ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ ഓഡർ ചെയ്ത വിദ്യാർഥിക്ക് കിട്ടിയത് അലക്ക്സോപ്പ്; പിന്നെ നടന്നത് ചരിത്രം!
സ്മാർട്ട്ഫോൺ തൊട്ടടുത്തുള്ള മൊബൈൽ സ്റ്റോറിൽനിന്ന് വാങ്ങുന്നതിനെക്കാൾ ഓൺലൈനിൽ വാങ്ങാനാണ് ഇപ്പോൾ കൂടുതൽ ആളുകളും താൽപര്യപ്പെടുന്നത്. ആകർഷകമായ ഓഫറുകളുടെ സഹായത്താൽ കുറഞ്ഞ വിലയിൽ ഇഷ്ടപ്പെട്ട ഫോൺ വാങ്ങാം എന്നതാണ് ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലുള്ള ഓൺലൈൻ വ്യാപാരസ്ഥാപനങ്ങളിലേക്ക് ആളുകളെ ആകർഷിക്കുന്നത്. അതിനാൽത്തന്നെ ഓൺലൈനിൽ ഫോൺ വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുമുണ്ട്.
വിവിധ ഓഫർ സെയിലുകളും മറ്റുമായി ആകർഷകമായ വിലയും ഓഫറുകളും പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ടും ആമസോണും ആളുകളെ ഉത്പന്നങ്ങൾ വാങ്ങാൻ പ്രലോഭിപ്പിക്കുന്നു. അങ്ങനെ ഇന്ത്യയിൽ ആഴത്തിൽ വേരുകൾ സ്ഥാപിക്കാൻ ഇ-കൊമേഴ്സ് വമ്പന്മാരായ ആമസോണിനും ഫ്ലിപ്പ്കാർട്ടിനും കഴിഞ്ഞിട്ടുണ്ട്. എന്നാൽ ലക്ഷക്കണക്കിനുപേർ ആശ്രയിക്കുന്ന ഈ സംവിധാനങ്ങൾ ചിലഘട്ടങ്ങളിൽ ആളുകളെ അബദ്ധങ്ങളിലേക്ക് കൊണ്ടെത്തിക്കാറുമുണ്ട്.

പതിനായിരങ്ങളും ലക്ഷങ്ങളും അടച്ച് ഓഡർ ചെയ്ത ഉൽപ്പന്നത്തിന് പകരം ആമസോണിൽനിന്നും ഫ്ലിപ്പ്കാർട്ടിൽനിന്നും കല്ലും ഇഷ്ടികയും സോപ്പും തുടങ്ങി ഒരു ഉപയോഗവുമില്ലാത്ത സാധനങ്ങൾ വരെ ലഭിച്ച സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിലർ പരാതിയും മറ്റും നൽകി തുക തിരിച്ചുപിടിക്കും. എന്നാൽ എല്ലാവരും ആവഴിക്ക് നീങ്ങുകയും നഷ്ടപ്പെട്ട തുക തിരിച്ചുവാങ്ങുകയും ചെയ്യണമെന്നില്ല.
ചിലർ പരാതിപ്പെട്ടാലും ചിലപ്പോൾ നടപടികൾ ഉണ്ടായില്ലെന്നും വരാം. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഉൽപ്പന്നങ്ങൾ വാങ്ങി കബളിപ്പിക്കപ്പെടുന്നവർക്ക് അനുകരിക്കാവുന്ന ഒരു വിജയചരിത്രം രചിച്ചിരിക്കുകയാണ് കോപ്പൽ ജില്ലയിൽ നിന്നുള്ള ഹർഷ എന്ന വിദ്യാർഥി. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഹർഷ ഫ്ലിപ്പ്കാർട്ടിൽനിന്ന് ഒരു ഐഫോൺ 11 ഓഡർ ചെയ്തത്.
എന്നാൽ ഐഫോൺ കാത്തിരുന്ന ഹർഷയെത്തേടി എത്തിയ ഫ്ലിപ്പ്കാർട്ട് പാഴ്സലിൽ തുണിയലക്കുന്ന സോപ്പാണ് ഉണ്ടായിരുന്നത്. ഐഫോണിനായി ഏതാണ്ട് 48,999 രൂപയാണ് അന്ന് ഹർഷ നൽകിയത്. എന്നാൽ കിട്ടിയതാകട്ടെ 140 ഗ്രാം നിർമ്മ ഡിറ്റർജന്റ് സോപ്പും ഒരു കീപാഡ് ഫോണും. തുടർന്ന് ഹർഷ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടു.

