സാംസങും ആപ്പിളും തമ്മിലുള്ള കലഹം ടെക് മേഖലയുടെ തലവര മാറ്റിയത് എങ്ങനെ
ഡിജിറ്റൽ ലോകത്തെ മുൻനിര കമ്പനികളാണ് സാംസങും ആപ്പിളും. സ്മാർട്ട്ഫോണുകളുടെയും അനുബന്ധ ഗാഡ്ജറ്റുകളുടെ കാര്യത്തിലും ലോകത്തിലെ എറ്റവും വലിയ കമ്പനികളും ഇവ രണ്ടും തന്നെ. ചൈനീസ് കമ്പനികളുടെ കടന്ന് കയറ്റം കൂടുതലായി സംഭവിക്കുന്ന കാലത്തും, സാംസങിനും ആപ്പിളിനും അവരുടേതായ വലിയ യൂസർ ബേസിനും യാതൊരു തകരാറും വന്നിട്ടില്ല. ഏറ്റവും വലിയ രണ്ട് സ്മാർട്ട്ഫോൺ കമ്പനികൾ മാത്രമല്ല, ഏറ്റവും വലിയ ബദ്ധ ശത്രുക്കൾ കൂടിയാണ് ആപ്പിളും സാംസങും. ടെക് ലോകത്തെ ക്ലാസിക് ഏറ്റുമുട്ടലിന്റെ കഥയ്ക്ക് വർഷങ്ങളുടെ പാരമ്പര്യം ഉണ്ട്. വിപണിയിലെ മത്സരങ്ങളെ ചൂട് പിടിപ്പിക്കുന്ന ആ വൈരത്തിനെക്കുറിച്ച് ചില കാര്യങ്ങൾ മനസിലാക്കാം.

സാംസങും ആപ്പിളും തമ്മിലുള്ള നിയമയുദ്ധം
2007 വരെയെങ്കിലും പിന്നോട്ട് നടക്കണം, ആപ്പിൾ സാംസങ് തർക്കത്തിന്റെ ചരിത്രം അറിയാൻ. ആപ്പിളും സാംസങും തമ്മിലുള്ള തർക്കങ്ങൾ 2007ൽ ആദ്യ ഐഫോൺ പുറത്തിറങ്ങുന്ന കാലം തൊട്ടാണ് തുടങ്ങുന്നത്. 2007ൽ ഐഫോൺ പുറത്തിറങ്ങുന്നതിന് വെറും നാല് ദിവസം മുമ്പ് ഐഫോണിന്റെ അടിസ്ഥാന രൂപവും രൂപകൽപ്പനയുമുള്ള നാല് ഡിസൈനുകൾക്ക് ആപ്പിൾ പേറ്റന്റ് ഫയൽ ചെയ്യുകയും ചെയ്തു. ധൃതി പിടിച്ച് പേറ്റന്റ് ഫയലിങ് പൂർത്തിയാക്കിയ ആപ്പിൾ തൊട്ട് പിന്നാലെ കളർ ഡിസൈനിനും പേറന്റിനായി അപേക്ഷിച്ചു. നിരവധി ഐഫോൺ ഉപയോക്തൃ ഇന്റർഫേസുകളുടെ 193 സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ചാണ് ആപ്പിൾ കളർ ഡിസൈൻ പേറ്റന്റ് ഫയൽ ചെയ്തത്. അക്കാലത്ത് ആപ്പിളും സാംസങും തമ്മിൽ നല്ല ബന്ധമാണ് നിലനിന്നിരുന്നത്. ആപ്പിളിന് കമ്പോണന്റുകൾ സപ്ലേ ചെയ്തിരുന്നത് സാംസങ് ആണെന്നതും ശ്രദ്ധിക്കണം.

