ഇ-കെവൈസി തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകി റിലയൻസ് ജിയോ
ഡിജിറ്റൽ ലോകത്ത് ഏറ്റവും സാധാരണയായി നടക്കുന്ന തട്ടിപ്പുകളിൽ ഒന്നാണ് ഇ-കെവൈസി തട്ടിപ്പുകൾ. വ്യക്തിവിവരങ്ങൾ മോഷ്ടിക്കാനും ഉപയോക്താക്കളിൽ നിന്ന് പണം സമ്പാദിക്കാനും സാമൂഹ്യ വിരുദ്ധർ ഉപയോഗിക്കുന്ന ഒരു സാധാരണ രീതിയാണ് കെവൈസി തട്ടിപ്പുകൾ. ഫോണിലും എസ്എംസിലും വരുന്ന ഓട്ടോമേറ്റഡ് സന്ദേശങ്ങളിൽ തുടങ്ങി ആപ്പുകളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും വരെ ഉപയോഗിച്ചാണ് കെവൈസി സ്കാമുകൾ നടക്കുന്നത്. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് തങ്ങളുടെ യൂസേഴ്സിന് മുന്നറിയിപ്പ് നൽകിയിരിയ്ക്കുകയാണ് റിലയൻസ് ജിയോ. ഇ-കെവൈസി തട്ടിപ്പുകളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനായാണ് ജിയോയുടെ നീക്കം. ഇ-കെവൈസി തട്ടിപ്പ് രീതികളെക്കുറിച്ച് കൃത്യമായ ബോധ്യവും സ്കാം സന്ദേശങ്ങൾ കണ്ടാൽ തിരിച്ചറിയാൻ ഉള്ള കഴിവും യൂസേഴ്സിന് ഉണ്ടാകണം എന്നത് തർക്കമില്ലാത്ത വിഷയമാണ്. പ്രത്യേകിച്ചും ഇത്തരം സ്കാമുകൾ കൂടി വരുന്ന സാഹചര്യത്തിൽ.

ഉത്തരവാദിത്തപ്പെട്ട സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്ന വ്യാജേനെയാണ് കൂടുതൽ തട്ടിപ്പുകളും നടത്തുക. സ്‌കാമർമാർ ഉപയോക്താക്കളോട് അവരുടെ ആധാർ നമ്പറോ ഇ-കെവൈസി വിശദാംശങ്ങളോ പങ്കിടാനോ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാനോ സ്ഥിരീകരിക്കാത്ത ലിങ്കിൽ ക്ലിക്ക് ചെയ്യാനോ ആവശ്യപ്പെടും. തട്ടിപ്പുകാർ ആവശ്യപ്പെടുന്നത് പോലെ ചെയ്താൽ ഉപയോക്താക്കളുടെ പേര്, ബാങ്ക് വിശദാംശങ്ങൾ, വിലാസം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ അവരുടെ കയ്യിലെത്തും. കെവൈസി തട്ടിപ്പുകൾ അടുത്ത കാലത്ത് കൂടി വരുന്നുണ്ട്. ഒപ്പം ആശങ്കയും വളർന്നതോടെയാണ് കെവൈസി സ്കാമുകളുടെ വളർച്ചയേക്കുറിച്ച് ജിയോ തങ്ങളുടെ ഉപയോക്താക്കൾക്ക് കത്തയച്ചത്.

ഇ-കെവൈസി സ്‌കാമുകളിൽ നിന്ന് സുരക്ഷിതരായിരിക്കാൻ
ഇ-കെവൈസി തട്ടിപ്പുകൾ വർധിച്ചതോടെയാണ് സുരക്ഷിതരായിരിക്കാൻ സ്വീകരിക്കേണ്ട നടപടികൾ വിശദീകരിച്ച് ജിയോ യൂസേഴ്സിന് മുന്നറിയിപ്പ് നൽകിയത്. ഒന്നാമതായി, തേർഡ് പാർട്ടി ആപ്പുകളോ സോഫ്റ്റ്‌വെയറോ ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നില്ലെന്ന് റിലയൻസ് ജിയോ പറയുന്നു. മൊബൈൽ റീചാർജ് ഉൾപ്പെടെ ഉപയോക്താക്കൾക്ക് ആവശ്യമായ എല്ലാ പ്രസക്തമായ സേവനങ്ങളും ഔദ്യോഗിക മൈജിയോ ആപ്പിൽ ലഭ്യമാണെന്നും കമ്പനി വിശദീകരിക്കുന്നു.

