ബാറ്ററി ഊരാൻ ഇനി കടയിലേക്ക് ഓടേണ്ട; തുറക്കാൻ പറ്റുന്ന രീതിയിൽ ഉണ്ടാക്കിയാൽ മതിയെന്ന് പുതിയ നിയമം
അടുത്തകാലത്തായി മനുഷ്യന് ഏറെ ഉപകാരപ്പെടുന്ന നിയമങ്ങൾ ആണ് യൂറോപ്യൻ യൂണിയൻ തുടർച്ചയായി പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്. കോർപറേറ്റ് കമ്പനികളുടെ കൊള്ളയിൽ നിന്ന് ഉപയോക്താക്കളെ രക്ഷിക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന നിയമങ്ങളാണ് അവയിൽ പലതും. ഈ നിയമങ്ങളൊക്കെ സാധാരണ ഉപയോക്താവിന്റെ നഷ്ടം കുറയ്ക്കുന്നതാണ് എന്നതോടൊപ്പം ആപ്പിൾ ഉൾപ്പെടെയുള്ള വമ്പന്മാരുടെ വരുമാനം ചോർത്തുന്നതുമാണ്.

ഉപകരണങ്ങളുടെ ചാർജറുകൾ ഏകീകരിക്കുന്ന നിയമവും ഐഒഎസ് ഉപയോക്താക്കൾക്ക് ആപ്പ് സ്റ്റോറിന് പുറത്തുനിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ അനുവാദം നൽകുന്ന വിധത്തിലുള്ള നിയമവുമൊക്കെ അടുത്തിടെ യൂറോപ്യൻ യൂണിയൻ പുറത്തിറക്കിയ പുതിയ നിയമങ്ങളിൽ പ്രധാനപ്പെട്ടവയാണ്. യൂറോപ്പിൽ മാത്രമല്ല ലോകമാകെയുള്ള ടെക് വിപണിയിൽ അതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാകുന്നുമുണ്ട്.

ഇപ്പോൾ ഏറ്റവും ഒടുവിലായി ടെക്നോളജി വമ്പന്മാരെ ബാധിക്കുന്ന ഒരു നിയമം കൂടി യൂറോപ്യൻ യൂണിയൻ പാസാക്കി. ബാറ്ററി എളുപ്പത്തിൽ ഊരിമാറ്റാൻ സാധിക്കും വിധത്തിൽ സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും അടക്കമുള്ളവ നിർമിക്കണം എന്നതാണ് പുതിയ നിയമം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഉപയോക്താക്കൾക്ക് സ്മാർട്ട്‌ഫോണിന്റെ പിൻ കവർ നീക്കം ചെയ്യാൻ കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് അവ പതിയെ അപ്രത്യക്ഷമാകുകയും തുറക്കാൻ കഴിയാത്തവിധം പൂട്ടപ്പെട്ട് ഉൽപ്പന്നങ്ങൾ എത്തുകയും ചെയ്തു.

ഇപ്പോൾ, ഫോണുകളും ലാപ്‌ടോപ്പുകളും ഉപയോക്താക്കൾക്ക് സ്വന്തമായി ബാറ്ററി ഊരാനോ പരിശോധിക്കാനോ കഴിയാത്ത വിധത്തിലാണ് നിർമ്മിക്കുന്നത്. ഇത് അടിസ്ഥാനപരമായി കമ്പനികളുടെ സെർവീസ് സെന്ററുകളിലേക്ക് പോകാൻ ആളുകളെ പ്രേരിപ്പിക്കുന്നു. തുടർന്ന് അതിലൂടെ ഉപയോക്താവിൽനിന്ന് ധാരാളം പണം കൈക്കലാക്കുകയും ചെയ്യുന്നു എന്നാണ് കണ്ടെത്തൽ. ഇതോടെയാണ് യൂറോപ്യൻ യൂണിയൻ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.

ഐഫോണുകളുടെ ഏത് മെയിന്റനൻസ് സേവനത്തിനും ആപ്പിൾ ഉയർന്ന തുകയാണ് ഈടാക്കുന്നത്. കമ്പനികൾ ആളുകളെ ചൂഷണം ചെയ്യുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ നിയമം കമ്പനികളുടെ വാർഷിക വരുമാനത്തിൽ വൻ ഇടിവ് ഉണ്ടാക്കും എന്നാണ് വിലയിരുത്തൽ. ഉപയോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ ബാറ്ററി പ്രശ്‌നങ്ങൾ സ്വമേധയാ കൈകാര്യം ചെയ്യാൻ കഴിയും എന്നതാണ് അതിനു കാരണം.

ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളെക്കുറിച്ചും പാർട്സുകളെക്കുറിച്ചും വിവരങ്ങൾ നൽകുന്നതിനായി ബാറ്ററികളിൽ ഉടൻ തന്നെ ലേബലുകളും ക്യുആർ കോഡുകളും സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട് എന്നാണ് ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്ന് അറിയാൻ കഴിയുന്നത്. ബാറ്ററിയുടെ കപ്പാസിറ്റി, പെർഫോമൻസ്, ഈട്, കെമിക്കൽ കോമ്പോസിഷൻ, "പ്രത്യേക ശേഖരണ ചിഹ്നം" എന്നിവയെക്കുറിച്ച് ഇതുവഴി ആളുകൾക്ക് അറിയാൻ സാധിക്കും.

ഇലക്ട്രോണിക് ഉപകരണങ്ങൾ, ഓട്ടോമോട്ടീവ് ബാറ്ററികൾ, വ്യാവസായിക ബാറ്ററികൾ, ഇലക്ട്രിക് വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവയുടേത് ഉൾപ്പെടെ എല്ലാത്തരം ബാറ്ററികൾക്കും പുതിയ നിയമം ബാധകമാണ്. നിയമം അനുസരിക്കാനും ഇത് യാഥാർത്ഥ്യമാക്കാനും ഉൽപ്പന്നങ്ങളുടെ നിർമാണ കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ നിശ്ചിത സമയവും അനുവദിച്ചിട്ടുണ്ട്.

2024 മുതൽ, കമ്പനികൾ എക്‌സ്‌ട്രാക്ഷൻ മുതൽ റീസൈക്ലിംഗ് പ്രക്രിയ വരെയുള്ള മുഴുവൻ കാർബൺ ഫൂട്ട്‌പ്രിന്റും റിപ്പോർട്ട് ചെയ്യേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിസ്ഥിതി ആഘാതം നിയന്ത്രിക്കുന്നതിന് ബാറ്ററികൾക്ക് പരമാവധി CO2 എമിഷൻ പരിധി സജ്ജീകരിക്കാൻ ഈ ഡാറ്റ ഉപയോഗിക്കും. പുതിയ നിയമം കാർബൺ ഫൂട്ട്‌പ്രിന്റ് മികച്ച രീതിയിൽ വിലയിരുത്തുക മാത്രമല്ല, കമ്പനികളിൽ നടക്കുന്ന മനുഷ്യാവകാശങ്ങളും വിതരണ ശൃംഖലയിലെ തൊഴിൽ പ്രശ്‌നങ്ങളും തിരിച്ചറിയാനും തടയാനും പരിഹരിക്കാനും സഹായിക്കുന്ന വിധത്തിൽ ഉള്ളതാണെന്നാണ് വിവരം.


Click it and Unblock the Notifications








