സ്മാര്‍ട് മെനു; ഭക്ഷണവും ഇനി വിരല്‍ത്തുമ്പില്‍

Posted By:

ഇനി കേരളത്തിലെ മുന്തിയ ഹോട്ടലുകളില്‍ ചെന്നാല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സപ്ലെയര്‍ വരുന്നതും നോക്കി ഇരിക്കേണ്ട. ഓരോ ഭക്ഷണത്തിലും അടങ്ങിയിരിക്കുന്ന പദാര്‍ഥങ്ങള്‍ എന്തൊക്കെ, അവ എങ്ങനെ പാകം ചെയ്യുന്നു തുടങ്ങിയവയൊക്കെ മനസിലാക്കിയ ശേഷം ഓര്‍ഡര്‍ നല്‍കാം. ആവശ്യപ്പെട്ട ഭക്ഷണത്തിന്റെ പാചകം ഏതുവരെ ആയി എന്നു കൃത്യമായി മനസിലാക്കാം... തീര്‍ന്നില്ല, പാചകക്കാരനുമായി സംസാരിക്കാനും സാധിക്കും.

സ്മാര്‍ട് മെനു; ഭക്ഷണവും ഇനി വിരല്‍ത്തുമ്പില്‍

സംഭവം എന്താണെന്നല്ലേ... സ്മാര്‍ട് മെനു എന്ന സംവിധാനമാണ് പുതിയ ഭക്ഷണ രീതിക്ക് ഹോട്ടലുകളില്‍ തുടക്കമിടുന്നത്. അതായത് അടുക്കളയില്‍ വരെ എത്തി സാങ്കേതിക വിദ്യ എന്നര്‍ഥം. കൊച്ചി ആസ്ഥാനമായ സിനി സോഫ്റ്റ് എന്ന കമ്പനി അവതരിപ്പിക്കുന്ന സംവിധാനമനുസരിച്ച് ഉയര്‍ന്ന റെസല്യൂഷനുള്ള ഡിസ്‌പ്ലെയോടു കുടിയ ഒരു ടച്ച് പാഡാണ് മെനുകാര്‍ഡ്.

ഇതില്‍ ഓരോ ഭക്ഷണ പദാര്‍ഥവും അതിന്റെ ചിത്രം, വീഡിയോ എന്നിവ സഹിതം കാണാനാകും. വിലയും രേഖപ്പെടുത്തിയിട്ടുണ്ടാകും. വിവിധ ഭാഷകളില്‍ ഇത് അറിയാന്‍ സാധിക്കും. ഓര്‍ഡര്‍ ചെയ്യുന്നതിന് ആവശ്യമായ ഭക്ഷണ പദാര്‍ഥത്തിനു വേരെയുള്ള ടാബില്‍ ക്ലിക് ചെയ്താല്‍ മതി.

ഉടന്‍തന്നെ ഓര്‍ഡര്‍ സംബന്ധിച്ച വിവരങ്ങള്‍ ഹോട്ടലിലെ അടുക്കളയിലും കാഷ്യറുടെ അടുത്തും. തുടര്‍ന്ന് അടുക്കളയില്‍ പാചകം എത്രത്തോളമായി. എന്തെല്ലാം പദാര്‍ഥങ്ങളാണ് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ടച്ച് പാഡിലൂടെ അറിയാം. കൂടാതെ ഷെഫുമായി സംസാരിക്കുകയും ചെയ്യാം. ഇതിനൊക്കെ പുറമെ ഭക്ഷണം മുന്നിലെത്തുന്നതു വരെ സമയം കളയാന്‍ സ്മാര്‍ട്‌മെനുവില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുകയും ചെയ്യാം എന്നതാണ്.

വളരെ ആസൂത്രിതമായ രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ഓരോ സപ്ലെയര്‍മാര്‍ക്കും യൂസര്‍ ഐ.ഡിയും പാസ്‌വേഡും ഉണ്ടാകും. അത് ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്ത ശേഷം ടേബിള്‍ നമ്പറും ആ മേശയില്‍ ഇരിക്കുന്ന അതിഥികളുടെ എണ്ണവും രേഖപ്പെടുത്തണം. തുടര്‍ന്ന് ഉപഭോക്താവിന് സ്മാര്‍ട് മെനു കൈമാറാം. ഓര്‍ഡര്‍ ചെയ്യുന്നതുള്‍പ്പെടെ ബാക്കിയെല്ലാം മുകളില്‍ പറഞ്ഞ രീതിയില്‍ ഉബഭോക്താവിന് ചെയ്യാവുന്നതാണ്.

10 ടച്ച് പാഡുകള്‍ ഉള്‍പ്പെടുന്ന സ്മാര്‍ട് മെനു സംവിധാനം പൂര്‍ണമായി നടപ്പിലാക്കാന്‍ ഏകദേശം 5.6 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് ഇതിന്റെ നിര്‍മാതാക്കളായ സിനി സോഫ്റ്റ് മാനേജിംഗ് ഡയരക്റ്റര്‍ അനില്‍ എന്‍. നായര്‍ പറയുന്നത്.

2014 ജൂണോടെ സ്മാര്‍ട്‌മെനു വ്യാവസായികാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ കഴിയുമെന്നും ഇന്ത്യക്കു പുറമെ യു.കെ., യു.എസ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും ഉത്പന്നം ലോഞ്ച് ചെയ്യുമെന്നും അനില്‍ എന്‍. നായര്‍ പറഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot