നിർത്തിയങ്ങ് അപമാനിക്കല്ലേ! ആപ്പിളിനെ മലർത്തിയടിച്ച് സാംസങ്
നിരവധി പരസ്യങ്ങൾ ഇറങ്ങുന്ന ഈ സമയത്ത് ഒരു പരസ്യം സ്വീകാര്യത നേടുക എന്നത് വലിയ വെല്ലുവിളിയാണ്. സാംസങ് ഈ അടുത്ത് ഗാലക്‌സി ടാബ് എസ് 9 സീരീസിൻ്റെ ഒരു പുതിയ പരസ്യം പുറത്തിറക്കിയിരുന്നു. എന്നാൽ, ആപ്പിൾ ഇറക്കിയ ഐപാഡ് പ്രോ പരസ്യം വേണ്ടത്ര സ്വീകരിക്കപ്പെടാത്ത സമയത്ത് ഇത്തരമൊരു പരസ്യം ഇറക്കിയത് ആളുകളെ സംശയത്തിൽ ആക്കുന്നുണ്ട്.
'ക്രഷ്' എന്ന പേരിലുള്ള ആപ്പിൾ ഐപാഡ് പ്രോ പരസ്യം അതിൻ്റെ ലോഞ്ച് വേളയിൽ പ്രേക്ഷകർക്ക് പ്രദർശിപ്പിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ച അത്ര സ്വീകാര്യത ലഭിച്ചില്ലെന്ന് മാത്രമല്ല നിരവധി ആളുകളിൽ നിന്ന് വിമർശനം ഏറ്റുവാങ്ങേണ്ടി വന്നു. സെലിബ്രിറ്റികൾ പോലും ഈ പരസ്യത്തോട് ശക്തമായി പ്രതികരിച്ചു.

ആപ്പിളിന്റെ പരസ്യത്തിൽ, ഒരു ഹൈഡ്രോളിക് പ്രസ്സ് ഉപയോഗിച്ച് പിയാനോകൾ, ഗിറ്റാറുകൾ, കീബോർഡ്, ട്രമ്പറ്റുകൾ, കൂടാതെ സ്പീക്കറുകൾ, ക്യാമറകൾ, ടെലിവിഷൻ, ആർക്കേഡ് ഗെയിമുകൾ തുടങ്ങി നിരവധി വിൻ്റേജ് ഉപകരണങ്ങളെ നശിപ്പിക്കുന്നത് കാണാം. ശേഷം ഐപാഡ് പ്രോ മാത്രമാണ് ഹൈഡ്രോളിക് പ്രസ്സ് തുറക്കുമ്പോൾ കാണുന്നത്. സംഗീതം, ശില്‍പകല, ചിത്രകല, ഗെയിമിങ് തുടങ്ങിയ എല്ലാ കാര്യങ്ങളും ഐപാഡ് പ്രോയിൽ ലഭ്യമാകും എന്ന് കാണിക്കുവാൻ ആയിരുന്നു ആപ്പിളിന്റെ ശ്രമം.
എന്നാൽ സംഗതി ചെറുതായി ഒന്ന് പാളി. പരസ്യത്തെ വിമർശിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. "മനുഷ്യാനുഭവത്തിൻ്റെ നാശം" എന്നാണ് നടൻ ഹ്യൂ ഗ്രാൻ്റ് പരസ്യത്തെ പരാമർശിച്ചത്. പിന്നീട്, ആപ്പിൾ പരസ്യത്തിന് ക്ഷമാപണം നടത്തി, 'missed the mark' എന്ന് കുറിച്ചു.
ആപ്പിളിന് തിരിച്ചടി നേരിട്ട ഈ അവസരത്തിൽ തന്നെ, ആപ്പിളിന്റെ പ്രധാന എതിരാളിയായ സാംസങ് ആപ്പിളിന്റെ പരസ്യത്തെ കളിയാക്കുന്ന വിധത്തിൽ ഇപ്പോൾ ഗാലക്‌സി ടാബ് എസ് 9 സീരീസിൻ്റെ പരസ്യവുമായി രംഗത്തെത്തിയിരിക്കുന്നു. ആപ്പിൾ നിർത്തിയിടത്ത് നിന്നാണ് സാംസങിന്റെ പരസ്യം ആരംഭിക്കുന്നത്. ഒരു സ്ത്രീ അവശിഷ്ടങ്ങൾക്ക് മുകളിലൂടെ നടക്കുകയും ഭാഗികമായി കേടായ ഗിറ്റാർ എടുക്കുകയും ചെയ്യുന്നു. ആപ്പിളിൻ്റെ ഹൈഡ്രോളിക് പ്രസ്സ് പോലെയാണ് ബാക്ക്‌ഡ്രോപ്പ്.
