ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ഓടിക്കളിച്ച് വളർന്ന ചെന്നൈയിലെ വീട് തമിഴ്നടന് വിറ്റു; അവിസ്മരണീയ അനുഭവവുമായി നടൻ
സ്വന്തം കഴിവുകളാൽ ലോകപ്രശസ്തരായ ഇന്ത്യക്കാർ നിരവധിയുണ്ട്. അക്കൂട്ടത്തിൽ ഇപ്പോൾ ഏറ്റവും പ്രശസ്തിയോടെ സജീവമായി തന്റെ കർമമണ്ഡലത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഇപ്പോൾ ഇന്ത്യൻ പൗരത്വം ഇല്ലെങ്കിലും പിച്ചൈ സുന്ദരരാജൻ എന്ന സുന്ദർ പിച്ചൈ(Sundar Pichai) ഇന്ത്യക്ക് മകൻ തന്നെയാണ്.
തിരിച്ചിങ്ങോട്ട് സുന്ദർ പിച്ചൈക്കും അങ്ങനെതന്നയാണ്. എത്ര ഉയരത്തിൽ എത്തിയാലും വന്ന വഴി മറക്കാത്ത വ്യക്തിത്വത്തിന് ഉടമയാണ് സുന്ദർ പിച്ചൈ. അതിനാൽത്തന്നെ അദ്ദേഹത്തിന്റെ ഓരോ നേട്ടത്തിലും സന്തോഷിക്കുന്ന നിരവധി മനുഷ്യർ ഇന്ത്യയിലും പ്രത്യേകിച്ച് അദ്ദേഹം ജനിച്ചുവളർന്ന തമിഴ്നാട്ടിലുമുണ്ട്. പിച്ചൈ തനി ചെന്നൈക്കാരനാണെന്ന് ഏറെ അഭിമാനത്തോടുകൂടി അവർ പറയുന്നു.

സ്വന്തം നാട്ടുകാരൻ ടെക്നോളജി രംഗത്തെ ഏറ്റവും വമ്പനായ ഗൂഗിളിന്റെ അമരത്തിരുന്ന് നയിക്കുന്നതിൽ ഏതൊരു തമിഴ്നാട്ടുകാരനും അഭിമാനം കൊണ്ടില്ലെങ്കിലേ അദ്ഭുതമുള്ളൂ. യുഎസിലേക്ക് കുടിയേറിയെങ്കിലും ചെന്നൈയിൽ പിച്ചൈ സമയംചെലവഴിച്ച ഓരോ ഇടത്തെപ്പറ്റിയും വളരെയേറെ കഥകൾ അന്ന് ഒപ്പമുണ്ടായിരുന്നവർക്ക് പറയാനുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഇടമായിരുന്നു പിച്ചൈ ബാല്യകാലം ചെലവഴിച്ച ചെന്നൈ അശോക് നഗർ പരിസരത്തെ അദ്ദേഹത്തിന്റെ വീട്.
1972 ജൂലൈ 12-നു തമിഴ്നാട്ടിലെ മധുരയിൽ ആണ് ലക്ഷ്മിയുടെയും രഗുനാഥ പിച്ചൈയുടെയും മകനായി സുന്ദർ പിച്ചൈ ജനിച്ചത്. തുടർന്ന് കുട്ടിക്കാലവും വിദ്യാഭ്യാസവുമൊക്കെയായി സുന്ദർ പിച്ചൈ വളർന്നത് ചെന്നൈയിലെ ഈ വീട്ടിലായിരുന്നു. ജവഹർ വിദ്യാലയ സീനിയർ സെക്കൻഡറി സ്‌കൂളിലും വന വാണി സ്‌കൂളിലുമായിട്ടായിരുന്നു പഠനം. തുടർന്ന് ഖരഗ്പൂർ ഐഐടിയിൽ ചേരുകയായിരുന്നു.

ചെന്നൈയുമായി സുന്ദർ പിച്ചൈയ്ക്കുള്ള ബന്ധം ഊട്ടിയുറപ്പിച്ചിരുന്ന ഏറ്റവും പ്രധാന ഇടങ്ങളിൽ ഒന്നായ ഈ വീട് ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. കാരണം പിച്ചൈയുടെ മാതാപിതാക്കൾ ഈ വീട് തമിഴ് നടനും നിർമാതാവുമായ സി മണികണ്ഠന് വിറ്റു. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. വീട് പൊളിച്ചുമാറ്റിയ ശേഷമായിരുന്നു വിൽപ്പന.
വീട് വാങ്ങിയതിന് പിന്നാലെ മണികണ്ഠന് വൻ പ്രശസ്തിയാണ് കൈവന്നിരിക്കുന്നത്. അതോടെയാണ് പിച്ചൈയുടെ വീട് സംബന്ധിച്ച വാർത്തകളും സജീവമായിരിക്കുന്നത്. ഇത്രയും പ്രശസ്തനും ലോകത്തിനു മുന്നിൽ ഇന്തയുടെയും തമിഴ്നാടിന്റെയും അഭിമാനവുമായ സുന്ദർ പിച്ചൈയുടെ വീട് സ്വന്തമാക്കാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവാനാണ് എന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ മണികണ്ഠൻ പ്രതികരിച്ചു.
വീട് സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട് മണികണ്ഠൻ നടത്തിയ വെളിപ്പെടുത്തലുകളും ഇതിനോടകം ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ വ്യക്തികളിലൊരാളുടെ പിതാവ് ആയിട്ടും സുന്ദർ പിച്ചൈയുടെ അച്ഛൻ രഘുനാഥ പിച്ചൈയും അമ്മ ലക്ഷ്മിയും പെരുമാറിയ വിധവും ഇടപാടുകളിലെ സുതാര്യതയും സുന്ദർ പിച്ചൈയുടെ പെരുമയുടെ മാറ്റ് കൂട്ടിയെന്ന് മണികണ്ഠൻ പറയുന്നു.
സ്ഥലം ഇടപാട് ഉറപ്പിച്ചപ്പോൾ സുന്ദർ പിച്ചൈയുടെ പിതാവ് ചെയ്ത ആദ്യ നടപടി സർക്കാരിന് നൽകേണ്ട കൃത്യമായ നികുതിപ്പണം അടയ്ക്കുക എന്നതായിരുന്നു. അതിന് ശേഷമാണ് അദ്ദേഹം രജിസ്ട്രേഷനുമായി മുന്നോട്ട് പോയത് എന്ന് മണികണ്ഠൻ പറയുന്നു. മാത്രമല്ല, മകന്റെ പേര് ഒരിടത്തും ഉപയോഗിക്കാനും അദ്ദേഹം തയാറായില്ല. രജിസ്ട്രേഷനും മറ്റും ഏറെ മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നു.
മകന്റെ പേര് ഉപയോഗിച്ചിരുന്നു എങ്കിൽ എല്ലാ നടപടികളും നിമിഷങ്ങൾക്കകം അദ്ദേഹത്തിന് പൂർത്തിയാക്കാമായിരുന്നു. എന്നാൽ അതിനൊന്നും മുതിരാതെ തികച്ചും സാധാരണക്കാരനായി മണിക്കൂറുകളോം അദ്ദേഹം കാത്തിരുന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് മണികണ്ഠൻ പറയുന്നു. താൻ സ്ഥലം അന്വേഷിക്കുന്നത് അറിഞ്ഞ് ആറു മാസം മുമ്പ് തന്റെ ഒരു സുഹൃത്താണ് ഈ സ്ഥലത്തിന്റെ കാര്യം പറഞ്ഞത്.
നാലുമാസം കാത്തിരുന്നാൽ രഘുനാഥ പിച്ചൈ എത്തുമ്പോൾ സ്ഥലത്തിന്റെ കാര്യം സംസാരിക്കാമെന്ന് സുഹൃത്ത് പറഞ്ഞു. പിന്നീട് പിച്ചൈയുടെ മാതാപിതാക്കൾ അഡയാറിലെ വീട്ടിലെത്തിയപ്പോൾ പോയി കണ്ടു. തികച്ചും ഹൃദ്യമായ പെരുമാറ്റമായിരുന്നു അവരുടേത്. തെങ്കാശിയിൽനിന്ന് വന്ന സാധാരണക്കാരനായ തന്റെ വളർച്ചയും കഠിനാധ്വാനവും കണ്ട് പിച്ചൈയുടെ പിതാവ് സന്തുഷ്ടനായെന്നും നല്ലനാൾ നോക്കി രജിസ്ട്രേഷൻ നടത്താമെന്ന് അദ്ദേഹം വാക്കുനൽകിയെന്നും മണികണ്ഠൻ പറയുന്നു.

വിലയുടെ കാര്യമൊന്നും സംസാരിക്കാതെ തന്നെ അദ്ദേഹത്തിന്റെ പിതാവ് ഡോക്യുമെന്റുകൾ കൈമാറാൻ തയാറായി. കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെങ്കിലും അതിന്റെയൊന്നും യാതൊരു അഹംഭാവവും പിച്ചൈയുടെ മാതാപിതാക്കൾക്ക് ഉണ്ടായിരുന്നില്ലെന്നും പിച്ചൈയുടെ അമ്മ ഫിൽട്ടർകോഫി നൽകിയാണ് തന്നെ വരവേറ്റതെന്നും മണികണ്ഠൻ അനുസ്മരിച്ചു. പഴയ വീട് ആയിരുന്നതിനാൽ പൊളിക്കുമ്പോൾ അപകടം ഉണ്ടാകാൻ സാധ്യതയുള്ളതായി പിച്ചൈയുടെ പിതാവ് ഭയന്നു.
തങ്ങൾ വിറ്റ വീട് മൂലം വാങ്ങിയ ആൾക്ക് അപകടം ഉണ്ടാകരുതെന്ന് നിർബന്ധം ഉള്ളതിനാൽ സ്വന്തം ചിലവിൽ വീട് ഇടിച്ചുനിരത്തി വൃത്തിയാക്കിയ ശേഷമാണ് പിച്ചൈയുടെ പിതാവ് സ്ഥലം കൈമാറിയതെന്ന് മണികണ്ഠൻ പറയുന്നു. നാൽപ്പത് വർഷത്തിന് മുമ്പ് സുന്ദർ പിച്ചൈയുടെ പിതാവ് ചെന്നൈയിലെത്തിയപ്പോൾ ആദ്യം വാങ്ങിയ ഇടം എന്ന വൈകാരിക ബന്ധവും പിച്ചൈ കുടുംബത്തിന് ഈ സ്ഥലത്തിനോടുണ്ട്.
പിച്ചൈയുടെ മുത്തശി ഈ വീട്ടിലാണ് താമസിച്ചിരുന്നത്. അവരുടെ മരണശേഷം ഒരു സെക്യൂരിറ്റി മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഈ സ്ഥലത്ത് തനിക്കായി വീട് വയ്ക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും മണികണ്ഠൻ വ്യക്തമാക്കി. 20 വയസുവരെ സുന്ദർ പിച്ചൈ താമസിച്ച സ്ഥലത്ത് താമസിക്കാൻ കഴിയുന്നത് തന്റെ ജീവിതത്തിലെ വലിയ നേട്ടങ്ങളിൽ ഒന്നാണ് എന്നും മണികണ്ഠൻ പറയുന്നു.
സുന്ദർ പിച്ചൈയെ നേരിൽ കാണാൻ സാധിച്ചിട്ടില്ല. എന്നാൽ തന്റെ വീടിന്റെ ഗൃഹപ്രവേശനത്തിന് സുന്ദർ പിച്ചൈ എത്തുമെന്ന് വാക്ക് നൽകിയിട്ടുണ്ടെന്നും ചിലപ്പോൾ എത്തിയേക്കുമെന്നും മണികണ്ഠൻ പറയുന്നു. 2021 ഒക്‌ടോബറിലായിരുന്നു സുന്ദർ പിച്ചൈ അവസാനമായി ചെന്നൈ സന്ദർശനം നടത്തിയത്. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ വന വാണി സ്‌കൂൾ വീണ്ടും സന്ദർശിക്കാനും പിച്ചൈ സമയംകണ്ടെത്തിയിരുന്നു.


Click it and Unblock the Notifications








