നമ്മുടെ സ്വന്തം 'ചെക്കൻ'! ഗൂഗിളിൽ എത്തിയിട്ട് 20 വർഷം, ത്രിൽ മാറിയിട്ടില്ലെന്ന് സുന്ദർ പിച്ചൈ
ലോകത്തെ ഏറ്റവും വലിയ സെർച്ച് എഞ്ചിൻ കമ്പനി എന്നാണ് ഗൂഗിളിനെ വിശേഷിപ്പിക്കുന്നത് എങ്കിലും ഒരു സെർച്ച് എഞ്ചിൻ കമ്പനി എന്നതിലപ്പുറം ടെക്നോളജി ലോകത്ത വമ്പനാണ് ഗൂഗിൾ. എഐ അടക്കം ഏറ്റവും പുതിയ ടെക്നോളജികളിൽ മേൽക്കൈ നേടാൻ കഠിനമായി അധ്വാനിക്കുന്ന ഗൂഗിളിന്റെ ശക്തി ഇന്ത്യക്കാരൻ സുന്ദർ പിച്ചൈയാണ്.
നിരവധി ഇന്ത്യക്കാർ വിവിധ കമ്പനികളുടെ സിഇഒമാരായി നിലവിൽ പ്രവർത്തിച്ചുവരുന്നുണ്ട്. എന്നാൽ അവരിൽ ഏറ്റവും പ്രധാനിയും ശക്തനും സുന്ദർ പിച്ചൈ തന്നെയാണ്. കാരണം ടെക്നോളജി രംഗത്ത് ഗൂഗിളിന്റെ പവർ അത്ര വലുതാണ്. ഗൂഗിളിന്റെയും മാതൃകമ്പനിയായ ആൽഫബെറ്റിന്റെയും സിഇഒ സ്ഥാനം വഹിക്കുന്ന സുന്ദർ പിച്ചൈ ഇന്ത്യക്ക് അഭിമാന പുത്രനാണ്.

വിവിധ പ്രതിസന്ധികൾ നേരിട്ടപ്പോഴും ഗൂഗിളിനെ ശക്തിയുക്തം നയിച്ച ഗൂഗിൾ പിച്ചൈ കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഒരു കാര്യം വെളിപ്പെടുത്തി. ഗൂഗിളിലെ തന്റെ ആദ്യ ദിനം 2004 ഏപ്രിൽ 26ന് ആയിരുന്നുവെന്നും ഈ ഏപ്രിൽ 26ന് താൻ ഗൂഗിളിൽ കാൽ കുത്തിയിട്ട് 20 വർഷം ആയിരിക്കുന്നു എന്നുമാണ് പിച്ചൈ വെളിപ്പെടുത്തിയത്.
ചെന്നൈയിലെ ഒരു സാധാരണ സർക്കാർ സ്കൂളിൽ പഠിച്ച പയ്യനിൽനിന്ന് ഈ 20 വർഷം കൊണ്ട്, ലോകത്തെ നയിക്കുന്ന ടെക്നോളജി കമ്പനിയുടെ നായകനെന്ന നിലയിലേക്ക് പിച്ചൈയ്ക്ക് വളരാൻ കഴിഞ്ഞത് കഴിവും നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങളും കൊണ്ടാണ്. 2022ൽ പുറത്തുവന്ന കണക്ക് പ്രകാരം പിച്ചൈയുടെ ശമ്പളം 226 മില്യൺ ഡോളർ (ഏകദേശം 1,854 കോടി രൂപ) ആണ്.

ഈ 20 കൊല്ലത്തിനിടയ്ക്ക് ടെക്നോളജിയും ആളുകളും ഒരുപാട് മാറിയെന്നും എന്നാൽ തന്റെ ത്രിൽ മാത്രം ഒരുമാറ്റവുമില്ലാതെ തുടരുന്നുവെന്നും ഗൂഗിളിലെ 20-ാം വാർഷികം അനുസ്മരിച്ചുകൊണ്ട് പിച്ചൈ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒരു സാധാരണക്കാരൻ എന്ന നിലയിൽ നിന്ന് ലോകത്തെ ഏറ്റവും പ്രധാന കമ്പനിയുടെ സിഇഒ എന്ന പദവിയിലേക്കുള്ള പിച്ചൈയുടെ യാത്ര യുവതലമുറയ്ക്ക് വലിയൊരു പ്രചോദനവും പാഠവുമാണ്.
ചെന്നൈയിലെ രണ്ട് മുറി വീട്ടിൽനിന്ന് ജീവിതം ആരംഭിച്ച സുന്ദർ പിച്ചൈ ഇന്ന് താമസിക്കുന്നത് കാലിഫോർണിയയിലെ സാന്താ ക്ലാര കൗണ്ടിയിലെ ലോസ് ആൾട്ടോസിലെ കുന്നിൻ മുകളിൽ 31.17 ഏക്കറിൽ സ്ഥിതിചെയ്യുന്ന മണിമാളികയിലാണ്. ഏകദേശം 10,215 കോടി രൂപയാണ് പിച്ചൈയുടെ ഈ വീടിന്റെ വില.
രഗുനാഥ പിച്ചൈയുടെയും ലക്ഷ്മിയുടെയും മകനായി തമിഴ്നാട്ടിലെ മധുരയിൽ 1972 ജൂലൈ 12-ന് ആണ് സുന്ദർ പിച്ചൈ ജനിച്ചത്. തുടർന്ന് കുട്ടിക്കാലവും വിദ്യാഭ്യാസവുമൊക്കെയായി സുന്ദർ പിച്ചൈ വളർന്നത് ചെന്നൈയിലെ വീട്ടിലായിരുന്നു. ജവഹർ വിദ്യാലയ സീനിയർ സെക്കൻഡറി സ്‌കൂളിലും വന വാണി സ്‌കൂളിലുമായിട്ടായിരുന്നു പഠനം. തുടർന്ന് ഖരഗ്പൂർ ഐഐടിയിൽ ചേരുകയായിരുന്നു.

