തൊട്ടതെല്ലാം പിഴച്ചു, സ്റ്റാർലിങ്കിന്റെ പടിയിറങ്ങി സഞ്ജയ് ഭാർഗവ
തൊട്ടതെല്ലാം പിഴച്ച നിലയിലാണ് ലോക കോടീശ്വരൻ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയുടെ അവസ്ഥ. കുറഞ്ഞ ചിലവിൽ അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റ്, ഗ്രാമീണ മേഖലകളിലടക്കം വലിയ കണക്റ്റിവിറ്റി, സബ്സിഡി നിരക്കുകൾ തുടങ്ങി വൻ പ്രഖ്യാപനങ്ങളുമായാണ് സാറ്റലൈറ്റ് ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്ക് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. വലിയ ബുക്കിങും ആദ്യ ഘട്ടത്തിൽ തന്നെ സ്റ്റാർ ലിങ്കിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ താൻ സ്റ്റാർ ലിങ്കിലെ ജോലി അവസാനിപ്പിച്ചിട്ട് ദിവസം അഞ്ച് കഴിഞ്ഞെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സ്റ്റാർലിങ്ക് ഇന്ത്യയുടെ കൺട്രി ഡയറക്ടർ സഞ്ജയ് ഭാർഗവ. ചൊവ്വാഴ്ച രാത്രി വൈകിയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം വന്നത്. 2021 ഡിസംബർ 31 ആയിരുന്നു സ്റ്റാർലിങ്കിലെ തന്റെ അവസാന പ്രവർത്തി ദിവസമെന്നും ഭാർഗവ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. അതും ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനത്തിന് മുൻകൂർ ബുക്കിങ് നടത്തിയ ആളുകൾക്ക് റീഫണ്ട് നൽകുമെന്ന് സ്റ്റാർലിങ്ക് അറിയിച്ചതായുള്ള റിപ്പോർട്ടുകൾക്ക് തൊട്ട് പിന്നാലെയാണ് ഭാർഗവയുടെ പ്രഖ്യാപനം വന്നത്.

"വ്യക്തിപരമായ കാരണങ്ങളാൽ സ്റ്റാർലിങ്ക് ഇന്ത്യയുടെ കൺട്രി ഡയറക്‌ടർ, ചെയർമാൻ സ്ഥാനങ്ങൾ ഞാൻ രാജി വച്ചു. എന്റെ അവസാന പ്രവൃത്തി ദിവസം ഡിസംബർ 31, 2021 ആയിരുന്നു. വ്യക്തികളോടും മാധ്യമങ്ങളോടും എനിക്ക് മറുപടികൾ ഒന്നും പറയാനില്ല. അതിനാൽ ദയവായി എന്റെ സ്വകാര്യതയെ മാനിക്കുക," ഭാർഗവ ചൊവ്വാഴ്ച തന്റെ ലിങ്ക്ഡ്ഇൻ അക്കൌണ്ടിൽ കുറിച്ചു. രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുമെന്നും പ്രീ ബുക്കിങ് ആരംഭിച്ചെന്നുമൊക്കെയുള്ള പ്രഖ്യാപനങ്ങൾ നടത്തി, സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ മുഖമായി നിന്നിരുന്നയാളാണ് ഭാർഗവ. ഭാർഗവ പടിയിറങ്ങുന്നതോടെ സ്റ്റാർലിങ്ക് ഇന്ത്യയുടെ ഭാവിയെന്തെന്നും ചോദ്യങ്ങൾ ഉയരുന്നു.

