സഞ്ചാർ സാഥി ആപ്പ് നിർബന്ധമല്ല: ഉപയോക്താക്കൾക്ക് വേണ്ടെങ്കിൽ ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്യാം
ഇന്ത്യയിൽ വിൽക്കുന്ന സ്മാർട്ട്ഫോണുകളിൽ സഞ്ചാർ സാഥി (Sanchar Saathi app) നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ കൂടുതൽ വ്യക്തത വരുത്തി കേന്ദ്ര മന്ത്രി. ഈ പ്ലാറ്റ്‌ഫോം പൂർണ്ണമായും ജനാധിപത്യപരമായിരിക്കുമെന്ന് കമ്യൂണിക്കേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഉപയോക്താക്കൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ആപ്പ് ആക്ടിവേറ്റാക്കാനും അതിലെ സേവനങ്ങൾ ആക്‌സസ് ചെയ്യാനും കഴിയും. അതുമാത്രമല്ല, എപ്പോൾ വേണമെങ്കിലും അത് തങ്ങളുടെ ഡിവൈസുകളിൽ നിന്ന് അൺഇൻസ്റ്റാൾ ചെയ്യാനും ഉപയോക്താക്കൾക്ക് സാധിക്കുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സർക്കാർ സ്മാർട്ട്ഫോൺ കമ്പനികൾക്ക് നൽകിയ നിർദേശം സംബന്ധിച്ച ആശയക്കുഴപ്പങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി കൂടുതൽ വിശദീകരണം നൽകിയിരിക്കുന്നത്.
ഇന്ത്യയിൽ ഉപയോഗിക്കുന്നതിനായി നിർമ്മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ മൊബൈൽ ഹാൻഡ്‌സെറ്റുകളിലും സഞ്ചാർ സാഥി ആപ്പ് മുൻകൂർ ഇൻസ്റ്റാൾ ചെയ്യുന്നത് നിർബന്ധമാക്കിക്കൊണ്ട് ടെലിക്കോം മന്ത്രാലയം സ്മാർട്ട്ഫോൺ കമ്പനികൾക്ക് നിർദേശം നൽകി എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ സുരക്ഷയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ഉപഭോക്തൃ സംരക്ഷണം സർക്കാരിന്റെ പരമപ്രധാന ഉത്തരവാദിത്തമാണെന്നും ഓരോ മൊബൈൽ ഉപയോക്താവിനെയും ശാക്തീകരിക്കുന്നതിനാണ് സഞ്ചാര് സാഥി ആപ്പ് തയാറാക്കിയിരിക്കുന്നത് എന്നും സിന്ധ്യ പറഞ്ഞു. ആപ്പ് ഫോണുകളിൽ സജ്ജീകരിക്കാൻ 90 ദിവസമാണ് സർക്കാർ സ്മാർട്ട്ഫോൺ ബ്രാൻഡുകൾക്ക് സമയം നൽകിയിരിക്കുന്നത്. എന്നാൽ തേർഡ് പാർട്ടി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാത്ത ആപ്പിൾ ഈ ഉത്തരവ് പാലിക്കുമോ എന്നാണ് വിപണി ഉറ്റുനോക്കിയത്.
ഇപ്പോൾ ഈ ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യണമെന്ന സർക്കാർ നിർദേശത്തോടുള്ള ആപ്പിളിന്റെ പ്രതികരണം റോയിട്ടേഴ്സ് പുറത്തുവിട്ടിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള സൈബർ സുരക്ഷാ ആപ്പ് സ്മാർട്ട്‌ഫോണുകളിൽ പ്രീലോഡ് ചെയ്യാനുള്ള ഉത്തരവ് പാലിക്കാൻ പദ്ധതിയിടുന്നില്ലെന്നും തങ്ങളുടെ ആശങ്കകൾ കേന്ദ്രത്തെ അറിയിക്കുമെന്നും ആപ്പിളുമായി ബന്ധപ്പെട്ട മൂന്ന് സോഴ്സുകൾ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
മോഷ്ടിച്ച ഫോണുകൾ ട്രാക്ക് ചെയ്യാനും അവ ബ്ലോക്ക് ചെയ്യാനും ദുരുപയോഗം ചെയ്യുന്നത് തടയാനും ഉൾപ്പെടെ സ്മാർട്ട്ഫോൺ ഉപയോഗം സുരക്ഷിതമാക്കാനുള്ള നിരവധി ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഒരു സർക്കാർ ആപ്പാണ് സഞ്ചാർ സാഥി. സൈബർ സുരക്ഷയുടെ "ഗുരുതരമായ അപകടത്തെ" ചെറുക്കുന്നതിനുള്ള ഒരു സുരക്ഷാ നടപടിയായിട്ടാണ് ഇന്ത്യൻ ടെലികോം മന്ത്രാലയം ഈ ആപ്പ് ഫോണുകളിൽ ഉറപ്പാക്കാൻ നിർദേശിച്ചത്.
എന്നാൽ സർക്കാരിന്റെ ഈ നീക്കത്തിനെതിരേ രാഷ്ട്രീയമായ വിമർശനങ്ങളും ഉയരുന്നുണ്ട്. ഇന്ത്യയിലെ 730 ദശലക്ഷം സ്മാർട്ട്‌ഫോണുകളിലേക്ക് സർക്കാരിന് പ്രവേശനം നേടാനുള്ള ഒരു മാർഗമാണ് ഇത് എന്ന് വിമർശകർ ആക്ഷേപിച്ചു. ഈ ആക്ഷേപങ്ങളുടെ കൂടെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രി ജ്യോതിരാദിത്യസിന്ധ്യ ഈ ആപ്പ് നിർബന്ധമല്ല എന്നും ഉപയോക്താക്കൾക്ക് വേണമെങ്കിൽ അൺഇൻസ്റ്റാൾ ചെയ്യാമെന്നും വിശദീകരിച്ച് രംഗത്തെത്തിയത്.
ആപ്പിളിനെ സംബന്ധിച്ചിടത്തോളം അവരുടെ iOS ന് വേണ്ടി നിരവധി സ്വകാര്യതാ, സുരക്ഷാ നയങ്ങൾ ഉള്ളതിനാൽ ലോകത്തെവിടെയും സർക്കാരുകളുടെ ഇത്തരം നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന് ഇന്ത്യൻ സർക്കാരിനെ അറിയിക്കുമെന്ന് ആപ്പിളുമായി ബന്ധപ്പെട്ട, പേര് വെളിപ്പെടുത്താൻ തയാറല്ലാത്ത രണ്ട് രഹസ്യ സ്രോതസുകൾ പറഞ്ഞതായി റോയിട്ടേഴ്സ് പറയുന്നു.
സാംസങ് ഉൾപ്പെടെയുള്ള മറ്റ് ബ്രാൻഡുകൾ കേന്ദ്ര സർക്കാർ ഉത്തരവ് പുനഃപരിശോധിക്കുന്നുണ്ടെന്ന് രഹസ്യ സ്രോതസ് വെളിപ്പെടുത്തിയതായും എന്നാൽ തങ്ങളുടെ ചോദ്യങ്ങളോട് സാംസങ് പ്രതികരിച്ചില്ല എന്നും റോയിട്ടേഴ്‌സ് പറയുന്നുണ്ട്. വിദഗ്ധരുമായി കൂടിയാലോചിക്കാതെയാണ് സർക്കാർ ഇത്തരമൊരു ഉത്തരവുമായി മുന്നോട്ട് പോയതെന്നും ബ്രാൻഡുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി റോയിട്ടേഴ്സ് പറയുന്നു.


Click it and Unblock the Notifications