അവർ സാംസങ് ഗാലക്‌സി ടാബ് എസ് 9 അൾട്രയിലെ കുറിപ്പുകൾ ഉപയോഗിച്ച് ഗിറ്റാർ വായിക്കുകയും ഹമ്മിംഗ് ചെയ്യുകയും ചെയ്യുന്നു. കൂടാതെ പരസ്യം അവസാനിക്കുന്നത് "Creativity cannot be crushed" എന്ന് പറഞ്ഞ് കൊണ്ടാണ്. മൊത്തത്തിലുള്ള ഫ്രെയിമും കണ്ടന്റും ആപ്പിളിന് എതിരെ ഉള്ള പരസ്യമായി തന്നെ തോന്നുവായാണ്. സാംസങ് പരസ്യം മൊത്തത്തിൽ നോക്കിയാൽ ആപ്പിളിന്റെ വിവാദ പരസ്യത്തിന് എതിരേയുള്ള സാംസങ്ങിന്റെ പ്രതികരണമായാണ് തോന്നുക.
ആപ്പിളിന് വിമർശനം നേരിട്ട സർഗാത്മതയിലാണ് സാംസങ് പിടിച്ചത്. സർഗാത്മകത നശിപ്പിക്കുന്ന പരസ്യം എന്നായിരുന്നു ആപ്പിളിന്റെ പരസ്യത്തോട് ആളുകൾ പ്രതികരിച്ചിരുന്നത്. എന്നാൽ ആ സർഗാത്മകത തിരിച്ച് പിടിക്കുന്ന രീതിയിലാണ് സാംസങ് പരസ്യത്തിൽ കാണിക്കുന്നത്. ആപ്പിൾ പരസ്യത്തിൽ കണ്ട അതേ വിന്റേജ് മൂഡിൽ, നശിക്കപ്പെട്ട അതേ സാധനങ്ങൾ തന്നെ കൊണ്ടുവരാൻ സാംസങ് ശ്രമിച്ചു.
ആപ്പിളിന്റെ പരസ്യത്തെ ക്രഷ് എന്ന് പേരിട്ടപ്പോൾ സാംസങ് അവരുടെ പരസ്യത്തെ അൺക്രഷ് എന്ന് ആണ് പേരിട്ടത്. അതേസമയം, പരസ്യം ചെറുതായൊന്ന് പാളിയെങ്കിലും ആപ്പിളിന്റെ ഐപാഡ് പ്രോ വിജയമാകുമെന്നാണ് പ്രതീക്ഷ. മെയ് 7ന് നടന്ന കമ്പനിയുടെ ഏറ്റവും പുതിയ 'ലെറ്റ് ലൂസ്' ഇവൻ്റിലാണ് ആപ്പിൾ പുതിയ ഐപാഡ് പ്രോ 2024 ലോഞ്ച് ചെയ്തത്.
പഴയ ജനറേഷനെക്കാൾ 50% വേഗതയുള്ളതായി അവകാശപ്പെടുന്ന പുതിയ M4 ചിപ്പാണ് ഐപാഡ് പ്രോയ്ക്ക് കരുത്ത് പകരുന്നത്. ഈ ഐപാഡിൽ ആപ്പിൾ പെൻസിൽ പ്രോയും മാജിക് കീബോർഡ് സപ്പോർട്ടും ഉണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ ഉപയോക്താക്കൾ ഈ ഐപാഡ് പ്രോയ്ക്ക് ഉണ്ടാകുമെന്ന് ആണ് ആപ്പിളിന്റെ വിശ്വാസം.
ആപ്പിൾ ഐപാഡ് പ്രോ 2024 ഇന്ത്യയിലെ വില വൈ-ഫൈ സഹിതമുള്ള 11 ഇഞ്ച് ഐപാഡ് പ്രോയ്ക്ക്, 256 ജിബിക്ക് 99,900 രൂപയും 512 ജിബിക്ക് 1,19,900 രൂപയും 1 ടിബിക്ക് 1,59,900 രൂപയും 2 ടിബി വേരിയൻ്റിന് 1,99,900 രൂപയുമാണ് ഇന്ത്യയിലെ വില. വൈ-ഫൈ സഹിതമുള്ള നാനോ ടെക്സ്ചർഡ് ഗ്ലാസ് ഓപ്ഷന് 1TBക്ക് 1,69,900 രൂപയും 2TBക്ക് 2,09,900 രൂപയുമാണ് വില.
നാനോ ടെക്സ്ചർഡ് ഗ്ലാസ് ഓപ്ഷൻ 1TB, 2TB എന്നിവയിൽ മാത്രമേ ലഭ്യമാകൂ. വൈ-ഫൈയും സെല്ലുലാറും ഉള്ള 11 ഇഞ്ച് ഐപാഡ് പ്രോ 256 ജിബിക്ക് 1,19,900 രൂപയിലും 512 ജിബിക്ക് 1,39,900 രൂപയിലും 1 ടിബിക്ക് 1,79,900 രൂപയിലും 2 ടിബി മോഡലിന് 2,19,900 രൂപയിലും വില ആരംഭിക്കുന്നു. ഇതിനായുള്ള നാനോ ടെക്സ്ചർഡ് ഗ്ലാസ് ഓപ്ഷന് 1TBക്ക് 1,89,900 രൂപയും 2TBക്ക് 2,29,900 രൂപയും ആണ് വില.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