പ്രശ്നം പരിഹരിക്കപ്പെടുമെന്നും തുക തിരികെ നൽകുമെന്നും ആണ് അധികൃതർ ആദ്യം ഉറപ്പ് നൽകിയത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായില്ല. ഇതോടെ കഴിഞ്ഞ വർഷം ജൂലൈയിൽ ഹർഷ ഫ്ലിപ്പ്കാർട്ടിനെതിരേ കേസ് നൽകുകയായിരുന്നു. ഫ്ലിപ്പ്കാർട്ട് മാനേജിംഗ് ഡയറക്ടർക്കും തേർഡ്പാർട്ടി വിൽപ്പനക്കാരനായ സാനെ റീട്ടെയിൽസ് മാനേജർക്കുമെതിരേയാണ് കേസ് ഫയൽ ചെയ്തത്.
എന്നാൽ പണം തിരിച്ചുനൽകാൻ ഫ്ലിപ്പ്കാർട്ട് തയാറായിരുന്നില്ല. ഉപഭോക്താക്കളെയും വിൽപ്പനക്കാരെയും ഉൽപ്പന്നങ്ങൾ കൈമാറ്റം ചെയ്യാൻ സഹായിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം മാത്രമാണ് തങ്ങൾ എന്ന വാദമാണ് പ്രതിരോധത്തിനായി ഫ്ലിപ്പ്കാർട്ട് ഉയർത്തിയത്. ഇവിടെ ഉൽപ്പന്നം മാറിപ്പോയതിന് തങ്ങൾ ഉത്തരവാദികൾ അല്ല എന്നും കമ്പനി വാദിച്ചു.
എന്നാൽ ഈ വാദങ്ങൾ അംഗീകരിക്കാൻ കോടതി തയാറായിരുന്നില്ല. ഒരു ലാഭവും ലക്ഷ്യമിടാതെ ഉപഭോക്താക്കൾക്ക് തികച്ചും സൗജന്യമായ സേവനം നൽകുന്നുവെന്ന് അവകാശപ്പെടാൻ ഇത് ചാരിറ്റബിൾ ഓർഗനൈസേഷൻ അല്ലല്ലോ എന്നും ഇ-കൊമേഴ്‌സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനി വരുമാനമില്ലാത്ത ബിസിനസ് ഒന്നുമല്ലല്ലോ നടത്തുന്നത് എന്നും കോടതി ചൂണ്ടിക്കാട്ടി.

ഓൺലൈൻ ബിസിനസ് കൈകാര്യം ചെയ്യുന്ന കമ്പനിയുടെ ഇത്തരം പെരുമാറ്റവും സമീപനവും അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഉൽപ്പന്നത്തിന്റെ മുഴുവൻ തുകയും ചാർജ് ചെയ്തതിന് ശേഷവും ഓഡർ ചെയ്ത ഉൽപ്പന്നം നൽകാതെ തെറ്റായ ഉൽപ്പന്നം വിൽക്കുകയോ അയയ്‌ക്കുകയോ ചെയ്തതിനാൽ കമ്പനിയുടെ പ്രവർത്തനവും പെരുമാറ്റവും അന്യായമായ വ്യാപാര രീതിയ്ക്കും സേവനത്തിലെ പോരായ്മയ്ക്കും കീഴിലാണെന്ന് കോടതി വ്യക്തമാക്കി.
തുടർന്ന് ഐഫോൺ 11-ന് വാങ്ങിയ 48,999 രൂപ തിരികെ നൽകാനും കമ്പനിയുടെ സേവനത്തിലെ പോരായ്മയും അന്യായ വ്യാപാര രീതികളും കാരണം 10,000 രൂപ അധിക പിഴയും അടക്കാനും ഫ്ലിപ്പ്കാർട്ടിനോട് കോടതി ആവശ്യപ്പെട്ടു. അതുകൂടാതെ വിദ്യാർഥിക്കുണ്ടായ മാനസിക പീഡനത്തിനും കോടതിച്ചെലവുകൾക്കുമായി 15,000 രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു.
അതോടെ 48,999 രൂപ വാങ്ങിയ ശേഷം തെറ്റായ ഉൽപ്പന്നം നൽകിയ കേസിൽ ഏതാണ്ട് 73,999 രൂപയോളം ഫ്ലിപ്പ്കാർട്ട് പരാതിക്കാരന് നൽകേണ്ട സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽനിന്നും മറ്റ് ഇ -കൊമേഴ്സ് സ്ഥാപനങ്ങളിൽനിന്നും ഉൽപ്പന്നങ്ങൾ വാങ്ങി കബളിപ്പിക്കപ്പെട്ടാൽ നിസഹായരായി തളർന്നിരിക്കാതെ നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാൻ ഏതറ്റംവരെയും പോരാടണമെന്ന് ഈ സംഭവം സന്ദേശം നൽകുന്നു.


Click it and Unblock the Notifications