ലൈസൻസില്ലാത്ത ബുക്കിങ്, ചെവിക്ക് പിടിച്ച് കേന്ദ്രം
സ്റ്റാർലിങ്ക് രാജ്യത്ത് പ്രവർത്തനം ആരംഭിക്കുന്നുവെന്ന വാർത്ത വലിയ പ്രാധാന്യത്തോടെ മാധ്യമങ്ങൾ നൽകിയിരുന്നു. പ്രീ ബുക്കിങ് ആരംഭിച്ച് ദിവസങ്ങൾക്കകം 5,000 പ്രീ ഓർഡറുകൾ ലഭിച്ചെന്ന് സ്റ്റാർലിങ്കിന്റെ പ്രഖ്യാപനം വന്നതോടെയാണ് കേന്ദ്ര ടെലിക്കോം മന്ത്രാലയത്തിന്റെ ഇടപെടൽ വരുന്നത് (പ്രീ ബുക്കിങ് ചെയ്തവരിൽ നിന്നും നിക്ഷേപം എന്ന നിലയിൽ 99 ഡോളർ ( 7,350 രൂപ ) സ്റ്റാർലിങ്ക് ഈടാക്കിയിരുന്നു. സേവനം ആക്ടീവ് ആക്കിയ ശേഷം ഈ തുക പ്രതിമാസ ഫീസുമായി ക്രമീകരിക്കും എന്നാണ് അന്ന് കമ്പനി പറഞ്ഞിരുന്നത്). രാജ്യത്ത് സേവനങ്ങൾ നൽകുന്നതിന് സ്റ്റാർലിങ്ക് ലൈസൻസ് നേടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് കമ്പനിക്ക് നോട്ടീസ് നൽകുകയായിരുന്നു.

പ്രീബുക്കിങ് നിർത്തലാക്കണമെന്നും ഉപയോക്താക്കൾ ഓർഡറുകൾ നൽകരുതെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഏത് സ്വകാര്യ കമ്പനിയ്ക്കും രാജ്യത്ത് സാറ്റലൈറ്റ് അധിഷ്‌ഠിത സേവനങ്ങൾ നൽകാൻ കേന്ദ്ര സർക്കാരിൽ നിന്നും ലൈസൻസ് എടുക്കണമെന്നതാണ് ചട്ടം. നിലവിൽ ഈ രീതിയിൽ സാറ്റലൈറ്റ് അധിഷ്‌ഠിത ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ സ്റ്റാർലിങ്കിന് ലൈസൻസ് ലഭിച്ചിട്ടില്ലെന്നും അതിനാൽ സർവീസുകൾ ഓഫർ ചെയ്യുന്നത് നിർത്തി വയ്ക്കണമെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. പിന്നാലെ 2021 നവംബറിൽ ഇന്ത്യയിൽ മുൻകൂർ ഓർഡറുകൾ എടുക്കുന്നത് സ്റ്റാർലിങ്ക് നിർത്തി വച്ചിരുന്നു.

പിന്നാലെ 2022 ജനുവരി 31നകം വാണിജ്യ ലൈസൻസിനായി അപേക്ഷിക്കുമെന്ന് സ്റ്റാർലിങ്ക് പ്രഖ്യാപിച്ചിരുന്നു. നിലവിൽ പ്രീബുക്കിങ് നിർവഹിച്ചവർക്ക് സേവനമാരംഭിക്കുമ്പോൾ മുൻഗണന നൽകുമെന്നും ആയിരുന്നു വിശദീകരണം. വ്യക്തികൾക്കും സ്വകാര്യ മേഖലയ്ക്കും പ്രത്യേകവും സർക്കാർ സംവിധാനങ്ങൾക്ക് പ്രത്യേകവും സേവനങ്ങൾ നൽകുമെന്നും സഞ്ജയ് ഭാർഗവ അന്ന് പറഞ്ഞിരുന്നു. 2022 ഡിസംബറോടെയെങ്കിലും സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം രാജ്യത്ത് ലഭ്യമാകുമെന്നായിരുന്നു അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.

