കണ്ണടച്ച് തുറക്കും മുമ്പേ ജനുവരി തീർന്നു; പക്ഷേ നല്ല സ്മാർട്ട്ഫോണുകളുമായാണ് ഫെബ്രുവരിയുടെ വരവ്!
2024നോട് വിടപറഞ്ഞ് 2025 ജനുവരിയിലെ കലണ്ടർ ഭിത്തിയിൽ തൂക്കിയതേ പലർക്കും ഓർമ്മകാണൂ, അപ്പോഴേക്കും ജനുവരി തീർന്ന് ഫെബ്രുവരി എത്തിയിരിക്കുന്നു, ഇനി കലണ്ടർ ഫെബ്രുവരി ആക്കി തിരിച്ചിടണം. അക്കൂട്ടത്തിൽ ചില കാര്യങ്ങൾ കൂടി നോട്ട് ചെയ്യാൻ മറക്കേണ്ട, ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന പുതിയ സ്മാർട്ട്ഫോണുകളുടെ കാര്യമാണ് പറഞ്ഞത്. ഒരുപിടി മികച്ച സ്മാർട്ട്ഫോണുകൾ ഫെബ്രുവരിയിൽ ലോഞ്ചിന് തയാറെടുത്ത് നിൽക്കുന്നുണ്ട്. 28 ദിവസമേ ഉള്ളൂ എന്നതിനാൽ ജനുവരിയെക്കാൾ വേഗത്തിൽ തീരുമെങ്കിലും കിടിലോൽക്കിടിലം സ്മാർട്ട്ഫോണുകളിൽ ചിലത് സമ്മാനിച്ചിട്ടാകും ഈ ഫെബ്രുവരി വിടപറയുക. ഉടൻ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ആ സ്മാർട്ട്ഫോണുകൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
ഐക്യൂ നിയോ 10R (iQOO Neo 10R): ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്ഫോൺ ആണിത്. ഫെബ്രുവരിയിൽ ഇതിന്റെ ലോഞ്ച് ഉണ്ടാകും എന്ന് കമ്പനി ഉറപ്പിച്ചിട്ടുണ്ട്. നീലയും വെള്ളയും നിറങ്ങളിലുള്ള ഡ്യുവൽ-ടോൺ ബാക്ക് കവറും റേസിംഗ് ട്രാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ടെക്സ്ചറും ഈ ഫോണിലുണ്ടെന്ന് പറയപ്പെടുന്നു.

30000 രൂപയിൽ താഴെ വിലയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഐക്യൂ നിയോ 10R സെഗ്‌മെന്റിലെ ഏറ്റവും വേഗതയേറിയ സ്മാർട്ട്‌ഫോൺ ആയിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സ്നാപ്ഡ്രാഗൺ 8S Gen 3 ചിപ്‌സെറ്റ് കരുത്താക്കിയാകും ഐക്യൂ നിയോ 10R ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. 144Hz AMOLED ഡിസ്‌പ്ലേ, മികച്ച ക്യാമറ സജ്ജീകരണം എന്നിവയും ഇതിൽ ഉണ്ടാകും.
സാംസങ് ഗാലക്‌സി A36, സാംസങ് ഗാലക്‌സി A56: സാംസങ്ങിന്റെ അടുത്ത മിഡ്-റേഞ്ച് എ-സീരീസ് സ്മാർട്ട്ഫോണുകളായി ഗാലക്‌സി എ56, ഗാലക്‌സി എ36 എന്നിവ ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. അടുത്തിടെയായി ഒന്നിലധികം സർട്ടിഫിക്കേഷൻ പ്ലാറ്റ്‌ഫോമുകളിൽ ഈ ഫോണുകൾ കണ്ടെത്തിയിരുന്നു. ഇതിൽ ഗാലക്‌സി എ36 32,990 രൂപ വിലയിലും ഗാലക്‌സി എ56 മോഡൽ 43,990 രൂപ വിലയിലും ലോഞ്ച് ചെയ്യുമെന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്.

വിവോ വി50 സീരീസ്: ചൈനയിൽ നേരത്തെ പുറത്തിറക്കിയ വിവോ എസ്20 യുടെ റീബ്രാൻഡഡ് പതിപ്പായി വിവോ വി50 ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് റിപ്പോർട്ടുണ്ട്. ഫെബ്രുവരി 18 ന് ലോഞ്ച് ഉണ്ടാകുമെന്നാണ് സൂചന. സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ് കരുത്തിലാകും ഈ ഫോൺ എത്തുക. ഇതിലെ ക്യാമറ സജ്ജീകരണത്തിൽ ZEISS പിന്തുണയും ഉണ്ടാകും. ഇതിന്റെ വില 40,000- 50,000 രൂപ റേഞ്ചിലായിരിക്കാം.
ഓപ്പോ ഫൈൻഡ് N5 (വൺപ്ലസ് ഓപ്പൺ 2): സ്മാർട്ട്ഫോൺ ലോകം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡൽ ആണ് ഓപ്പോ ഫൈൻഡ് എൻ5. ഇതുവരെ അവതരിപ്പിക്കപ്പെട്ട ഫോൾഡബിൾ ഫോണുകളിൽ വച്ച് ഏറ്റവും സ്ലിം ആയിരിക്കും എന്നതാണ് ഈ ഫോണിന്റെ വരവിനെ ശ്രദ്ധേയമാക്കുന്നത്. ചൈനയിൽ ഓപ്പോ ഫൈൻഡ് എൻ5 എന്ന പേരിൽ ഇറങ്ങുന്ന ഇത് ആഗോളതലത്തിൽ വൺപ്ലസ് ഓപ്പൺ 2 എന്ന പേരിൽ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ട്.
ഷവോമി 15 സീരീസ്: മൊബൈൽ വേൾഡ് കോൺഗ്രസിന്റെ (MWC) ഭാഗമായി ഷവോമി 15 സീരീസിന് കീഴിൽ മൂന്ന് സ്മാർട്ട്ഫോണുകൾ ഉടൻ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ടുണ്ട്. ഷവോമി 15, ഷവോമി 15 പ്രോ, ഷവോമി 15 അൾട്ര എന്നിവയാണ് അവ്. ഈ സീരീസിലെ ഫോണുകളിൽ ലൈക്ക ക്യാമറകൾ, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ്, 90W ചാർജിംഗുള്ള 5,500mAh ബാറ്ററി എന്നിവ പ്രതീക്ഷിക്കാം.

ഇവയ്ക്ക് പുറമേ ടെക്നോ കർവ്, അസൂസ് റോഗ് ഫോൺ 9 സീരീസ് എന്നിവയും ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകളുടെ ലിസ്റ്റിലുണ്ട്. ടെക്നോയുടെ ആദ്യത്തെ കർവ്ഡ് ഡിസ്പ്ലേ സ്മാർട്ട്‌ഫോണായിരിക്കും ടെക്നോ കർവ്. ഇന്ത്യയിൽ 20,000 രൂപയിൽ താഴെ വിലയിൽ ഇത് അവതരിപ്പിക്കപ്പെട്ടേക്കും. അസൂസ് റോഗ് 9 സീരീസിൽ ഒരു സ്റ്റാന്റേർഡ് മോഡലും ഒരു പ്രോ മോഡലും ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ട്. 83,990 രൂപ പ്രാരംഭ വിലയിൽ ഈ സീരീസ് എത്തിയേക്കും.


Click it and Unblock the Notifications








