ഇനി ഫോൺ സ്ക്രീൻ പൊട്ടിയാൽ വിഷമിക്കണ്ട; തനിയേ ശരിയായിക്കോളും, കാരണം ഇതാണ്
സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഫോണിന്റെ ഡിസ്പ്ലേയ്ക്ക് ഏൽക്കുന്ന പൊട്ടലുകളും പോറലുകളും. കൈയ്യിൽ നിന്ന് ഫോൺ അറിയാതെ താഴെ വീണാലോ അല്ലെങ്കിൽ വേറെ എന്തെങ്കിലും സാധനങ്ങൾ ഫോണിന്റെ മുകളിൽ വീണാലോ ഇത്തരത്തിൽ ഡിസ്പ്ലേയ്ക്ക് പൊട്ടലുകൾ സംഭവിക്കാവുന്നതാണ്. നിരവധി ആളുകളുടെ ഫോണിന്റെ ഡിസ്പ്ലേയിൽ ഇത്തരത്തിലുള്ള പൊട്ടലുകൾ കാണാൻ സാധിക്കുന്നതാണ്.
എന്നാൽ ഇനി മുതൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കുറയും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാരണം ഈ പ്രശ്നത്തിന് പരിഹാരമായി പുതിയ ഒരു സാങ്കേതിക വിദ്യ വരുന്നു. സ്ക്രീനുകളിൽ പൊട്ടൽ വീണാൽ അന്തരീക്ഷത്തിലെ വായുവും ബാഷ്പവുമായി ചേർന്ന് പുതിയ പ്രതലം നിർമ്മിക്കും ഇത് സ്ക്രീനിന്റെ പൊട്ടലിന്റെ ഇടയിൽ ചെന്ന് പൊട്ടിയ ഭാഗത്തെ റിപ്പയർ ചെയ്ത് പഴയ രീതിയിൽ ആക്കും.

ചുരുക്കത്തിൽ ഇത്തരം പൊട്ടലുകൾ സംഭവിക്കുമ്പോൾ ഇത് തനിയേ ശരിയാകും എന്ന് അർത്ഥം. നാനോ കോട്ടിങ്, അല്ലെങ്കിൽ സെൽഫ് ഹീലിങ് ഡിസ്‌പ്ലേ എന്നായിരിക്കും ഈ സാങ്കേതിക വിദ്യ അറിയപ്പെടുക. ഇത്തരത്തിലുള്ള സ്ക്രീനുകൾ നിർമ്മിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. അധികം വൈകാതെ തന്നെ ഈ സാങ്കേതിക വിദ്യ സ്മാർട്ട് ഫോണുകളിൽ ഉൾപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
അനലിസ്റ്റ് സ്ഥാപനമായ സിസിഎസ് ഇൻസൈറ്റ് ആണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഇത് ആദ്യമായല്ല ഇത്തരത്തിലുള്ള ഒരു സാങ്കേതിക വിദ്യയെ കുറിച്ച് ടെക് ലോകം ചിന്തിക്കുന്നത്. നേരത്തെ 2013ൽ എൽജി എന്ന കമ്പനി ഇതിന് സമാനമായ ഒരു ടെക്നോളജി പ്രഖ്യാപിച്ചിരുന്നു. ഒരു കർവ്ഡ് സ്മാർട്‌ഫോൺ ഡിസ്‌പ്ലേയുള്ള ഫോൺ ആയിരുന്നു അന്ന് എൽജി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ ഫോൺ നിർമ്മിക്കാനുള്ള ശ്രമം എൽജി ഉപേക്ഷിക്കുകയായിരുന്നു.

എൽജി ജി ഫ്‌ളെക്‌സ് എന്നായിരുന്നു ഈ ഫോണിന് കമ്പനി പേര് നൽകിയിരുന്നത്. അതേ സമയം ഫോൺ സ്ക്രീനിന് ഏൽക്കുന്ന ചെറിയ രീതിയിലുള്ള പോറലുകളും പൊട്ടലുകളും മാത്രമാണ് നാനോ കോട്ടിങ് സംവിധാനം വഴി ശരിയാക്കാൻ സാധിക്കു. വലിയ രീതിയിലുള്ള പൊട്ടലുകൾ സംഭവിച്ചാൽ ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കില്ലെന്നും സിസിഎസ് ഇൻസൈറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. ദിവസേനയുണ്ടാകുന്ന സ്ക്രാച്ചുകൾ ഇല്ലാതാക്കാൻ ഇതിന് സാധിക്കും.
നിലവിൽ ആപ്പിൾ, മൊട്ടറോള തുടങ്ങിയ മുൻനിര സ്മാർട്ട്ഫോൺ കമ്പനികൾ ഈ സാങ്കേതിക വിദ്യയ്ക്കായി പേറ്റൻറുകൾ സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ തന്നെ സെൽഫ് ഹീലിങ് ഡിസ്‌പ്ലേ ഉള്ള ഫോണുകൾ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഫോണുകളുടെ സ്ക്രീനുകൾ സംരക്ഷിക്കാനായി പലരും സ്ക്രീൻ ഗാർഡുകൾ ഉപയോഗിക്കാറുണ്ട്. എങ്കിലും ഒരു പരുധി വരെയുള്ള സംരക്ഷണം മാത്രമാണ് ഇത്തരം സ്ക്രീൻ ഗാർഡുകൾക്ക് വാഗ്ദാനം ചെയ്യാൻ സാധിക്കു.
വലിയ രീതിയിലുള്ള ആഘാതങ്ങൾ വല്ലതും സംഭവിച്ചാൽ സ്ക്രീനിന് സാരമായി തന്നെ പൊട്ടൽ പറ്റിയേക്കാം. എങ്കിലും സ്ക്രീൻ ഗാർഡുകളെ അപേക്ഷിച്ച് കുറച്ചൂകൂടി മികച്ച് നിൽക്കുന്ന ടെക്നോളജി ആയിരിക്കും സെൽഫ് ഹീലിങ് ഡിസ്‌പ്ലേ എന്നത്. മെമ്മറി പോളിമർ ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യ ആയിരിക്കും ഇത്. ഫോണിൽ നിന്നുള്ള ചൂട് ആഗീരണം ചെയ്താണ് സ്ക്രീനിലെ പോറൽ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നത്. പിന്നീട് വായുവും ബാഷ്പവുമായി ചേർന്ന് പുതിയ പ്രതലം സ്ക്രാച്ചുകൾക്കിടയിൽ നിർമ്മിക്കും.
ആപ്പിളിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഫോൾഡബിൾ ഫോണിന് ഒരു പക്ഷെ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ക്രീൻ നൽകാൻ സാധ്യത ഉണ്ടെന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഇത്തരം സ്ക്രീനുകൾ നിർമ്മിക്കാനായി വില വളരെക്കൂടുതൽ ആയിരിക്കും ആയതിനാൽ തന്നെ പ്രീമിയം ഫോണുകളിൽ ആയിരിക്കും സെൽഫ് ഹീലിങ് ഡിസ്‌പ്ലേ ആദ്യം എത്തുക. ശേഷം മാത്രമേ മറ്റ് ഫോണുകളിലേക്ക് ഇവ എത്തു.


Click it and Unblock the Notifications