കെവൈസി അപ്‌ഡേറ്റ് ചെയ്യാനോ ഏതെങ്കിലും സ്ഥിരീകരണത്തിനോ ഏതെങ്കിലും നിർദ്ദിഷ്ട ആപ്പ് ഡൗൺലോഡ് ചെയ്യാൻ റിലയൻസ് ജിയോ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നില്ലെന്നും കമ്പനി പറയുന്നു. സാമ്പത്തിക നഷ്ടത്തിന് കാരണമായേക്കാവുന്ന എസ്എംഎസ് അല്ലെങ്കിൽ കോളുകളിൽ നിന്ന് ഉപയോക്താക്കൾ ജാഗ്രത പാലിക്കണം. ഏതെങ്കിലും റിമോട്ട് ആക്സസ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ നിന്ന് വിട്ട് നിൽക്കാനും ജിയോ ആവശ്യപ്പെടുന്നു. ഇത്തരം റിമോട്ട് ആക്സസ് ആപ്പുകൾ നമ്മുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർക്ക് നൽകുന്നു. ഇത്തരം ആപ്പുകൾ ഡൌൺലോഡ് ചെയ്യാതിരുന്നാൽ നമ്മുടെ സ്മാർട്ട്ഫോണിന്റെ വിശദാംശങ്ങൾ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് തട്ടിപ്പുകാരെ തടയാൻ കഴിയുന്നു.

ഇ-കെവൈസി വെരിഫിക്കേഷൻ അഭ്യർഥിച്ച് വരുന്ന കോളുകൾക്കും മെസേജുകൾക്കും മറുപടി നൽകരുതെന്നും ജിയോ യൂസേഴ്സിനോട് പറയുന്നുണ്ട്. അത്തരം കോളുകൾ വരുന്ന നമ്പറുകൾ അപ്പോൾ തന്നെ ബ്ലോക്ക് ചെയ്യണമെന്നും നിർദേശിക്കുന്നു. ഉപയോക്താക്കൾ അവരുടെ ഒടിപി, ബാങ്ക് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ ആധാർ നമ്പർ ആരുമായും പങ്കിടേണ്ടതില്ല. ജിയോയിൽ നിന്നുള്ള ഒരു പ്രതിനിധി ഒരിക്കലും ഈ വിശദാംശങ്ങൾ ചോദിക്കില്ലെന്നും കമ്പനി പറയുന്നു.

കൂടാതെ, തങ്ങളുടെ കണക്ഷൻ താൽക്കാലികമായി സസ്പെൻഡ് ചെയ്യുമെന്ന അവകാശപ്പെടുന്ന കോളർമാരെ വിശ്വസിക്കരുതെന്ന് ഓപ്പറേറ്റർ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു. സജീവമായ കണക്ഷനുകളെ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും മൈജിയോ ആപ്പിൽ നിന്ന് ലഭ്യമാകും. എസ്എംഎസ് മുഖേന ജിയോ പ്രതിനിധിയെന്ന് അവകാശപ്പെട്ട് ആരെങ്കിലും പങ്കിടുന്ന സ്ഥിരീകരിക്കാത്തതോ സംശയാസ്പദമായതോ ആയ ലിങ്കുകളിൽ ഉപയോക്താക്കൾ ക്ലിക്ക് ചെയ്യരുതെന്നും ജിയോ നിർദ്ദേശിക്കുന്നു. ആവശ്യമില്ലാത്ത ആശയ വിനിമയങ്ങളോട് യൂസേഴ്സ് പ്രതികരിക്കരുതെന്നും കമ്പനി പറയുന്നു. കൂടാതെ, കെവൈസി പൂർത്തീകരണവുമായി ബന്ധപ്പെട്ട് എസ്എംഎസുകൾ വന്ന നമ്പറുകളിലേക്ക് തിരികെ വിളിക്കരുതെന്നും ഓപ്പറേറ്റർ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു.


Click it and Unblock the Notifications