2011ൽ ആപ്പിൾ സാംസങിനെതിരെ ബൌദ്ധിക സ്വത്തവകാശ ലംഘനം ആരോപിച്ച് കേസ് കൊടുത്തതോടെയാണ് നിയമയുദ്ധങ്ങൾ ആരംഭിച്ചത്. സാംസങ് ഐഫോണിൽ നിന്ന് കോപ്പിയടിച്ച് ഡിവൈസുകൾ പുറത്തിറക്കിയെന്നായിരുന്നു ആരോപണം. സാംസങിന്റെ പ്രധാന സ്മാർട്ട്ഫോണുകളും ടാബ്‌ലെറ്റുകളും തങ്ങളുടെ ഡിവൈസുകളും ഫീച്ചറുകളും പകർത്തി നിർമിച്ചതാണെന്നും ആപ്പിൾ ആരോപിച്ചു. നെക്സസ് എസ്, എപിക് 4ജി, സാംസങ് ഗാലക്സി എസ് 4ജി, സാംസങ് ഗാലക്സി ടാബ് എന്നീ മോഡലുകളെല്ലാം തങ്ങളുടെ ആപ്പിളിന്റെ ബൌദ്ധിക സ്വത്തവകാശം ലംഘിച്ച് നിർമിച്ചതാണെന്നും ആപ്പിൾ ആരോപിച്ചു.

മാത്രമല്ല, 2011-ൽ ഫയൽ ചെയ്ത വ്യവഹാരത്തിൽ ഐഫോൺ 3ജിഎസുമായി സാംസങ് ഗാലക്സി എസിനുള്ള സമാനതകൾ ആപ്പിൾ എടുത്ത് കാണിച്ചിട്ടുണ്ട്. പക്ഷെ സാംസങ് ഫോൺ ഐഫോണിനോട് സാമ്യമുള്ളതാക്കാൻ ചിത്രങ്ങളിൽ കൃത്രിമം കാണിച്ചതായി കോടതി കണ്ടെത്തി. സാംസങ്ങിന്റെ അഭിഭാഷകൻ ആപ്പിൾ കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ചു. പിന്നീട് ഏഴ് വർഷത്തോളം ദക്ഷിണ കൊറിയ, ജപ്പാൻ, ജർമ്മനി, ബ്രിട്ടൺ യുഎസ്എ എന്നിവിടങ്ങളിലും ഇരു കമ്പനികൾക്കുമിടയിൽ നിയമയുദ്ധങ്ങൾ നടന്നു. ഒടുവിൽ 2018ലാണ് പേറ്റന്റ് തർക്കങ്ങൾ അവസാനിച്ചത്.

സ്മാർട്ട്ഫോൺ വിപണിയിൽ
ആപ്പിളും സാംസങും തമ്മിലുള്ള നിയമപോരാട്ടം തീർന്നിട്ട് മൂന്ന് വർഷത്തിലേറെയായി. ഇന്ന്, സാംസങും ആപ്പിളും സ്മാർട്ട്ഫോൺ വിപണിയിലെ ഏറ്റവും വലിയ എതിരാളികളായി കണക്കാക്കപ്പെടുന്നു, രണ്ട് സ്ഥാപനങ്ങൾക്കും സ്മാർട്ട്‌ഫോൺ വിപണിയിൽ മികച്ച സ്ഥാനവും ഉണ്ട്. സാംസങ് എല്ലാ വർഷവും നിരവധി സ്‌മാർട്ട്‌ഫോണുകൾ പുറത്തിറക്കുന്നു. വിപണിയിൽ ബേസ് മോഡലുകളും ബഡ്ജറ്റ് ഫോണുകളും അടങ്ങുന്ന ഒരു വലിയൊരു യൂസർ ബേസും കമ്പനിയ്ക്കുണ്ട്. ഉദാഹരണത്തിന്, സാംസങ് ഗാലക്‌സി എം സീരീസ്, എ സീരീസ്, എഫ് സീരീസ്, ഫ്‌ളാഗ്ഷിപ്പ് എസ്, ഇസഡ് സീരീസ് എന്നിവ. അതേ സമയം മറുവശത്ത് പ്രീമിയം ആഡംബര സെഗ്മനെന്റിന്റെ തലപ്പത്ത് ആപ്പിളിന്റെ സ്മാർട്ട്ഫോണുകൾ നിലകൊള്ളുന്നു. ഏറ്റവും നൂതനമായ, വിപണിയിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന ഫീച്ചറുകളും ആയിട്ടാകും ഐഫോണുകൾ പുറത്തിറങ്ങുക. അടുത്തിടെ കൊണ്ട് വന്ന ഐഫോൺ എസ്ഇ 2020 പോലെയുള്ള ഡിവൈസുകളുമായി ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ സ്ഥാനം കണ്ടെത്താനും ആപ്പിൾ ശ്രമം നത്തുന്നുണ്ട്.

