ഐഫോൺ 15ന്റെ സ്ക്രീൻ മങ്ങുന്നു; അടിമുടി പ്രശ്നങ്ങൾ, ആപ്പിളിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
പുതിയ ഐഫോൺ 15 സീരീസ് ഫോണുകൾക്ക് മറ്റൊരു ഗുരുതര പ്രശ്നം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഫോണിന്റെ സ്ക്രീൻ ഇടയ്ക്കിടെ മങ്ങുന്നു എന്നതാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന പ്രശ്നം. വളരെ പ്രതീക്ഷയോടെ മാർക്കറ്റിൽ എത്തിയ ഫോണുകൾ ആയിരുന്നു ആപ്പിൾ 15 സീരീസ് ഫോണുകൾ. എന്നാൽ നിരവധി പ്രശ്നങ്ങളാണ് ഇപ്പോൾ ഫോണിന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നെരത്തെ ഫോണിന്റെ ടൈറ്റാനിയം ഫ്രയിമിന്റെ നിറം മങ്ങുന്നു, ഫോൺ വലിയ തോതിൽ ചൂടാകുന്നു എന്ന തരത്തിലുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല ചില ഫോണുകൾ അപ്രതീക്ഷിതമായി ഷട്ട് ഡൗൺ ആകുന്നു എന്നും ചില പരാതികൾ ഉയർന്നിരുന്നു. എന്നാൽ ഇവ ബഗിന്റെ പ്രശ്നം ആണെന്നും പുതിയ സോഫ്റ്റുവെയർ അപ്ഡേഷനിൽ ശരിയാകുമെന്നും ആയിരുന്നു ആപ്പിളിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ പ്രശ്നവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഐഫോൺ 15 പ്രോ, 15 പ്രോ മാക്സ് എന്നീ ഫോണുകൾക്കാണ് പ്രധാനമായും ഈ പ്രശ്നം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വലിയ രീതിയിൽ സ്‌ക്രീൻ ബേൺ പ്രശ്‌നങ്ങൾ നേരിടുന്നു എന്നാണ് ഉപഭോക്താക്കളുടെ പ്രധാന പരാതി. ഇതിനോടകം തന്നെ നിരവധി ഉപഭോക്താക്കൾ ഈ പ്രശ്നം സോഷ്യൽ മീഡിയകളിൽ ഉയർത്തി കാണിക്കുന്നുണ്ട്. എക്സിൽ തരുൺ വാട്സ് എന്ന് അറിയപ്പെടുന്ന ഉപഭോക്താക്കവ് ഇതിന്റെ ചിത്രങ്ങൾ അടക്കം പങ്കുവെച്ചിട്ടുണ്ട്. 15 പ്രോ മാക്‌സിന്റെ ചിത്രമാണ് ഇദ്ദേഹം പങ്കിട്ടിരിക്കുന്നത്.
"ആപ്പിളിന്റെ ഐഫോൺ 15 പ്രോ മാക്‌സിന് സ്‌ക്രീൻ ബേൺ- ഇൻ പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. കമ്പനിക്ക് ഈ വർഷം ലഭിച്ച പരാതികളുടെ എണ്ണം വർധിച്ചു വരുകയാണ്" എന്നാണ് ട്വീറ്റിൽ ഇദ്ദേഹം പറഞ്ഞിരിക്കുന്നത്. അതേ സമയം നേരത്തെ നിരവധി പരാതികൾ പുതിയ ഫോണിന് നേരെ ലഭിച്ചപ്പോൾ ബഗ് പ്രശ്നങ്ങൾ ആണെന്ന് പറഞ്ഞ് തലയൂരിയെങ്കിലും ഇത്തവണ ഉയർന്ന ആരോപണങ്ങളോട് ആപ്പിൾ പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

അതിനിടെ ഈ വാർത്ത പുറത്ത് വിട്ട പിയൂണിക്കവെബ് എന്ന മാധ്യമം ഈ പ്രശ്നത്തിൽ ഒരു പരിഹാരം മുന്നോട്ട് വയ്ക്കുന്നുണ്ട്. വിവിധ സ്ക്രീൻ സേവറുകൾ ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും എന്നാണ് പിയൂണിക്കവെബ് പറയുന്നത്. സ്ക്രീൻ സെവറുകൾ ആക്ടീവ് ആക്കുമ്പോൾ പിക്സലുകൾ പുതുക്കുപ്പെടും. ഒരേ ടെക്സ്റ്റും ചിത്രങ്ങളും തുടർച്ചയായി സ്ക്രീനിൽ പ്രദർശിപ്പിക്കേണ്ടി വരുമ്പോഴാണ് ഡിസ്പ്ലേയിലെ പിക്സലുകൾ പ്രവർത്തിക്കാതെ ഇരിക്കുന്നത്.
സ്ക്രീൻ സേവറുകൾ നൽകിയാൽ ഈ പിക്സലുകൾ എപ്പോഴും പ്രവർത്തിക്കുന്നത് വഴി ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും എന്നാണ് ഇവർ നിർദേശിക്കുന്നത്. അതേ സമയം ഇത് ആപ്പിളിന്റെ നിർദേശമല്ല ഒരു ടെക് മാധ്യമത്തിന്റെ നിർദേശം ആണെന്ന് ഉപഭോക്താക്കൾ മനസിലാക്കിയിരിക്കണം. നേരത്തെ റിപ്പോർട്ട് ചെയ്ത ഓവർ ഹീറ്റിങ് പ്രശ്നം സോഫ്റ്റുവെയർ ബഗിന്റേത് ആയിരുന്നു എന്നാണ് ആപ്പിൾ പറഞ്ഞിരുന്നത്. ഫോണിന്റെ നിറം മാറുന്ന പ്രശ്നങ്ങൾക്കും ആപ്പിൾ പരിഹാരം നിർദേശിച്ചിരുന്നു.
ടൈറ്റാനിയം ഫ്രൈയിം ഉള്ള ഫോണിൽ എണ്ണമയമോ മറ്റ് അഴുക്കോ ഉള്ള കൈകൾ കൊണ്ട് സ്പർശിക്കുന്നതിനാൽ നടക്കുന്ന രാസ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഫോണിന്റെ നിറം മാറുന്നതെന്ന് ആയിരുന്നു ആപ്പിളിന്റെ വിശദീകരണം. പ്രശ്നം തനിയെ ശരിയാകുമെന്നും ഉപഭോക്താക്കൾ നിരാശപ്പെടേണ്ട കാര്യമില്ല എന്നും ആപ്പിൾ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 12ന് ആയിരുന്നു ആപ്പിൾ പുതിയ ഫോണുകൾ അവതരിപ്പിച്ചത്. പിന്നാലെ ഉടൻ തന്നെ വിൽപനയ്ക്കും എത്തി.
ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നിവയാണ് ഐഫോൺ 15 സീരീസിൽ ആപ്പിൾ പുറത്തിറക്കിയ ഫോണുകൾ. ഇവയ്ക്കൊപ്പം പുതിയ വാച്ചുകളും ആപ്പിൾ പുറത്തിറക്കിയിരുന്നു. ഓരോ വർഷവും സെപ്റ്റംബർ മാസത്തിൽ ആണ് ആപ്പിൾ പുതിയ ഫോണുകൾ പരിചയപ്പെടുത്തുന്നത്. അടുത്ത വർഷം സെപ്റ്റംബറിൽ കൂടുതൽ സവിശേഷതകളോടെ ഐഫോൺ 16 സീരീസ് ഫോണുകൾ ആപ്പിൾ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








