ഇന്ത്യയിൽ 'ദാദ' സാംസങ് തന്നെ! ആപ്പിളും ഷവോമിയുമല്ല, രണ്ടാം സ്ഥാനത്ത് അട്ടിമറി
2023ൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി കൈവരിച്ച നേട്ടങ്ങളും കോട്ടങ്ങളും അടയാളപ്പെടുത്തിക്കൊണ്ടുള്ള കൗണ്ടർപോയിന്റിന്റെ പുതിയ റിസർച്ച് റിപ്പോർട്ട് പുറത്ത്. ഇത് പ്രകാരം കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടത് സാംസങ് സ്മാർട്ട്ഫോണുകളാണ്. ഓൺലൈൻ- ഓഫ്‌ലൈൻ വിൽപ്പനയിൽ ഒരേപോലെ മേധാവിത്വം പുലർത്തിയാണ് വിൽപ്പനയിൽ സാംസങ് (Samsung) ഒന്നാമത് എത്തിയിരിക്കുന്നത്.
18 ശതമാനം ഓഹരിയുമായി സാംസങ് 2023ൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയെ മുന്നിൽനിന്ന് നയിച്ചു. സാംസങ്ങിന്റെ ഒന്നാം സ്ഥാനത്തെക്കാൾ ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു വിവരം കൂടി കൗണ്ടർപോയിന്റ് റിപ്പോർട്ട് പുറത്തുവിടുന്നുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ രണ്ടാം സ്ഥാനത്ത് എത്തിയത് ഷവോമിയോ ആപ്പിളോ അല്ല എന്നതാണ് അത്.

ഷവോമിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട്, കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പന നേടിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ ബ്രാൻഡ് എന്ന സ്ഥാനം വിവോ കീഴടക്കിയിരിക്കുന്നു. 17 ശതമാനം ഷെയറുമായിട്ടാണ് വിവോ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. അതായത് സാംസങ്ങിനെക്കാൾ ഒരു ശതമാനം മാത്രം പിന്നിലാണ് വിവോ ഫിനിഷ് ചെയ്തിരിക്കുന്നത്.
സാംസങ്, വിവോ, ഷവോമി എന്നീ ബ്രാൻഡുകൾക്ക് പുറമേ, വൺപ്ലസ്, ഗൂഗിൾ, ലാവ, മോട്ടറോള ട്രാൻഷൻ തുടങ്ങിയ ബ്രാൻഡുകളും 2023ൽ ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ട്. ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണി 2023ൽ പൊതുവിൽ തളർച്ച പ്രകടമാക്കി, എന്നാൽ 2023 അവസാന പാദത്തോടെ വളർച്ച നേടുകയും ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു എന്നും കൗണ്ടർപോയിന്റ് റിപ്പോർട്ട് പറയുന്നു.

പ്രീമിയം സെഗ്മെന്റ് സ്മാർട്ട്ഫോണുകൾക്കും മറ്റ് സെഗ്മെന്റ് സ്മാർട്ട്ഫോണുകൾക്കും ഒരേ പ്രാധാന്യം നൽകിക്കൊണ്ടുള്ള മത്സരാധിഷ്ഠിതമായ സമീപനമാണ് സാംസങ്ങിനെ വിൽപ്പനയിൽ ഒന്നാമത് എത്തിച്ചത് എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വിൽപ്പനയിൽ ഏറ്റവുമധികം മുന്നേറ്റം കാഴ്ചവച്ചത് എ സീരീസ് ഫോണുകളാണ് എന്നതും ഏറെ ശ്രദ്ധേയമാണ്. ഓഫ്‌ലൈനിലെ Vivo V29 സീരീസിനും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ T-സീരീസും ആണ് വിവോയ്ക്ക് നേട്ടമായത്.
2023ൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ കണ്ട പ്രകടമായ ഒരു മാറ്റം 5ജി സ്മാർട്ട്ഫോണുകളുടെ കാര്യത്തിലാണ്. താങ്ങാനാകുന്ന വിലയിൽ 5ജി ഫോണുകൾ അവതരിപ്പിക്കുന്നതിൽ സ്മാർട്ട്ഫോൺ നിർമാതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തിയതായി വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് 66 ശതമാനം വളർച്ചയ്ക്ക് കാരണമായതായും 2023ൽ 5G ഫോൺ കയറ്റുമതി വിഹിതം 52 ശതമാനം കടന്നതായും റിപ്പോർട്ടിൽ പറയുന്നു.
2023 ഒക്ടോബർ- ഡിസംബർ ആയപ്പോഴേക്കും ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി വളർച്ചയുടെ പാതയിലേക്ക് കടന്നു. അടുത്ത വർഷം വിപണി 5 ശതമാനം വളർച്ച നേടുമെന്ന് വിശ്വസിക്കുന്നതായും കൗണ്ടർപോയിൻ്റ് പറയുന്നു. പ്രീമിയം സെഗ്‌മെൻ്റ് 2023-ൽ 64 ശതമാനം വാർഷിക വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. വിവിധ ഡിസ്കൗണ്ടുകളും ഓഫറുകളും ഇളവുകളുമൊക്കെ ലഭ്യമായതാണ് ഉയർന്ന വിലയുള്ള ഫോണുകളുടെ വിൽപ്പന കൂട്ടിയത്.

2023-ൽ വിറ്റ ഓരോ മൂന്ന് സ്മാർട്ട്‌ഫോണുകളിലും ഒന്ന് വാങ്ങപ്പെട്ടത് ധനസഹായം സ്കീമുകൾ വഴിയാണെന്ന് കൗണ്ടർപോയിൻ്റ് പറയുന്നു. ആപ്പിൾ ഇന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതും പ്രീമിയം സ്മാർട്ട്ഫോൺ വിൽപ്പനയിൽ കുതിപ്പിന് കാരണമായിട്ടുണ്ട്. കഴിഞ്ഞവർഷം ആപ്പിൾ ബ്രാൻഡ് ഷിപ്പ്‌മെൻ്റുകളിൽ 10 ദശലക്ഷം യൂണിറ്റ് മാർക്കിനെ മറികടക്കുകയും ഒരു കലണ്ടർ വർഷത്തിൽ ആദ്യമായി വരുമാനത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.
പഴയതും പുതിയതുമായ ഐഫോണുകൾക്ക് ഡിമാൻഡ് കൂടിയിട്ടുണ്ട്. ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾ തുറന്നതും പ്രമോഷനുകൾ വർധിപ്പിച്ചതും LFR-ൽ (ലാർജ് ഫോർമാറ്റ് റീട്ടെയിൽ) ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഓഫ്‌ലൈൻ ഷിപ്പ്‌മെൻ്റുകൾ വർദ്ധിപ്പിക്കുന്നതിന് കാരണമായി. 2024ൽ ഫോൾഡബിൾ ഫോൺ സെഗ്മെന്റ് കൂടുതൽ ജനപ്രീതി നേടുമെന്നും ഷിപ്പ്‌മെൻ്റുകൾ 1 മില്യൺ കവിയുമെന്നും കൗണ്ടർപോയിന്റ് പ്രവചിക്കുന്നു.


Click it and Unblock the Notifications