സ്‌മാർട്ട്‌ഫോണുകളിലേക്ക് വരുമ്പോൾ സാംസങ് തങ്ങളുടെ സ്‌മാർട്ട്‌ഫോണുകൾ വരുത്തിയ മാറ്റങ്ങളും അവതരിപ്പിച്ച സാങ്കേതികവിദ്യകളും സമാനതകൾ ഇല്ലാത്തത് തന്നെയാണ്. സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3, ഇസഡ് ഫോൾഡ് 3 എന്നിവ പോലുള്ള ഫോൾഡബിൾ സ്‌മാർട്ട്‌ഫോണുകൾ ഉൾപ്പെടെ നിരവധി യുണീക്ക് ഡിവൈസുകൾ സാംസങ് ആഗോള വിപണിയിൽ അവതരിപ്പിച്ചു. മാത്രമല്ല, സാംസങ് ഗാലക്‌സി നോട്ടും ഗാലക്‌സി എസ് സീരീസും സമാനതകളില്ലാത്ത പ്രകടനം കാഴ്ചവച്ചിട്ടുമുണ്ട്. മറുവശത്ത്, ആപ്പിൾ ഐഫോൺ മോഡലുകളും ഒരുപാട് മുന്നോട്ട് പോയി. ഇൻഡസ്ട്രി ഫസ്റ്റ് ഫീച്ചറുകളും മറ്റുമായി ആപ്പിൾ പ്രീമിയം സെഗ്മെന്റിൽ തലയെടുപ്പോടെ നിൽക്കുന്നു. ഫേസ് ഐഡി പോലെയുള്ള ഫീച്ചറുകളും മറ്റും ഐഫോണുകളെ വേറിട്ട് നിൽക്കാനും സഹായിക്കുന്നു.

ഷവോമി, വിവോ, റിയൽമി തുടങ്ങിയ ചൈനീസ് ബ്രാൻഡുകളാണ് ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ ആധിപത്യം പുലർത്തുന്നത്. അതേ സമയം, എല്ലാ വില ശ്രേണികളിലും സാംസങിന്റെ സ്മാർട്ട്‌ഫോണുകൾ വിപണി വിഹിതത്തിന്റെ നല്ലൊരു ഭാഗം സ്വന്തമാക്കുന്നു. മറുവശത്ത് പ്രീമിയം സെഗ്മെന്റിൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകളുടെ വലിയൊരു വിഭാഗവും ആപ്പിൾ ഐഫോണുകളാണ്. ഇടത്തരം സെഗ്മെന്റിൽ പുതിയ ഐഫോണുകൾ ഇറക്കി ആപ്പിൾ തങ്ങളുടെ പ്രീമിയം ഒൺലി പ്രതിശ്ചായ മാറ്റാനും ശ്രമിക്കുന്നു.

വ്യത്യാസങ്ങളും മത്സരങ്ങളും മാറ്റിനിർത്തിയാൽ, ആപ്പിൾ ഇപ്പോഴും നിരവധി ഘടകങ്ങൾക്കായി സാംസംഗിനെ ആശ്രയിക്കുന്നുണ്ട്. ഒഎൽഇഡി, മറ്റ് ഡിസ്പ്ലേ പാനലുകൾ എന്നിവയുടെ മുൻനിര നിർമാതാക്കളാണ് സാംസങ്, ഡിസ്പ്ലേ ഘടകങ്ങൾക്കായി ആപ്പിൾ സാംസങ്ങിനെ ആശ്രയിക്കുന്നുണ്ട്. ആപ്പിൾ അതിന്റെ നെക്സ്റ്റ് ജെൻ ഐഫോൺ 14 ഡിസ്പ്ലേകൾക്കായി എൽജിയെയും പരിഗണിക്കുന്നുണ്ട്. ഇതിന് പക്ഷെ കുറച്ച് സമയം എടുത്തേക്കും. 2022ൽ ഇരു കമ്പനികളും തമ്മിലുള്ള വിപണി മത്സരങ്ങൾ കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്.


Click it and Unblock the Notifications