വിദ്യാർഥികൾക്ക് കേന്ദ്രത്തിന്റെ സൗജന്യ ലാപ്ടോപ്പ് എന്ന് കേട്ടാൽ ചാടിവീഴരുത്, ലോക തട്ടിപ്പാണ്!
ഇപ്പോൾ സ്കൂൾ തുറന്ന സമയമാണ്. പാവപ്പെട്ട കുട്ടികൾക്കായി വിവിധ സഹായങ്ങളും മറ്റുമായി നിരവധിപേർ മുന്നോട്ടുവരുന്ന നല്ല വാർത്തകൾ നാം കേട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഈ സമയത്തുതന്നെ വിദ്യാർഥികളെ കുഴപ്പത്തിൽ ചാടിക്കുന്ന പ്രവർത്തനങ്ങളും മറുവശത്ത് നടക്കുന്നുണ്ട്. തട്ടിപ്പിന് വഴി അന്വേഷിച്ച് നടക്കുന്ന സൈബർ ക്രിമിനലുകളാണ് വിദ്യാർഥികളെ ലക്ഷ്യമിട്ട് രംഗത്തെത്തിയിരിക്കുന്നത്.
വിദ്യാർഥികൾക്ക് കേന്ദ്രം സൗജന്യ ലാപ്ടോപ്പ് നൽകുന്നു എന്ന വ്യാജവാർത്ത പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സർക്കാർ നൽകുന്ന ഈ സൗജന്യ ലാപ്ടോപ്പ് ലഭിക്കണമെങ്കിൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ചില വിവരങ്ങളും രേഖകളും നൽകണമെന്നാണ് തട്ടിപ്പുകാർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ പിഐബിയുടെ ഫാക്ട്ചെക്ക് വഴി പരിശോധിച്ചാൽ ഇത് തട്ടിപ്പാണെന്ന് വ്യക്തമാകും.

പ്രധാനമന്ത്രി സൗജന്യ ലാപ്ടോപ്പ് പദ്ധതി 2023-24 എന്ന തലക്കെട്ടിലാണ് വ്യാജ വാർത്ത പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ യാതൊരു പദ്ധതിയും കേന്ദ്ര സർക്കാർ നൽകുന്നില്ല എന്നതാണ് വാസ്തവം. പിഐബി ഫാക്ട് ചെക്ക് വഴി പരിശോധിച്ചാൽ സൗജന്യ ലാപ്ടോപ് പദ്ധതിയില്ല എന്ന് ആർക്കും വ്യക്തമാകും.
സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള വ്യാജ വെബ്‌സൈറ്റ് ഉൾപ്പെടെ തയാറാക്കി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉൾപ്പെടെ പേരുകൾ ദുരുപയോഗം ചെയ്തുകൊണ്ടാണ് വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്. ഇതോടെ ഏതൊരാളും ഒറ്റനോട്ടത്തിൽ സംഭവം സത്യമാണെന്ന് വിശ്വസിച്ചുപോകുന്നു. തട്ടിപ്പ് നടത്താൻവേണ്ടി വ്യാജ വാർത്തയോടൊപ്പം ഈ വ്യാജ വെബ്സൈറ്റും സൈബർ ക്രിമിനലുകൾ തന്നെ സൃഷ്ടിക്കുന്നതാണ്.
ഏതാണ്ട് മൂന്ന് മാസം മുമ്പും ഇത്തരത്തിൽ പ്രധാനമന്ത്രി സൗജന്യ ലാപ്ടോപ്പ് പദ്ധതി 2023-24 എന്ന പേരിൽ ഒരു വ്യാജ വെബ്‌സൈറ്റ് പ്രത്യക്ഷപ്പെടുകയും ആളുകളെ കബളിപ്പിക്കാൻ ശ്രമം നടക്കുകയും ചെയ്തിരുന്നു. എന്നാൽ വളരെപ്പെട്ടെന്ന് ഇത് വ്യാജവെബ്സൈറ്റ് ആണ് എന്ന വിവരം പുറത്തുവന്നു. അതോടെ അധികൃതർ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്ത് തട്ടിപ്പിന് തടയിടുകയായിരുന്നു.
കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും പോസ്റ്റർ രൂപത്തിൽ വ്യാജവാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ വീഴാതിരിക്കാൻ വിദ്യാർഥികളും മാതാപിതാക്കളും ജാഗ്രത പാലിക്കണം. വിവരങ്ങൾ പരിശോധിക്കാൻ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക എന്നുപറഞ്ഞ് തട്ടിപ്പുകാർ നൽകുക അവർതന്നെ സൃഷ്ടിച്ച വ്യാജ വെബ്സൈറ്റിന്റെ ലിങ്കാണ്. അതിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവയ്ക്കുന്നത് കള്ളന്റെ കൈയിൽ താക്കോൽ നൽകുന്നതിന് തുല്യമാണ്.

