വല്ലാത്ത ചതിയായിപ്പോയി! ഹോം വർക്കിന് ചാറ്റ്ജിപിടി സഹായംതേടിയ ഏഴാം ക്ലാസുകാരൻ ഒരു വരിയിൽ കുടുങ്ങി
ഹോം വർക്ക് എന്ന് കേട്ടാൽ പണ്ടുമുതലേ പല വിദ്യാർഥികൾക്കും അലർജിയാണ്. ഹോം വർക്ക് നൽകുന്ന അധ്യാപകരാകട്ടെ വില്ലന്മാരും. രാവിലെ ഏഴുന്നേറ്റ് സ്കൂളിലേക്ക് പുറപ്പെട്ട് വൈകുന്നേരം വരെ ക്ലാസിലിരുന്നശേഷം വൈകിട്ട് വീട്ടിലെത്തിയാൽ തുടർന്ന് ട്യൂഷന് ഓടേണ്ടി വരും. അവിടെനിന്ന് ഒരു സമയത്താകും വീട്ടിലെത്തുക.
ഒടുവിൽ ക്ലാസും ട്യൂഷനുമെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയാലും വിശ്രമിക്കാൻ സമയമുണ്ടാകില്ല. അതിന്റെ പ്രധാന കാരണം സ്കൂളിൽനിന്നും ട്യൂഷൻ ക്ലാസിൽനിന്നും തന്നുവിടുന്ന ഹോം വർക്കുകളാണ്. എപ്പോഴും ഇങ്ങനെ ഹോംവർക്കും ക്ലാസുമായി ഇരിക്കുന്നതിനാൽ കൂട്ടുകാരുടെ കൂടെ മനസമാധാനത്തോടെ ഒന്ന് കളിക്കാൻ സമയം കിട്ടുന്നില്ല എന്നാണ് പണ്ടുമുതലേ പല വിദ്യാർഥികളും പരാതിപ്പെടുന്നത്.

എന്തെങ്കിലും സൂത്രപ്പണികളിലൂടെ ഹോം വർക്ക് ചെയ്ത് തീർക്കാനാണ് പഠിപ്പിസ്റ്റുകളല്ലാത്ത ഏതാണ്ട് ഭൂരിഭാഗം വിദ്യാർഥികളും ആഗ്രഹിക്കുന്നത്. ചിലർ ഹോം വർക്ക് പിന്നെച്ചെയ്യാം എന്ന് നീട്ടി നീട്ടി വച്ച് ഒടുവിൽ ചെയ്യാൻ സമയം ലഭിക്കാതെ സ്കൂളിലെത്തുകയും അധ്യാപകരിൽനിന്ന് ശകാരം നേരിടുകയും ചെയ്യുന്നു. മറ്റു ചിലർ നേരത്തെ സ്കൂളിലെത്തി മറ്റുള്ളവരുടെ ഹോം വർക്ക് കോപ്പിയടിക്കുന്നു.
ചില വിദ്യാർഥികളാകട്ടെ മറ്റാരെയെങ്കിലും 'സോപ്പിട്ട്' അവരെക്കൊണ്ട് ഹോം വർക്ക് ചെയ്യിച്ചെടുക്കുന്നു. ഇങ്ങനെ ഹോം വർക്കിന്റെ പേരിൽ പലവിധ കഷ്ടപ്പാടുകൾ സഹിച്ചുവന്ന വിദ്യാർഥികൾക്കിടയിലേക്കാണ് 'ചാറ്റ്ജിപിടി' എന്ന അദ്ഭുതവിദ്യ എത്തിപ്പെടുന്നത്. ലോകമെങ്ങും തരംഗമാകുകയും ലോഞ്ച് ചെയ്ത അന്നുമുതൽ ഇന്നുവരെ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയും ചെയ്യുന്ന എഐ ചാറ്റ്ബോട്ട് ആണ് ചാറ്റ്ജിപിടി.

