സത്യനാദെല്ലയുടെ വമ്പൻ ട്വിസ്റ്റിൽ ഓപ്പൺഎഐ കാലി! സാം ആൾട്ട്മാൻ ഇനി മൈക്രോസോഫ്ട് എഐ ഗവേഷണ തലവൻ
ചാറ്റ്ജിപിടിയുടെ നിർമാതാക്കളായ ഓപ്പൺഎഐ കമ്പനിയും മുൻ സിഇഒ സാം ആൾട്ട്മാനും തമ്മിലുള്ള പോരിൽ പുതിയ വഴിത്തിരിവ്. ഓപ്പൺഎഐ സിഇഒ സ്ഥാനത്തേക്കുള്ള സാം ആൾട്ട്മാന്റെ വഴി അടച്ചുകൊണ്ട് കമ്പനി ബോർഡ് പുതിയ ഇടക്കാല സിഇഒയെ നിയമിച്ച വാർത്ത പുറത്തു വന്നതിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി മൈക്രോസോഫ്ട് രംഗത്തെത്തി.
മൈക്രോസോഫ്ടിന്റെ അഡ്വാൻസ് എഐ റിസർച്ച് ഗവേഷണത്തിനായി സാം ആൾട്ട്മാനെ നിയമിച്ചതായി സത്യനാദെല്ല ട്വിറ്ററിലൂടെ അറിയിച്ചു. നാടകീയമായ നീക്കങ്ങൾക്കൊടുവിൽ, അപ്രതീക്ഷിതമായിട്ടായിരുന്നു മൈക്രോസോഫ്ട് സിഇഒയുടെ ഈ പ്രഖ്യാപനം എത്തിയത്. ഓപ്പൺഎഐ സിഇഒ സ്ഥാനത്തേക്ക് സാം ആൾട്ട്മാൻ തിരിച്ചുവരുമെന്ന വാർത്തകൾ ഇന്ന് രാവിലെ മുതൽ വന്നിരുന്നു.

എന്നാൽ സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തണമെങ്കിൽ തന്റെ ചില ഉപാധികൾ അംഗീകരിക്കണം എന്ന ആവശ്യം സാം ആൾട്ട്മാൻ മുന്നോട്ടു വച്ചെന്നും അതിന് കമ്പനി ബോർഡ് വഴങ്ങിയില്ല എന്നുമാണ് റിപ്പോർട്ട്. സാമിന്റെ ഉപാധികൾ തള്ളിയ ഓപ്പൺഎഐ എംമെറ്റ് ഷിയറെ താൽക്കാലികമായി സിഇഒ സ്ഥാനത്തേക്ക് നിയമിക്കുകയും ചെയ്തു.
സിഇഒ സ്ഥാനത്തേക്ക് തിരിച്ചുവരാനുള്ള സാം ആൾട്ട്മാന്റെ വഴി അടഞ്ഞതിന് പിന്നാലെ, ഓപ്പൺഎഐയെപ്പോലും ഞെട്ടിച്ചുകൊണ്ട് മൈക്രോസോഫ്ട് സാം ആൾട്ട്മാനെയും അദ്ദേഹത്തിനൊപ്പം ഓപ്പൺഎഐയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട, കമ്പനിയുടെ സഹസ്ഥാപകൻകൂടിയായ ഗ്രെഗ് ബ്രോക്ക്മാനെയും തങ്ങളുടെ എഐ ഗവേഷണ വിഭാഗത്തിലേക്ക് നിയമിക്കുകയായിരുന്നു. സത്യനാദെല്ലയുടെ ഈ നീക്കം ഓപ്പൺഎഐയെയും ടെക് ലോകത്തെയും അക്ഷരാർഥത്തിൽ ഞെട്ടിച്ചു.
സാം ആൾട്ട്മാനെ ഓപ്പൺഎഐയുടെ സിഇഒ സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങൾക്ക് പിന്നിൽ മൈക്രോസോഫ്ടും സത്യനാദെല്ലയും അണിനിരന്നിരുന്നു. എന്നാൽ ആ നീക്കങ്ങൾ പരാജയപ്പെട്ടതോടെയാണ് സാമിനെ സത്യനാദെല്ല മൈക്രോസോഫ്ടിലേക്ക് ഒപ്പം കൂട്ടിയിരിക്കുന്നത്. ഓപ്പൺഎഐ കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപകരാണ് മൈക്രോസോഫ്ട് എന്നത് പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നു.
തങ്ങൾ പിന്തുണ നൽകുന്ന ഒരു കമ്പനിയെ തന്നെ പിളർത്തുന്ന ഒരു നീക്കമാണ് ഇപ്പോൾ മൈക്രോസോഫ്ടിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഓപ്പൺഎഐയുടെ എതിരാളിയായി മാറിയ സാം ആൾട്ട്മാനെ ഒപ്പം നിർത്തിക്കൊണ്ട് തന്നെ കമ്പനിക്കുള്ള മൈക്രോസോഫ്ട് പിന്തുണ തുടരും എന്നാണ് സത്യനാദെല്ലയുടെ ട്വിറ്റർ പോസ്റ്റിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുന്നത്.
''ഓപ്പൺഎഐയുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, എമെറ്റ് ഷിയറിനെയും ഓപ്പൺഎഐയുടെ പുതിയ നേതൃത്വ ടീമിനെയും പരിചയപ്പെടാനും അവരോടൊപ്പം പ്രവർത്തിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. സാം ആൾട്ട്‌മാനും ഗ്രെഗ് ബ്രോക്ക്‌മാനും സഹപ്രവർത്തകർക്കൊപ്പം ഒരു പുതിയ എഐ ഗവേഷണ ടീമിനെ നയിക്കാൻ മൈക്രോസോഫ്ടിൽ ചേരുന്നു എന്ന വാർത്ത പങ്കിടുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്''.

