ബിൽഗേറ്റ്സിന്റെ മുൻ സഹായി ലോകത്തെ അഞ്ചാമത്തെ വലിയ കോടീശ്വരൻ; വരുമാനം സക്കർബർഗിനെക്കാൾ കൂടുതൽ
ലോക കോടീശ്വരന്മാരുടെ പട്ടിക പരിശോധിച്ചാൽ വ്യത്യസ്തങ്ങളായ ജീവിത സാഹചര്യങ്ങളോട് പടവെട്ടി വിജയത്തിലെത്തിയ ഒരുപാട് ആളുകളെ കാണാൻ സാധിക്കും. അത്തരത്തിൽ ഇപ്പോൾ ലോക കോടീശ്വരന്മാരുടെ പട്ടികയിലെ ഏറ്റവും ശ്രദ്ധേയമായ പേരായി മാറിയിരിക്കുകയാണ് സ്റ്റീവ് ബാൽമർ എന്നത്. ബ്ലൂംബെർഗ് ബില്യണയർ സൂചികയിൽ അഞ്ചാം സ്ഥാനത്താണ് സ്റ്റീവ് ബാൽമറുടെ പേരുള്ളത്.
ആരാണ് സ്റ്റീവ് ബാൽമർ? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ കോടീശ്വരപ്പട്ടികയിലെ സ്ഥാനം ചർച്ചയാകുന്നത് എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഇങ്ങനെയാണ്: 1980-ൽ മൈക്രോസോഫ്ടിൽ വെറും ഒരുമൊരു അസിസ്റ്റന്റ് ആയിട്ട് ജീവതം തുടങ്ങിയ ആളാണ് സ്റ്റീവ് ബാൽമർ. ബിൽ ഗേറ്റ്‌സിന്റെ സഹായിയായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ തുടക്കകാലത്തെ ശമ്പളം 50,000 ഡോളർ ആയിരുന്നു.

ഈ 50,000 വരുമാനം ഉപയോഗിച്ച് സമർഥമായ നീക്കങ്ങളിലൂടെ വളർന്നു എന്നതാണ് സ്റ്റീവ് ബാൽമറിന്റെ പ്രത്യേകത. ശമ്പളത്തിന് പുറമേ അദ്ദേഹം ഉണ്ടാക്കിയ ലാഭത്തിന്റെ 10 ശതമാനവും ബാൽമറിന് ലഭിച്ചു. മൈക്രോസോഫ്റ്റ് വളർന്നപ്പോൾ, ലാഭ വിഹിതം വർദ്ധിച്ചു. ആ ഘട്ടത്തിൽ അദ്ദേഹം കൈക്കൊണ്ട ഒരു തീരുമാനമാണ് പിൽക്കാലത്ത് അദ്ദേഹത്തിന്റെ വളർച്ചയിൽ നിർണായകമായത്.
കമ്പനിയിൽനിന്ന് തനിക്ക് കിട്ടുന്ന ശമ്പളവും ലാഭവിഹിതവും നീക്കിവച്ച് അതേ കമ്പനിയുടെ ഓഹരി വാങ്ങാൻ അദ്ദേഹം തീരുമാനിച്ചു. വരുമാനത്തിന്റെ നല്ലൊരു പങ്കും അദ്ദേഹം കമ്പനി ഓഹരി സ്വന്തമാക്കാൻ വിനിയോഗിച്ചു എന്നുവേണം കരുതാൻ. ജോലിയിൽ പടിപടിയായി ഉയർന്ന ബാൽമർ ഏറ്റവുമൊടുവിൽ കമ്പനി സിഇഒ വരെയായി.