സാധാരണക്കാരന് പോലും ഉപകാരപ്പടുകയും എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യുന്നു എന്നതാണ് ഓപ്പൺഎഐ കമ്പനി പുറത്തിറക്കിയ ചാറ്റ്ബോട്ടിനെ ആളുകൾക്കിടിയിലെ താരമാക്കി മാറ്റിയത്. അതോടൊപ്പം മനുഷ്യന് മാത്രം സാധിക്കുമെന്ന് കരുതിയിരുന്ന കാര്യങ്ങളും മനുഷ്യന് ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യങ്ങളും നിർവഹിക്കാനുള്ള ശേഷിയും ചാറ്റ്ജിപിടിയെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് എത്തിച്ചു.
ഒരു സുഹൃത്ത് പറഞ്ഞ് നൽകും പോലെ കാര്യങ്ങൾ വിശദീകരിക്കും എന്നതാണ് ചാറ്റ്ജിപിടി എഐ ചാറ്റ്ബോട്ടിന്റെ ഒരു പ്രത്യേകത. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എതാണ്ട് എല്ലാ മേഖലകളിലും ചാറ്റ്ജിപിടിയുടെ സേവനം ഇന്ന് ഉപയോഗിക്കാൻ സാധിക്കും. ജോലിക്കായി ഒരു ബയോഡാറ്റ തയാറാക്കുന്നതു മുതൽ കോളജുകളിൽ ക്ലാസെടുക്കുന്നതിനുള്ള നോട്ടുകൾ തയാറാക്കാൻ വരെയുള്ള കാര്യങ്ങളും അതിനപ്പുറത്തുള്ള കാര്യങ്ങളും ചാറ്റ്ജിപിടിക്ക് നിസാരമായി സാധിക്കും.
എന്നാൽ തുടക്ക ഘട്ടമായതിനാൽ ചില പോരായ്മകളൊക്കെ ചാറ്റ്ജിപിടിക്ക് ഉണ്ടാകും. അതൊന്നുമറിയാതെ ചാറ്റ്ജിപിടി പറയുന്നത് അപ്പാടെ വിശ്വസിച്ചാൽ വമ്പൻ അബദ്ധമാകും സംഭവിക്കുക. അതായത് ചാറ്റ്ജിപിടി ഉപയോഗിക്കുമ്പോൾ അൽപ്പം വിവേചന ബുദ്ധിയൊക്കെ ഉപയോഗിക്കണം എന്ന് സാരം. അല്ലെങ്കിൽ ചാറ്റ്ജിപിടി സഹായത്താൽ ഹോം വർക്ക് ചെയ്യാൻ ശ്രമിച്ച ഏഴാം ക്ലാസ് വിദ്യാർഥിക്ക് പറ്റിയതിനെക്കാൾ വമ്പൻ അമളികളാകും നേരിടേണ്ടിവരിക.
ചാറ്റ്ജിപിടി സഹായത്താൽ ഹോംവർക്ക് ചെയ്യാൻ ശ്രമിച്ച അർജുൻ എന്ന ഏഴാം ക്ലാസ് വിദ്യാർഥിക്ക് പറ്റിയ അബദ്ധം ഇപ്പോൾ ട്വിറ്ററിൽ വൈറലാണ്. റോഷൻ പട്ടേൽ എന്ന ട്വിറ്റർ യൂസറാണ് തന്റെ കസിനായ അർജുന് പറ്റിയ അബദ്ധം ട്വിറ്റിൽ ചിത്രം സഹിതം പങ്കുവച്ചത്. ഇംഗ്ലീഷ് ഹോംവർക്ക് ചെയ്യാൻ ചാറ്റ്ജിപിടി ഉപയോഗിച്ച അർജുനെ ഹോം വർക്കിലെ ഒരു'വരി'യാണ് കുടുക്കിയത്.
ചാറ്റ്ജിപിടി സഹായത്തോടെ അർജുൻ ചെയ്ത ഹോം വർക്കിൻറ ചിത്രം റോഷൻ പങ്കുവച്ചിരുന്നു. അതിൽ ഒരുവരിമാത്രം പച്ചനിറത്തിൽ അടയാളപ്പെടുത്തിയിട്ടുമുണ്ട്. ആ വരി ഇങ്ങനെയായിരുന്നു -As an AI language model, I don't have personal expectations or opinions"(ഒരു എഐ ഭാഷാ മോഡൽ എന്ന നിലയിൽ, എനിക്ക് വ്യക്തിപരമായ പ്രതീക്ഷകളോ അഭിപ്രായങ്ങളോ ഇല്ല").
ചാറ്റ്ജിപിടിയിൽ നിന്ന് ലഭിച്ച ഉത്തരം അതേപടി കോപ്പിയടിക്കുന്നതിനിടെ ചാറ്റ്ജിപിടി പറഞ്ഞ അതിന്റെ അഭിപ്രായവും ഉത്തരമായി തെറ്റിദ്ധരിച്ച് അർജുൻ പകർത്തുകയായിരുന്നു. ശസ്ത്രക്രിയ വിജയം, പക്ഷേ രോഗി മരിച്ചു എന്ന് പറയുംപോലെ, ചാറ്റ്ജിപിടി ഉപയോഗിച്ച് ഹോം വർക്ക് ചെയ്യാനുള്ള അർജുന്റെ ഐഡിയ വിജയമായിരുന്നു എങ്കിലും അശ്രദ്ധമൂലം അത് പരാജയത്തിൽ കലാശിക്കുകയായിരുന്നു.

ജൂൺ ഒന്നിനാണ് റോഷൻ ഈ ചിത്രവും സംഭവവും ട്വിറ്ററിൽ പങ്കുവച്ചത്. അന്നുമുതൽ ഇന്ന് വരെ ഈ പോസ്റ്റ് വൈറലായി മുന്നേറുകയാണ്. ഇതിനോടകം 1.3 മില്യൺ വ്യൂസ് ആണ് ഈ പോസ്റ്റ് നേടിയിരിക്കുന്നത്. ലക്ഷക്കണക്കിന് ലൈക്കുകളും കമന്റുകളുമായി ആളുകൾ അർജുനെയും ഹോം വർക്കിനെയും ഏറ്റെടുത്തു.
ചിലർ തങ്ങളുടെ അബദ്ധങ്ങളും അനുഭവങ്ങളും കമന്റുകളായി രേഖപ്പെടുത്തി. ഒരിക്കൽ, തന്റെ ട്യൂഷൻ വിദ്യാർഥിയായ ആൺകുട്ടി ഇന്റർനെറ്റിൽനിന്ന് ഒരു എസ്സെ അതേപടി പകർത്തിക്കൊണ്ടുവന്നു. അതിൽ അവസാനഭാഗത്ത് 'നിങ്ങൾക്ക് ഈ ലേഖനം ഇഷ്ടപ്പെട്ടെങ്കിൽ മറ്റുള്ളവർക്ക് ഇത് റഫർ ചെയ്യുക' എന്ന് എഴുതിയിരുന്നതായി ഒരാൾ വെളിപ്പെടുത്തി. ഇത്തരത്തിൽ നിരവധി കമന്റുകളുമായി ആ ഹോം വർക്ക് ഇന്റർനെറ്റ്ലോകം കീഴടക്കി മുന്നേറുകയാണ്.


Click it and Unblock the Notifications