''അവരുടെ വിജയത്തിന് ആവശ്യമായ വിഭവങ്ങൾ നൽകുന്നതിന് വേഗത്തിൽ നീങ്ങാൻ ഞങ്ങൾ ആഗ്രഹിക്കുന്നു'' എന്നും ട്വിറ്ററിലൂടെ സത്യനാദെല്ല അറിയിച്ചു. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിക്ക് പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തികളെ ഏറ്റെടുത്ത് തങ്ങളുടെ ഭാഗമാക്കിയ മൈക്രോസോഫ്ട് ഏത് തരത്തിലുള്ള പിന്തുണയാണ് എമെറ്റ് ഷിയറിനും ഓപ്പൺഎഐ ബോർഡിനും നൽകാൻ പോകുന്നത് എന്ന് കണ്ടറിയണം.
ഓപ്പൺഎഐയിൽ നിന്ന് പുറത്തായ സാം പുതിയ കമ്പനി ആരംഭിക്കുമെന്നും അതിനായി ഫണ്ട് അന്വേഷിക്കുകയാണെന്നും ബ്ലൂം ബർഗ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. നാടകീയ നീക്കങ്ങളുടെ കൊടുങ്കാറ്റിൽ ഇതെല്ലാം തകിടം മറിഞ്ഞിരിക്കുന്നു. ഗൂഗിളുമായുള്ള മത്സരത്തിൽ മേൽക്കൈ നേടാൻ എഐ സഹായിക്കുമെന്ന് മൈക്രോസോഫ്ട് കരുതുന്നു. ചാറ്റ്ജിപിടി തരംഗമായ ഘട്ടത്തിൽ ഗൂഗിൾ ഒന്ന് പതറിയിരുന്നു.

എഐ ഗവേഷണത്തിൽ മുന്നേറുകവഴി ഗൂഗിളിന് കനത്ത വെല്ലുവിളി ഉയർത്താമെന്ന് മൈക്രോസോഫട് ലക്ഷ്യമിടുന്നതും അതിനാലാണ്. എഐ ഗവേഷണത്തിൽ വിപ്ലവകരമായ മുന്നേറ്റത്തിന് വഴിവച്ച സാം ആൾട്ട്മാന്റെയും ഗ്രെഗ് ബ്രോക്ക്മാന്റെയും വരവ് മൈക്രോസോഫ്ടിന്റെ അഡ്വാൻസ് എഐ റിസർച്ചിനെ ഏറെ ദൂരം മുന്നോട്ട് കൊണ്ടുപോകും എന്ന് സത്യനാദെല്ലയും സംഘവും കണക്കുകൂട്ടുന്നു.
എൽഎൽഎമ്മുകളെ പരിശീലിപ്പിക്കാനും എൻവിഡിയയെ ആശ്രയിക്കുന്നത് ഒഴിവാക്കാനും സ്വന്തം എഐ ചിപ്പ് നിർമ്മിച്ചതായി മൈക്രോസോഫ്റ്റ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ക്ലൗഡ് വർക്ക്ലോഡുകൾക്കായി സ്വന്തമായി ആം അധിഷ്ഠിത സിപിയുവും നിർമ്മിച്ചിട്ടുണ്ട്. രണ്ട് ഇഷ്‌ടാനുസൃത സിലിക്കൺ ചിപ്പുകളും അതിന്റെ അസൂർ ഡാറ്റാ സെന്ററുകളെ ശക്തിപ്പെടുത്തുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഈ നീക്കങ്ങൾക്കെല്ലാം കൂടുതൽ കരുത്തുപകരാൻ സാം ആൾട്ട്മാന്റെ വരവ് മൈക്രോസോഫ്ടിനെ സഹായിക്കും.


Click it and Unblock the Notifications








