പണം വെച്ച് കളിക്കുന്ന സോഷ്യല്‍ ഗെയിമുകള്‍ വരുന്നു

Posted By: Super

പണം വെച്ച് കളിക്കുന്ന സോഷ്യല്‍ ഗെയിമുകള്‍ വരുന്നു

വെര്‍ച്വല്‍ പണമുപയോഗിച്ച് കളിക്കുന്ന സോഷ്യല്‍ ഗെയിമുകള്‍ ഏറെ താമസിയാതെ പഴങ്കഥകളാകും. ബെറ്റബിള്‍ എന്ന ലണ്ടന്‍ കമ്പനി യഥാര്‍ത്ഥ പണം വെച്ചുള്ള സോഷ്യല്‍ ഗെയിം അവതരിപ്പിക്കാനൊരുങ്ങുകയാണ്. ബ്രിട്ടീഷ് ചൂതാട്ട ലൈസന്‍സുള്ള കമ്പനി അവതരിപ്പിക്കുന്ന മിക്ക ഗെയിമുകളും യഥാര്‍ത്ഥ പണം വെച്ചുള്ളതാകുമെന്നാണ് കരുതുന്നത്.

നിലവില്‍ കാലിഫോര്‍ണിയ, യുഎസ് എന്നിവിടങ്ങളിലെ ഗെയിം ഡെവലപര്‍മാരുമായി ചേര്‍ന്ന് പുതിയ പ്ലാറ്റ്‌ഫോം ഒരുക്കുന്നതിനുള്ള പ്രവൃത്തികളിലാണ് ബെറ്റബിള്‍. ഗെയിം ഡെവലപര്‍മാര്‍ക്ക് യഥാര്‍ത്ഥ പണം വെച്ചുള്ള ചൂതാട്ട ഗെയിം രൂപപ്പെടുത്താന്‍ അവസരം നല്‍കുന്ന ഏക പ്ലാറ്റ്‌ഫോമാണ് ബെറ്റബിള്‍ നല്‍കുന്നതെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ്റ്റഫര്‍ ഗ്രിഫിന്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ ചൂതാട്ടത്തിന് വിലക്കുകളില്ലാത്ത രാജ്യങ്ങളിലാണ് ഈ ഗെയിമുകള്‍ ലഭ്യമാകുക. കമ്പ്യൂട്ടറുകള്‍, വിവിധ മൊബൈല്‍ ഉത്പന്നങ്ങള്‍ എന്നിവയില്‍ ഗെയിം ലഭ്യമാക്കും. ഏത് സോഷ്യല്‍ നെറ്റ്‌വര്‍ക്കുമായി സഹകരിച്ചാകും ഇത്തരം ഗെയിമുകള്‍ അവതരിപ്പിക്കുക എന്നതിനെക്കുറിച്ച് ബെറ്റബിള്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല.

സാധാരണ സോഷ്യല്‍ ഗെയിമുകള്‍ വഴി ഡെവലപര്‍മാര്‍ക്ക് വളരെ കുറച്ച് വരുമാനമാണ് ലഭിച്ചുവരുന്നതെന്ന് അഭിപ്രായപ്പെട്ട കമ്പനി ഇത്തരം ഗെയിമുകള്‍ ഡെവലപര്‍മാരുടെ വരുമാനം ഉയര്‍ത്തുമെന്നുമുള്ള സൂചനയാണ് നല്‍കുന്നത്. 25ലേറെ നിക്ഷേപകരുടെ പിന്തുണയോടെയാകും ഈ കമ്പനിയുടെ പ്രവര്‍ത്തനം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot