ഗാലക്‌സി നോട്ട് 2വിന് ഫോള്‍ഡബിള്‍ ഡിസ്‌പ്ലെ!

Posted By: Staff

ഗാലക്‌സി നോട്ട് 2വിന് ഫോള്‍ഡബിള്‍ ഡിസ്‌പ്ലെ!

മടക്കാനും ഒടിക്കാനും ചുരുട്ടാനുമെല്ലാം സാധിക്കുന്ന ഡിസ്‌പ്ലെയുള്ള ഉത്പന്നങ്ങള്‍ സാംസംഗില്‍ നിന്ന് ഈ വര്‍ഷം എത്തും. ജനുവരില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ വെച്ച് കമ്പനി പരിചയപ്പെടുത്തിയ യൂം ഡിസ്‌പ്ലെയിലാണ് ഈ സൗകര്യങ്ങളെല്ലാം ഉള്ളത്. അള്‍ട്രാതിന്‍ അമോലെഡ് പാനലാണ് യൂം ഡിസ്‌പ്ലെ. പേപ്പര്‍ പോലെ വളയ്ക്കാം ചുരുട്ടിവെയ്ക്കാം അങ്ങനെ എന്തും ഈ ഡിസ്‌പ്ലെയെ ചെയ്യാം.

എന്നാല്‍ നിലവില്‍ ഈ ഡിസ്‌പ്ലെയ്ക്ക് മേല്‍ മടക്കാനാവാത്ത ഗ്ലാസ് (അണ്‍ ഫോള്‍ഡബിള്‍ ഗ്ലാസ്) ഒരു കവചമായിട്ട് ഉള്‍പ്പെടുത്തും. പേരില്‍ ഫഌക്‌സിബിള്‍ ആണെങ്കിലും തത്കാലത്തേക്ക് ഡിസ്‌പ്ലെ മടക്കിയും വളച്ചും പരീക്ഷിക്കാനാവില്ലെന്ന് സാരം. ഇത്തരമൊരു ടെക്‌നോളജി ഉപയോഗിച്ച് ആദ്യമായൊരു ഉത്പന്നം അവതരിപ്പിക്കുന്നത് കൊണ്ടാകണം സാംസംഗ് ഒരു രക്ഷാകവചം കൂടി വെക്കാന്‍ തീരുമാനിച്ചത്. പിന്നീട് ഇത് വിജയിച്ചാല്‍ യഥാര്‍ത്ഥ യൂം ഡിസ്‌പ്ലെ മറ്റ് ഉത്പന്നങ്ങളില്‍ പ്രതീക്ഷിക്കാം.

ഈ വര്‍ഷം മൂന്നാം പാദത്തിന് ശേഷം അതായത് സെപ്തംബറിന് ശേഷം യൂം ഡിസ്‌പ്ലെയുള്ള ഒരുത്പന്നം സാംസംഗില്‍ നിന്ന് ഇറങ്ങുമെന്നാണറിയുന്നത്. സാംസംഗ് ഗാലക്‌സി നോട്ട് 2വാണ് കമ്പനിയില്‍ നിന്നും ഇനി ഈയടുത്ത് പ്രതീക്ഷിക്കുന്ന ഒരുത്പന്നം. ഈ ഫാബ്‌ലറ്റിനെ തന്നെ യൂം ടെക്‌നോളജി പരീക്ഷിക്കാന്‍ സാംസംഗ് തെരഞ്ഞെടുക്കുമോ എന്ന് ഉറപ്പില്ല. എങ്കിലും മൂന്നാം പാദത്തിന് ശേഷം എന്ന റിപ്പോര്‍ട്ട് ഗാലക്‌സി നോട്ട് 2വിനും സാധ്യത നല്‍കുന്നുണ്ട്.

0.6 എംഎം ആണ് യൂം ഡിസ്‌പ്ലെയുടെ കട്ടി. അതായത് നിലവിലുള്ള അമോലെഡ് ഡിസ്‌പ്ലെയുടേതിനേക്കാള്‍  മൂന്ന് മടങ്ങ് കട്ടി കുറഞ്ഞത്. മടക്കാനാവാത്ത ഗ്ലാസിന്റൈ നിര്‍മ്മാണം സാംസംഗ് ആരംഭിക്കാനൊരുങ്ങുന്നതായാണ് അറിയുന്നത്. 2014 ആകുമ്പോഴേക്കും യൂം ഡിസ്‌പ്ലെയിലുള്ള കൂടുതല്‍ ഉത്പന്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് സാംസംഗ് പദ്ധതിയറിയാവുന്ന ചില കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍. സ്മാര്‍ട്‌ഫോണും ടാബ്‌ലറ്റുകളുമാകും സാംസംഗ് ഈ ടെക്‌നോളജിയില്‍ അവതരിപ്പിക്കുക. ഉത്പന്നങ്ങളുടെ കട്ടി കുറയും എന്നതാണ് ഈ ഡിസ്‌പ്ലെ ടെക്‌നോളജിയുടെ ഗുണം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot