ഒരു കാട്ടിൽ ഒരു സിംഹം മതി; ചാറ്റ് ജിപിടിയ്ക്ക് മേൽ ജയിക്കാൻ പടനയിച്ച് പിച്ചൈ

രാജാവായി വിലസിയിരുന്ന ഗൂഗിളിനെ ഇന്നലെ ഉണ്ടായ ഒരു കുഞ്ഞൻ കമ്പനി വെല്ലുവിളിക്കുന്ന കാഴ്ചയാണ് ചാറ്റ് ജിപിടി എന്ന എഐ സംവിധാനത്തിന്റെ വരവോടെ ലോകം കണ്ടത്. ഓപ്പൺ എഐ എന്ന കമ്പനി അവതരിപ്പിച്ച ചാറ്റ് ജിപിടി എന്ന എഐ പിന്തുണയുള്ള ചാറ്റ്ബോട്ട് ലോകമെങ്ങുമുള്ള മനുഷ്യരെ അമ്പരപ്പിച്ചിരുന്നു. ചാറ്റ് ജിപിടിയുടെ അനന്തമായ സാധ്യതകൾ ഇനിയും ലോകം തിരിച്ചറിയാനിരിക്കുന്നതേയുള്ളൂ എന്നാണ് വിദഗ്ധർ പറയുന്നത്. ചാറ്റ് ജിപിടിയുടെ വരവോടെ ചങ്കിടിച്ചത് സെർച്ച് എൻജിൻ ഭീമനായ ഗൂഗിളിനാണ്. എന്ത് സംശയമുണ്ടെങ്കിലും നാം ഇപ്പോൾ ആദ്യം പോയി ചോദിക്കുക ഗൂഗിളിനോടാണ്.
ഗൂഗിളിന്റെ കച്ചവടം പൂട്ടും
എന്നാൽ ചാറ്റ് ജിപിടി കൂടുതൽ വികസിച്ചാൽ ഗൂഗിളിന്റെ കച്ചവടം പൂട്ടും. ഒരു സുഹൃത്തിനോട് സംസാരിക്കുന്നതുപോലെ കാര്യങ്ങൾ ചോദിക്കാനും മനസിലാക്കാനും കഴിയും എന്നതാണ് ചാറ്റ്ജിപിടിയുടെ പ്രത്യേകത. സിനിമാ സ്‌ക്രിപ്റ്റ് മുതല്‍ പ്രേമലേഖനങ്ങള്‍ വരെ എഴുതിത്തരാനും ചാറ്റ് ജിപിടിക്ക് കഴിയും. കൈവയ്ക്കുന്ന മേഖലകളിലെല്ലാം അദ്ഭുതകരമായ കഴിവുകൾ പുറത്തെടുക്കുന്ന എഐ ടെക്നോളജിയെയും ചാറ്റ് ജിപിടിയെയും ഭാവിയുടെ ടെക്നോളജിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ബാർഡ് ഇറക്കി, പക്ഷേ പണിപാളി!
ചാറ്റ് ജിപിടി ലോകമാകെയുള്ള മനുഷ്യർക്കിടയിൽ തരംഗമാകുന്നത് കണ്ട് ഗൂഗിൾ തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകുമോ എന്നുപോലും ഭയന്നിരുന്നു. അതോടെ ബാർഡിനെ രംഗത്തിറക്കി തിരിച്ചടിക്കാൻ ഗൂഗിൾ ഒരു ശ്രമം നടത്തി. ഗൂഗിൾ വികസിപ്പിച്ച ലാംഗ്വേജ് മോഡല്‍ ഫോര്‍ ഡയലോഗ് ആപ്ലിക്കേഷന്‍ (ലാംഡ) കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എഐ ചാറ്റ്‌ബോട്ടിന്റെ പേരാണ് ബാര്‍ഡ്. പക്ഷേ ചാറ്റ് ജിപിടിയെ നേരിടാനുള്ള തിടുക്കത്തിൽ അവതരിപ്പിച്ച ബാർഡ് തുടക്കത്തിൽ തന്നെ പാളിപ്പോയി. ഇത് പ്രതീക്ഷിച്ചതിന്റെ നേർ വിപരീത ഫലമാണ് ഗൂഗിളിന് നൽകിയത്.
ഇതിലൊന്നും തളരില്ല...
എങ്കിലും കൂടുതൽ പരീക്ഷണങ്ങളുമായി ബാർഡിനെ പൂർവാധികം ശക്തിയോടെ പ്രതിഷ്ഠിക്കാനാണ് ഗൂഗിൾ ഇപ്പോൾ ശ്രമം നടത്തിവരുന്നത്. ഇതോടെ എഐ ടെക്നോളജിയുപയോഗിച്ച് മികച്ച മുന്നേറാനുള്ള ടെക്നോളജി മേഖലയിലെ മത്സരം കടുത്തിരിക്കുകയാണ്. ബാർഡ് അവതരണവേളയിൽ പരാജയം നേരിട്ടത് വ്യക്തിപരമായി ഗൂഗിൾ പിച്ചൈയ്ക്കും കമ്പനിയെന്ന നിലയിൽ ആപ്പിളിനും ഏറെ തിരിച്ചടിയായി. ഗൂഗിളിന്റെ ഓഹരികളിൽ വൻ ഇടിവ് ഉണ്ടായപ്പോൾ, പിച്ചൈ നേരിട്ടത് സ്വന്തം ജീവനക്കാരിൽനിന്നുതന്നെ ഉയർന്ന കനത്ത വിമർശനങ്ങളായിരുന്നു.
വിമർശനങ്ങൾ പിച്ചൈയെ ലക്ഷ്യമിട്ട്
ജീവനക്കാരുടെ പ്രവർത്തനം വിലയിരുത്തുന്നത് പോലെ തലപ്പത്തിരിക്കുന്നവരുടെയും പ്രവർത്തനം വിലയിരുത്തണം, ദീര്‍ഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്ന രീതി തിരിച്ചുകൊണ്ടുവരണം എന്നൊക്കെയുള്ള ആവശ്യങ്ങൾ ഗൂഗിൾ ജീവനക്കാരുടെ ഇടയിൽ ഉയർന്നു. ഈ വിമർശനങ്ങളിലധികവും പിച്ചൈയെ ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു. എങ്കിലും പിന്മാറാൻ പിച്ചൈയും ഗൂഗിളും തയാറല്ല. ഗൂഗിളിനെ സംബന്ധിച്ചിടത്തോളം എഐ സാങ്കേതിവിദ്യയിൽ മുന്നിലെത്തേണ്ടത് നിലനിൽപ്പിന്റെ പ്രശ്നമാണ്.

ഇനിയും വളരാൻ അനുവദിച്ചാൽ
മൈക്രോ സോഫ്ടിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഓപ്പൺ എഐ. സെർച്ച് എൻജിനായ ബിങ്ങിലും എഡ്ജ് ബ്രൗസറിലും ചാറ്റ് ജിപിടി സൗകര്യം ലഭ്യമാക്കുമെന്ന് മൈക്രോ സോഫ്ട് പ്രഖ്യപിച്ചിരുന്നു. ഇനിയും ചാറ്റ ജിപിടിയെ വളരാൻ അനുവദിച്ചാൽ ഗൂഗിളിന്റെ കച്ചവടം പോലും പൂട്ടിപ്പോകും. തോൽക്കാൻ തയാറല്ലാത്ത ഗൂഗിളും പിച്ചൈയും ബാർഡിനെ കരുത്തനാക്കാൻ തീവ്ര ശ്രമമാണ് നടത്തിവരുന്നത്. കഴിഞ്ഞ ദിവസം ജീവനക്കാർക്ക് അയച്ച ഇ-മെയിലിൽ എല്ലാ ദിവസവും രണ്ടു മുതൽ നാലുമണിക്കൂർ വരെ സമയം ബാര്‍ഡ് സാങ്കേതിക വിദ്യ പരീക്ഷിക്കാന്‍ പിച്ചൈ ആവശ്യപ്പെട്ടിരിക്കുകയാണ്.
അഹോരാത്രം പണിയെടുക്കണം
തങ്ങൾ നേരിടാൻ പോകുന്ന ചാറ്റ് ജിപിടി വെല്ലുവിളി തിരിച്ചറിഞ്ഞ് എത്രയും വേഗം അതിന് പ്രതിവിധി കണ്ടെത്താനുള്ള ഗൂഗിൾ ശ്രമമാണ് ഈ തിടുക്കത്തിനും നിർദേശത്തിനും പിന്നിൽ എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ബാര്‍ഡിന്റെ സുരക്ഷ, പ്രവർത്തന ക്ഷമത, പോരായ്മകൾ എന്നിവയെല്ലാം കണ്ടെത്താനാണ് ജീവനക്കാരോട് ബാർഡ് ടെസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഏതുവിധേനയും ചാറ്റ് ജിപിടിയെ തോൽപ്പിച്ച് ആ സ്ഥാനത്ത് ബാർഡിനെ എത്തിക്കാൻ ആയിരക്കണക്കിന് ഗൂഗൾ ജീവനക്കാർ അഹോരാത്രം പ്രവർത്തിച്ചുവരികയാണ്.


Click it and Unblock the Notifications