പിന്നീട് സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്നും മെറ്റീരിയൽ സയൻസസ് & എഞ്ചിനീയറിങ്ങിൽ എം.എസ്. ബിരുദവും പെൻസിൽവേനിയയിലെ വാർട്ടൺ സ്കൂൾ ഓഫ് ബിസിനസിൽ നിന്നും എം.ബി.എ. ബിരുദവും നേടി. തുടർന്ന് 2004ൽ ഗൂഗിളിൽ എത്തിച്ചേർന്നത് മുതലിങ്ങോട്ട് പിച്ചൈ തന്റെ ജീവിതം ഗൂഗിളിന്റെ വളർച്ചയ്ക്കായി ഉഴിഞ്ഞുവച്ചു.
ഇപ്പോൾ ഏതാണ്ട് 52ന് അടുത്ത് പ്രായമുള്ള പിച്ചൈ, തന്റെ 31-ാം വയസിലാണ് പിച്ചൈ ഗൂഗിളിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഗൂഗിളിന്റെ നിർണായകമായ പല പ്രോജക്ടുകളിലും പിച്ചൈ ഉണ്ടായിരുന്നു. 2008-ൽ ഗൂഗിൾ ക്രോം ബ്രൗസർ തയ്യാറാക്കിയ സംഘത്തെ നയിച്ചത് പിച്ചൈ ആയിരുന്നു. ഗൂഗിൾ സ്ഥാപകൻ ലാറി പേജിന്റെ വലംകൈ എന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങൾ പിച്ചൈയെ ഒരുകാലത്ത് വിശേഷിപ്പിച്ചിരുന്നത്.
2015 ഓഗസ്റ്റ് 10-നു ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡിന്റെ ഉപവിഭാഗമായി ഗൂഗിൾ മാറി. ഈ ഘട്ടത്തിലാണ് നിർണായകമായ സ്ഥാനത്തേക്ക് പിച്ചൈ എത്തുന്നത്. ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) സുന്ദർ പിച്ചൈയെ ലാറി പേജ് നിയമിച്ചു. തുടർന്നും ഗൂഗിളിനായി നല്ല രീതിയിൽ പണിയെടുത്ത പിച്ചെ ആൻഡി റൂബിന് ശേഷം ആൻഡ്രോയിഡ് അടക്കമുള്ള ഉൽപ്പന്നങ്ങളുടെ മേൽനോട്ടം വഹിച്ചു.

പിന്നീട് ഒരു സ്ഥാനക്കയറ്റം പിച്ചൈയെ തേടിയെത്തുന്നത് 2019 ഡിസംബറിലാണ്. ആൽഫ ബെറ്റിന്റെ സിഇഒ എന്ന പദവിയിലേക്കായിരുന്നു ആ ഉയർച്ച. ദീർഘവീക്ഷണത്തോടെ, മുന്നിലുള്ളത് കാണാനും പ്രധാനപ്പെട്ട കാര്യങ്ങളിൽ ടീമുകളെ അണിനിരത്താനുമുള്ള അപാരമായ കഴിവ് പിച്ചൈയ്ക്ക് ഉണ്ടെന്നും അത് ഈ സ്ഥാനത്തിന് അദ്ദേഹത്തെ അർഹനാക്കുന്നു എന്നും പിച്ചൈയുടെ പ്രമോഷൻ പ്രഖ്യാപിക്കുന്ന കുറിപ്പിൽ പറയുന്നു.
"ആൽഫബെറ്റിനും ഗൂഗിളിനും ഇനി രണ്ട് സിഇഒമാരും ഒരു പ്രസിഡൻ്റും ആവശ്യമില്ല" എന്ന് പറഞ്ഞ് ലാറി പേജും പ്രസിഡൻ്റ് സെർജി ബ്രിനും കമ്പനിയിൽ നിന്ന് പിന്മാറിയതോടെ പിച്ചൈ ആൽഫബെറ്റിൻ്റെ എല്ലാമെല്ലാമായ സിഇഒയായി മാറി. ഇപ്പോൾ പിച്ചൈ അമേരിക്കൻ പൗരനാണെങ്കിലും ഇന്ത്യക്ക് ഏറെ പ്രിയപ്പെട്ട മകൻ തന്നെയാണ്.
2022 ൽ പത്മഭൂഷൺ പുരസ്കാരം നൽകി ഇന്ത്യ പിച്ചൈയെ ആദരിച്ചിരുന്നു. ഇപ്പോഴും ഇന്ത്യയോടും തമിഴ്നാടിനോടുമൊക്കെ പ്രത്യേക സ്നേഹം മനസിൽ സൂക്ഷിക്കുന്ന ആൾകൂടിയാണ് സുന്ദർ പിച്ചൈ. തന്റെ ഇന്ത്യാ സന്ദർശന വേളകളിലെല്ലാം അദ്ദേഹം അത് പ്രകടിപ്പിക്കാറുമുണ്ട്. ജോലിയിൽ പ്രവേശിച്ച് 20 വാർഷികം പിന്നിടുമ്പോഴും ഗൂഗിളിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനുള്ള കഠിനാധ്വാനത്തിലാണ് ഈ അമ്പത്തൊന്നുകാരൻ.


Click it and Unblock the Notifications