പ്രധാനമന്ത്രി സൗജന്യ ലാപ്ടോപ്പ് പദ്ധതി എന്ന പേരിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജ പോസ്റ്ററിലെ വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഈ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് തട്ടിപ്പിൽനിന്ന് സ്വയം രക്ഷപ്പെടാനും മറ്റുള്ളവരെ രക്ഷിക്കാനും സഹായിക്കും. വ്യാജ പോസ്റ്ററിലെ വാക്യങ്ങൾ ശരിയായ രൂപത്തിലല്ല പ്രയോഗിച്ചിരിക്കുന്നത്. അതിൽനിന്ന് തന്നെ സംഭവം വ്യാജനാണ് എന്ന് മനസിലാക്കാൻ സാധിക്കും.
വിദ്യാർഥികളെയും മാതാപിതാക്കളെയും തട്ടിപ്പിൽ വീഴ്ത്താൻ പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇതാ: "ഇന്ത്യ സർക്കാർ ഈ പ്രധാനമന്ത്രി സൗജന്യ ലാപ്‌ടോപ്പ് സ്കീം ആരംഭിച്ചിരിക്കുന്നു, ഇത് എല്ലാ ഇന്ത്യാ സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ളതാണ്, യോഗ്യരായ എല്ലാ വിദ്യാർത്ഥികൾക്കും ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.pmflsgovt.in ആണെങ്കിലും PM സൗജന്യ ലാപ്‌ടോപ്പ് സ്കീമിന് അപേക്ഷിക്കാം''.
''പ്രധാനമന്ത്രി സൗജന്യ ലാപ്‌ടോപ്പ് സ്കീമിന് കീഴിൽ പതിനൊന്നാം ക്ലാസ്, പന്ത്രണ്ട്, ബിഎ-1, ബിഎ-2, ബിഎ-3, ബിഎ-4, ബിഎ-5, ബിഎ-6 സെമസ്റ്റർ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും രജിസ്റ്റർ ചെയ്യാമെന്ന് ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി സൗജന്യ ലാപ്‌ടോപ്പ് പദ്ധതിയുടെ ലിങ്ക് ലഭിക്കാൻ 2023-24 അധ്യയനവർഷത്തേക്കുള്ള രജിസ്‌ട്രേഷൻ ഫോം സമർപ്പിക്കുകയും അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുകയും വേണം''.
''ലോഗിൻ ചെയ്ത് ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കണം. അതിനാൽ പ്രധാനമന്ത്രി സൗജന്യ ലാപ്‌ടോപ്പ് സ്കീമിന് അപേക്ഷിക്കുന്നതിന് മുമ്പ് ഈ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും എല്ലാ വിശദാംശങ്ങളും പരിശോധിക്കുക. ലെനോവോ ഇന്റൽ സെലറോൺ ഡ്യുവൽ കോർ (8GB/256 GB SSD/Windows 11) ലാപ്‌ടോപ്പ് ക്രെഡിറ്റ് ചെയ്യുമെന്ന് ഇന്ത്യാ ഗവൺമെന്റ് തീരുമാനിച്ചു''.
''പ്രധാനമന്ത്രി സൗജന്യ ലാപ്‌ടോപ്പ് സ്കീം 2023-24 അക്കാദമിക് സെഷൻ കാലയളവിൽ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.''- എന്നാണ് തട്ടിപ്പുകാർ പുറത്തിറക്കിയിരിക്കുന്ന വ്യാജ അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. ഇതിൽ വാചകങ്ങൾ പലതും തെറ്റായ രീതിയിലാണ് കാണുന്നത്. സർക്കാർ വകുപ്പുകൾ പുറത്തിറക്കുന്ന അറിയിപ്പിൽ ഗുരുതരമായ വ്യാകരണത്തെറ്റുകൾ ഉണ്ടാകാറ് പതിവില്ല.
പാവപ്പെട്ട വിദ്യാർഥികൾക്ക് ഉപകാരപ്പെടും എന്നതിനാൽ ഈ വ്യാജവാർത്ത കാണുന്നവരെല്ലാം അത് മറ്റുള്ളവരുമായി പങ്കിടാൻ സാധ്യതയുണ്ട്. അ തിനാൽ ഇത്തരമൊരു തട്ടിപ്പ് നടക്കുന്നതായി മറ്റുള്ളവരെ അറിയിക്കാനും ''പ്രധാനമന്ത്രി സൗജന്യ ലാപ്ടോപ്പ് പദ്ധതി 2023-24'' എന്ന വ്യാജവാർത്ത കണ്ടാൽ അത് പങ്കിടാതിരിക്കാനും എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.


Click it and Unblock the Notifications








