച്ച ഗെയിമിംഗിനായി വേഗത്തിലുള്ള ഫ്രെയിം ട്രാൻസിഷനും ലോ ലേറ്റൻസിയും ഈ സാംസങ് ടിവി വാഗ്ദാനം ചെയ്യുന്നു.
സാംസങ് ക്രിസ്റ്റൽ വിഷൻ 4കെ സ്മാർട്ട് ടിവിയുടെ സവിശേഷതകൾ: ഡിസ്‌പ്ലേയ്‌ക്ക് ചുറ്റും കുറഞ്ഞ ബെസലുകളുള്ള സുഗമമായ രൂപകൽപ്പനയുമായാണ് ഈ സാംസങ് 4കെ സ്മാർട്ട് ടിവി എത്തുന്നത്. നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്‌സ്റ്റാർ, യൂട്യൂബ് തുടങ്ങി ഒട്ടേറെ ആപ്പുകൾ ഇതിലുണ്ട്. ആൻഡ്രോയിഡ് ടിവി ഒഎസിനുപകരം സാംസങ്ങിന്റെ ടൈസൻ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം.
ഇതിലെ ഡിസ്‌പ്ലേ 50Hz റിഫ്രഷ്റേറ്റും 20W സൗണ്ട് ഔട്ട്‌പുട്ടും നൽകുന്നു. ഈ ടിവിയുടെ റിമോട്ട് സോളാർ സെല്ലുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്, ഡിസ്പോസിബിൾ ബാറ്ററികൾ ഉപയോഗിക്കേണ്ടതില്ല. സെല്ലുകൾ ചാർജ് ചെയ്യുന്നതിനായി റിമോട്ടിന് പിന്നിൽ ഒരു സോളാർ പാനലും നൽകിയിട്ടുണ്ട്. ഗൂഗിൾ മീറ്റ് പോലുള്ള വീഡിയോ കോളിങ് ആപ്പുകൾക്കുള്ള പിന്തുണയും ഈ സാംസങ് ടിവി വാഗ്ദാനം ചെയ്യുന്നു,
വലിയ സ്ക്രീനിൽ വീഡിയോ കോൾ നടത്താമെങ്കിലും ഇതിൽ ഇൻ-ബിൽറ്റ് ക്യാമറയില്ല. അത് ഉപയോക്താവ് പ്രത്യേകം വാങ്ങേണ്ടിവരും. വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് ഈ ടിവി പ്രവർത്തിപ്പിക്കാം. അതിനായി ഒന്നിലധികം വോയ്‌സ് അസിസ്റ്റന്റുകളെ ഈ4K സ്മാർട്ട് ടിവി പിന്തുണയ്‌ക്കുന്നു. സ്മാർട്ട് ഹോം ഉപകരണങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്ന, സ്മാർട്ട്തിങ്സ് ഫീച്ചർ പിന്തുണയും ഈ ടിവി വാഗ്ദാനം ചെയ്യുന്നു.

സാംസങ് ക്രിസ്റ്റൽ വിഷൻ 4K UHD ടിവിയുടെ വിലവിവരങ്ങൾ: മൂന്ന് സ്‌ക്രീൻ സൈസുകളിൽ ആണ് സാംസങ് ഈ 4K സ്മാർട്ട് ടിവി പുറത്തിറക്കിയിരിക്കുന്നത്. 43-ഇഞ്ച്, 55-ഇഞ്ച്, 65-ഇഞ്ച് എന്നിവയാണ് അവ. 33,990 രൂപ മുതലാണ് ഈ ടിവികളുടെ വില ആരംഭിക്കുന്നത്. എന്നാൽ, 43 ഇഞ്ച് ടിവി നിലവിൽ ഫ്ലിപ്പ്കാർട്ടിൽ 31,490 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.
സ്വാതന്ത്ര്യദിന ആഘോഷത്തോട് അനുബന്ധിച്ച് നിലവിൽ ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ് ഡേയ്സ് സെയിൽ നടക്കുകയാണ്. അതിനാൽത്തന്നെ സ്മാർട്ട് ടിവി ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് വൻ ഡിസ്കൗണ്ടും ഓഫറുകളും ഒരുക്കിയിരിക്കുന്നു. ഇതിനാലാണ് സാംസങ് ക്രിസ്റ്റൽ വിഷൻ 4K UHD ടിവികളും കുറഞ്ഞ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
സാംസങ് ക്രിസ്റ്റൽ വിഷൻ 4K UHD ടിവിയുടെ 55 ഇഞ്ച് വേരിയന്റിന് 46,990 രൂപയ്ക്ക് ലഭ്യമാകും. വളരെ വലിയ ഡിസ്പ്ലേയുള്ള ടിവി വേണമെന്ന് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ സാംസങ് ടിവിയുടെ 65 ഇഞ്ച് മോഡൽ സ്വന്തമാക്കാം. 71,990 രൂപയാണ് ഇതിന് വില നിശ്ചയിച്ചിരിക്കുന്നത്.


Click it and Unblock the Notifications