നോക്കിയയേയും ആപ്പിളിനേയും പിന്നിലാക്കി സാംസംഗ് ഒന്നാമത്

Posted By: Staff

നോക്കിയയേയും ആപ്പിളിനേയും പിന്നിലാക്കി സാംസംഗ് ഒന്നാമത്

മൊബൈല്‍ ഫോണ്‍ വിപണിയില്‍ നോക്കിയ കാലങ്ങളായി തുടര്‍ന്നുവന്ന ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാതാക്കളെന്ന പദവി ഇനി സാംസംഗിന് സ്വന്തം. കഴിഞ്ഞ പാദത്തിലെ കണക്കനുസരിച്ചാണ് നോക്കിയയേക്കാളും മൊബൈല്‍ ഫോണ്‍ വിപണിയിലേക്ക് മികച്ച പങ്കാളിത്തം നല്‍കി സാംസംഗ് മുന്നിലെത്തിയത്.

14 വര്‍ഷമായി ഈ സ്ഥാനം നോക്കിയയ്ക്കായിരുന്നു. സ്ട്രാറ്റജി അനലിറ്റിക്‌സ് എന്ന കമ്പനിയുടെ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യപാദത്തില്‍ സാംസംഗ് 9.35 കോടി ഹാന്‍ഡ്‌സെറ്റുകളാണ് വില്പനക്കെത്തിച്ചത്. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 36 ശതമാനം കൂടുതല്‍. രണ്ടാം സ്ഥാനത്തുള്ള നോക്കിയ അതേ സമയം 8.27 കോടി ഹാന്‍ഡ്‌സെറ്റുകളാണ് വില്പനക്കെത്തിച്ചത്.

സാംസംഗ് ഗാലക്‌സി മോഡല്‍ ഫോണുകളില്‍ സാംസംഗ്  നേടിയെടുത്ത പേരാണ് കമ്പനിയെ ഈ ഉയര്‍ച്ചയിലെത്താന്‍ സഹായിച്ചതെന്നും പഠനം വിലയിരുത്തുന്നു. എന്നാല്‍ ലൂമിയ ഹാന്‍ഡ്‌സെറ്റിന് നോക്കിയയുടെ മൊത്തം വളര്‍ച്ചയില്‍ കാര്യമായി പങ്കാളിയാകാന്‍ കഴിഞ്ഞില്ല.

ആദ്യ പാദത്തിലെ സാംസംഗിന്റെ വരുമാനം 450 കോടി ഡോളറാണ്. അതേ സമയം നോക്കിയയുടെ ഹാന്‍ഡ്‌സെറ്റ് വില്പന താഴ്ന്നത് കാരണം ഒന്നാം പാദത്തില്‍ 180കോടി ഡോളറിന്റെ നഷ്ടമാണ് കാണിക്കുന്നത്. 1998 മുതലാണ് ഫിന്‍ലാന്റ് കമ്പനിയായ നോക്കിയ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാണ കമ്പനിയായത്. പിന്നീട് 2000ന് ശേഷം കമ്പനിയുടെ മൊബൈല്‍ വിപണി പലതവണ ഇടിഞ്ഞെങ്കിലും ഈ സ്ഥാനം നിലനിര്‍ത്താന്‍ സാധിച്ചിരുന്നു.

മൊബൈല്‍ വിപണിയില്‍ മൂന്നാം സ്ഥാനം ആപ്പിളിനാണ്. കഴിഞ്ഞ പാദത്തില്‍ 3.51 കോടി ഐഫോണുകളാണ് ആപ്പിള്‍ വില്പന നടത്തിയത്. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളെന്ന ആപ്പിളിന്റെ സ്ഥാനവും ആദ്യപാദത്തില്‍ സാംസംഗ് കൈക്കലാക്കിയിരുന്നു. 4.45 കോടി സ്മാര്‍ട്‌ഫോണുകളാണ് സാംസംഗ് ഇക്കാലയളവില്‍ വില്പനക്കെത്തിച്ചത്. വിപണിയുടെ 31 ശതമാനമാണിത്. 24 ശതമാനമാണ് ആപ്പിള്‍ ഐഫോണിന്റെ പങ്ക്.

ഇതില്‍ നോക്കിയയാണ് മൂന്നാം സ്ഥാനത്ത്. ആഗോള മൊബൈല്‍ ഫോണ്‍ കയറ്റുമതി അവസാന പാദത്തില്‍ 3.3 ശതമാനം ഉയര്‍ന്ന് 36.8 കോടിയിലെത്തിയതായും പഠനം വ്യക്തമാക്കി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot