പഴകിയ ഭക്ഷണം മണത്ത് കണ്ടുപിടിക്കാൻ എഐ മൂക്ക്; നായ്ക്കളെക്കാൾ ആയിരം മടങ്ങ് അധികം ഘ്രാണശക്തി!
മനുഷ്യൻ അടക്കമുള്ള ജീവിവർഗത്തിന്റെ ശരീര ഘടനയെയും അവയവങ്ങളുടെ പ്രവർത്തന രീതിയെപ്പറ്റിയുമൊക്കെ ചിന്തിച്ചാൽ നമുക്ക് പലപ്പോഴും അദ്ഭുതം തോന്നിപ്പോകും. അത്തരത്തിൽ അതിശയിപ്പിക്കുന്ന ഒരു അവയവമാണ് മൂക്ക്. ശ്വസിക്കാനുള്ള അവയവം എന്നതിനപ്പുറം, ഒട്ടനവധി വ്യത്യസ്ത ഗന്ധങ്ങൾ തിരിച്ചറിയാനുള്ള അതിമനോഹരമായ ശേഷി മനുഷ്യരുടെ മൂക്കിന് ഉണ്ട്.
ഓരോ മനുഷ്യന്റെ മൂക്കിലും ഏകദേശം 400 സുഗന്ധ റിസപ്റ്ററുകളുണ്ട് എന്നാണ് പറയപ്പെടുന്നത്. ഒരു ട്രില്യൺ വ്യത്യസ്ത ഗന്ധങ്ങൾ കണ്ടെത്താൻ ശേഷിയുള്ള ഈ മൂക്ക് പ്രകൃതിയുടെ അത്ഭുതമാണ്. പലവിധ മണങ്ങൾ തിരിച്ചറിയാനുള്ള മൂക്കുകളുടെ ഈ ശേഷി ഒരു ശാസ്ത്രീയ ഉപകരണത്തിലേക്ക് പകർത്തുകയെന്നത് ഏറെ നാളായി അതിസങ്കീർണ്ണമായൊരു വെല്ലുവിളിയായിരുന്നു.

എന്നാലിപ്പോൾ എഐയുടെയും മറ്റും സഹായത്തോടെ, മൂക്കുകളുടെ ഘ്രാണ ശേഷി അനുകരിക്കാൻ സാധിക്കുന്ന ഒരു ഇലക്ട്രോണിക് മൂക്ക് ( electronic noses ) വികസിപ്പിച്ചെടുത്തിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഇസ്രായേൽ കമ്പനിയായ സെൻസിഫിയാണ് യഥാർഥ മൂക്കിനെപ്പോലെ മണം തിരിച്ചറിയാൻ ശേഷിയുള്ള ഈ എഐ ഇലക്ട്രോണിക് മൂക്ക് നിർമിച്ചിരിക്കുന്നത്.
ഭൂമിയിലെ ജീവജാലങ്ങളിൽ മണം പിടിക്കാൻ ഏറ്റവുമധികം ശേഷിയുള്ളത് നായകൾക്കാണ് എന്നാണ് നമ്മുടെ വിശ്വാസം. എന്നാൽ, മണം പിടിക്കാനുള്ള നായ്ക്കളുടെ ശക്തിയെക്കാൾ 1000 മടങ്ങ് കൂടുതൽ ശേഷി ഈ ഇലക്ട്രോണിക് മൂക്കിന് ഉണ്ട് എന്നാണ് ഇതിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. സെൻസിഫി എന്നാണ് ഈ ഇലക്ട്രോണിക് മൂക്കിന് കമ്പനി നൽകിയിരിക്കുന്ന പേര്.

ഭക്ഷ്യസുരക്ഷയിൽ നിർണായകമായ സംഭാവന നൽകാൻ ഈ ഇലക്ട്രിക് മൂക്കിന് കഴിയും എന്നാണ് സെൻസിഫിയുടെ കോ ഡെവലപ്പറും ബെൻ ഗുറിയോൺ യൂണിവേഴ്സിറ്റി ഓഫ് നെഗേവിലെ കെമിസ്ട്രി പ്രൊഫസറുമായ പ്രൊഫസർ റാസ് ജെലിനെക് വിശദീകരിക്കുന്നത്. സാൽമൊണെല്ലയും ഇ- കോളിയുമാണ് ഭക്ഷണത്തിലെ പ്രധാന അപകടകാരികളായ ബാക്ടീരിയകൾ.
സാൽമൊണല്ല, ഇ-കോളി പോലുള്ള ബാക്ടീരിയകൾക്ക് വൈദ്യുത സിഗ്നലുകളുള്ള വ്യത്യസ്തമായ "ഇലക്‌ട്രോണിക് വ്യക്തിത്വങ്ങൾ"(electronic personality") ഉണ്ട്. ഈ ബാക്ടീരിയകൾ പുറപ്പെടുവിക്കുന്ന അസ്ഥിരമായ ഓർഗാനിക് സംയുക്തങ്ങൾ (volatile organic compounds) കണ്ടുപിടിക്കാൻ, സെൻസിഫിയുടെ ഇ-മൂക്കുകൾക്ക് സാധിക്കും. കാർബൺ നാനോപാർട്ടിക്കിളുകളാൽ പൊതിഞ്ഞ ഇലക്ട്രോഡുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഹൈടെക് സെൻസറുകൾ ഉപയോഗിച്ചാണ് ഇത് സാധിക്കുന്നത്.
വ്യത്യസ്തങ്ങളായ ബാക്ടീരിയകൾ സൃഷ്ടിക്കുന്ന വിവിധ വിഒസികൾ സെൻസിഫിയുടെ മെഷീനിൽ ഒരു പ്രത്യേക വൈദ്യുത സിഗ്നൽ സൃഷ്ടിക്കുന്നു. ഇതിലെ എഐ സോഫ്‌റ്റ്‌വെയർ സിസ്റ്റം അതിന്റെ വിപുലമായ ഡാറ്റാബേസ് ഉപയോഗിച്ച് ഈ സിഗ്നലിനെ ക്രോസ്-റഫറൻസ് ചെയ്യുന്നു, തുടർന്ന് ഉപയോക്താവിനെ വിവരം അറിയിക്കുന്നു. ഒരു മണിക്കൂറിനകം ടെസ്റ്റ് ഫലം നൽകാൻ ഈ സെൻസിഫി മൂക്കിന് സാധിക്കും.
സാധാരണയായി ഫുഡ് സാമ്പിളുകൾ ലബോറട്ടറികളിലേക്ക് അയയ്ക്കുകയും ഫലം ലഭ്യമാകാൻ മണിക്കൂറുകളും ദിവസങ്ങളും എടുക്കുകയും ചെയ്യുന്ന പരമ്പരാഗത പരിശോധനാ രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് സെൻസിഫിയുടെ പരിശോധനാ രീതി. സമയലാഭം മാത്രമലല്ല, ഓൺ-സൈറ്റ് ടെസ്റ്റിങ്ങും സെൻസിഫി മൂക്ക് വാഗ്ദാനം ചെയ്യുന്നു. ഈ മൂക്കുകളുടെ വില കമ്പനി പുറത്തുവിട്ടിട്ടില്ല.
പഴകിയ ഫുഡ് മണത്ത് പരിശോധിക്കാനും മറ്റും സാധിക്കുന്ന ഈ മെഷീൻ അഥവാ ഇലക്ട്രോണിക് മൂക്ക് കുറഞ്ഞ വിലയിൽ തന്നെ ലഭ്യമാകും എന്നാണ് ബിബിസി അടക്കം റിപ്പോർട്ട് ചെയ്യുന്നത്. ഭക്ഷ്യ വ്യവസായ മേഖലയിൽ പതിറ്റാണ്ടുകളായി തുടരുന്ന പഴകിയ പരിശോധനാ രീതികൾ പൊളിച്ചെഴുതാൻ ഈ സെൻസിഫി മൂക്കിന് സാധിക്കും എന്നാണ് കരുതപ്പെടുന്നത്.

എഐ ഫീച്ചർ സഹിതം എത്തുന്നതിനാൽ ഇത് കൂടുതൽ കാര്യക്ഷമമാണ് എന്ന് സെൻസിഫിയുടെ സിഇഒ മോദി പെലെഡ് പറയുന്നു. നമ്മുടെ നാട്ടിൽ ഭക്ഷ്യ വിഷബാധമൂലം ആളുകൾ മരിച്ച സംഭവങ്ങൾ ഒന്നിലേറെ തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല, ആഗോള തലത്തിൽ തന്നെ ഭക്ഷ്യവിഷബാധ വലിയ ഭീഷണിയാണ്.
യുഎസിൽ, 48 ദശലക്ഷം ആളുകൾ, അല്ലെങ്കിൽ ആറിലൊരാൾ, ഓരോ വർഷവും ഭക്ഷ്യവിഷബാധയാൽ രോഗികളാകുന്നു. ഇവരിൽ 128,000 പേർ ആശുപത്രിയിൽ ചികിത്സ തേടേണ്ടിവരുന്നു, 3,000 പേർ മരിക്കുന്നു. അതേപോലെ യുകെയിൽ, പ്രതിവർഷം 2.4 ദശലക്ഷം ഭക്ഷ്യവിഷബാധകളും 180 ൽ ഏറെ മരണവും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ഭക്ഷ്യവിഷബാധയുടെ ഈ വെല്ലുവിളി നേരിടാൻ ഇലക്ട്രോണിക് മൂക്കിന് സാധിക്കും എന്നാണ് കമ്പനി അധികൃതർ പറയുന്നത്. വേഗത്തിൽ ബാക്ടീരിയ കണ്ടെത്താനായാൽ, ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നത് ഒഴിവാക്കാൻ കമ്പനികൾക്ക് സാധിക്കും. സൂപ്പർ മാർക്കറ്റുകളിലും റസ്റ്ററന്റുകളിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വലിയ പങ്കുവഹിക്കാൻ എഐ പിന്തുണയുള്ള സെൻസിഫിയുടെ മൂക്കിന് സാധിക്കും.
Image credit: BBC


Click it and Unblock the Notifications