2000 മുതൽ 2014 വരെ സിഇഒ എന്ന നിലയിൽ മൈക്രോസോഫ്ടിനെ നയിച്ചത് ബാൽമർ ആയിരുന്നു. വിരമിച്ചപ്പോൾ, കമ്പനിയുടെ ഒരു പ്രധാന ഭാഗം അദ്ദേഹം സ്വന്തമാക്കി. 333 ദശലക്ഷം ഓഹരികൾ, അതായത് 4 ശതമാനത്തിന് തുല്യമായിരുന്നു അദ്ദേഹത്തിന്റെ ഓഹരികൾ. ഈ ഓഹരികളാണ് ഇന്ന് സ്റ്റീവ് ബാൽമറെ ലോക കോടീശ്വരനാക്കി മാറ്റിയിരിക്കുന്നത്.
സ്റ്റീവ് ബാൽമറുടെ മൊത്തം ആസ്തിയിലേക്ക് പ്രധാനമായ സംഭാവന നൽകുന്നത് മൈക്രോസോഫ്ടിന്റെ ഈ ഓഫരികളാണ്. അത് ഇപ്പോൾ 100 ബില്യൺ ഡോളർ കവിയുന്നു. അതിലുപരിയായി, മൈക്രോസോഫ്റ്റിൽ ഉണ്ടായിരുന്ന കാലത്ത് ബാൽമർ കോടിക്കണക്കിന് ലാഭവിഹിതവും നേടിയിരിക്കാം. ബാൽമറിന്റെ സമ്പത്ത് വർദ്ധിക്കുന്നതിനുള്ള ഒരു പ്രധാന കാരണം മൈക്രോസോഫ്റ്റിന്റെ സ്റ്റോക്കിന്റെ ശ്രദ്ധേയമായ വിജയമാണ്.
ബാൽമറിന്റെ ഈ വളർച്ചയിൽ എഐയും ചാറ്റ്ജിപിടിയും ഒരുപങ്ക് വഹിച്ചിരിക്കുന്നു. കാരണം, ചാറ്റ്ജിപിടിയുടെ സൃഷ്ടാക്കളായ ഓപ്പൺഎഐയിൽ മൈക്രോസോഫ്ട് നിക്ഷേപം നടത്തിയിരുന്നു. ചാറ്റ്ജിപിടിയുടെ വിജയത്തോടെ മൈക്രോസോഫ്ടിന്റെ സ്റ്റോക്ക് മൂല്യവും ഉയർന്നു. ഈവർഷം മാത്രം, മൈക്രോസോഫ്റ്റിന്റെ ഓഹരികളിൽ ഗണ്യമായി 38 ശതമാനം ഉയർച്ചയാണ് ഉണ്ടായത്. ഇത് ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളിൽ ഒരാളെന്ന നിലയിലേക്ക് ബാൽമറിന്റെ സ്ഥാനം ഉറപ്പിച്ചു.

ബിസിനസ് ഇൻസൈഡറിന്റെ റിപ്പോർട്ട് അനുസരിച്ച്, സ്റ്റീവ് ബാൽമറിന്റെ സമ്പത്ത് ഇപ്പോൾ 115 ബില്യൺ ഡോളറാണ്, ഇത് ലാറി എല്ലിസന്റെ 114 ബില്യൺ ഡോളറും വാറൻ ബഫറ്റിന്റെ 111 ബില്യണും മാർക്ക് സക്കർബർഗിന്റെ 108 ബില്യണും ആസ്തിയെ മറികടന്നു. 121 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ബിൽ ഗേറ്റ്‌സ് സ്റ്റീവ് ബാൽമറിന്റെ മുന്നിലുണ്ട് എന്നതും ശ്രദ്ധേയമാണ്.
ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ സ്റ്റീവ് ബാൽമർ ക്രമാനുഗതമായ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. ബിൽ ഗേറ്റ്‌സിന്റെ സഹായിയിൽ നിന്ന് ഒരു കോടീശ്വരനിലേക്കുളള അദ്ദേഹത്തിന്റെ മാറ്റം, മികച്ച നിക്ഷേപങ്ങൾ, ബിസിനസ്സ് വൈദഗ്ധ്യം വ്യക്തിഗത ഭാഗ്യം രൂപപ്പെടുത്തുന്നതിൽ അനുദിനം വളരുന്ന സാങ്കേതിക വ്യവസായം എന്നിവയുടെ ഗണ്യമായ സ്വാധീനത്തെ വ്യക്തമാക്കുന്നു.


Click it and Unblock the Notifications