സർക്കാർ നിലപാട് കടുപ്പിച്ചതോടെ പ്രീ ബുക്കിങ് ചെയ്തവരുടെ പണം തിരിച്ചു നൽകാൻ സ്റ്റാർലിങ്ക് തയ്യാറായതായി കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തേ പണം നൽകി ബുക്ക് ചെയ്തവർക്ക് ഏകദേശം 7,350 രൂപ വീതമാണ് സ്റ്റാർലിങ്ക് തിരിച്ച് കൊടുക്കേണ്ടത്. പണം തിരിച്ചു നൽകുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പ്രീ ബുക്കിങ് നടത്തിയവർക്ക് പണം തിരികെ നൽകാൻ ഡിഒടി നിർദേശമുണ്ടെന്ന് കാട്ടി സ്റ്റാർലിങ്ക് തങ്ങളുടെ ഉപയോക്താക്കൾക്ക് മെയിൽ അയച്ചെന്നാണ് റിപ്പോർട്ടുകൾ. എപ്പോഴത്തേക്ക് ലൈസൻസ് ലഭ്യമാകുമെന്ന് അറിയില്ലെന്നാണ് സ്റ്റാർലിങ്ക് പറയുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് സ്ഥാനം ഒഴിഞ്ഞതായുള്ള ഭാർഗവയുടെ പ്രഖ്യാപനം. ഇത്രയും നാൾ സ്റ്റാർലിങ്കിന്റെ മുഖമായി നിന്ന ഭാർഗവ പോകുമ്പോൾ കമ്പനിയെ ഏത് വിധത്തിൽ ബാധിക്കും എന്നത് അടക്കമുള്ള കാര്യങ്ങൾ കാത്തിരുന്ന് കാണേണ്ടതാണ്. 2021 ഒക്ടോബർ ഒന്നിനാണ് സ്റ്റാർലിങ്ക് ഇന്ത്യ കൺട്രി ഡയറക്ടറായി ഭാർഗവ സ്‌പേസ് എക്‌സിൽ ചേർന്നത്. 2000ത്തിന്റെ തുടക്കത്തിൽ ഇലോൺ മസ്‌ക് തന്റെ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേപാൽ പുറത്തിറക്കിയപ്പോൾ മസ്കിനൊപ്പം പ്രവർത്തിച്ചതായി ഭാർഗവ മുമ്പ് സൂചിപ്പിച്ചിരുന്നു. സേവനത്തിന്റെ സ്ഥാപക സംഘത്തിന്റെ ഭാഗമായിരുന്നു ഭാർഗവ.

വലിയ വാഗ്ദാനങ്ങളാണ് സഞ്ജയ് ഭാർഗവയും സ്റ്റാർലിങ്കും ഇന്ത്യൻ യൂസേഴ്സിന് മുമ്പിൽ വച്ചിരുന്നത്. ബീറ്റ ഘട്ടത്തിൽ 50 മുതൽ 150 എംബിപിഎസും പിന്നീട് 1 ജിബിപിഎസ് വരെ വേഗം ലഭിക്കുന്ന ഇന്റർനെറ്റ്. പ്രീ ബുക്കിങ് ചെയ്ത യൂസേഴ്സിന് ഇന്റര്‍നെറ്റ് സാറ്റലൈറ്റ് ഡിഷ് , റിസീവര്‍, നെറ്റ്വർക്ക് സെറ്റ്അപ്പ് ഡിവൈസുകൾ, ഗ്രാമീണ മേഖലയിൽ പ്രാദേശിക സർക്കാരുകളുമായുള്ള സഹകരണം, ടെറസ്ട്രിയൽ ബ്രോഡ്ബാൻഡ്, ദുർഘട മേഖലകളിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് അങ്ങനെ പോകുന്നു സ്റ്റാർലിങ്ക് ഇന്ത്യ നടത്തിയ പ്രഖ്യാപനങ്ങൾ. രാജ്യത്തെ നിലവിലുള്ള പ്രധാന ബ്രോഡ്ബാൻഡ് കമ്പനികളുമായി സഹകരണത്തിനുള്ള സാധ്യതകളും കമ്പനി അധികൃതർ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ലൈസൻസ് എന്ന പ്രാഥമിക കാര്യത്തിൽ തന്നെ സ്റ്റാർലിങ്കിന് കല്ല് കടിച്ചതും കാര്യങ്ങൾ അവതാളത്തിൽ ആയതും.


Click it and Unblock the Notifications








