പസഫിക് സമുദ്രത്തില്‍ റോബോട്ടുകള്‍ ലോകറെക്കോര്‍ഡ് തീര്‍ത്തു

Posted By: Staff

പസഫിക് സമുദ്രത്തില്‍ റോബോട്ടുകള്‍ ലോകറെക്കോര്‍ഡ് തീര്‍ത്തു

പസഫിക് സമുദ്രത്തില്‍ കൂടുതല്‍ ദൂരം പിന്നിട്ട് നീന്തിയ നാല് റോബോട്ടുകള്‍ ലോകറെക്കോര്‍ഡുകള്‍ തിരുത്തി. 3,200 നോട്ടിക്കല്‍ മൈല്‍ (5,929 കിമീ) ആണ് ഈ

റോബോട്ടുകള്‍ പസഫികില്‍ (ശാന്തമഹാസമുദ്രം) നീന്തിയത്. ഇതിന് മുമ്പ് ഈ റെക്കോര്‍ഡിനുടമ മനുഷ്യനില്ലാത്ത ഒരു യന്ത്രമായിരുന്നു. അന്ന് അത് നീന്തിയത് 2500 നോട്ടിക്കല്‍ മൈല്‍ അഥവാ 4,630 കിലോമീറ്ററായിരുന്നു.

സമുദ്രാന്തര്‍ഭാഗത്ത് സാധാരണ എത്തിപ്പെടാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ പോയി ജലത്തിന്റെ ഗുണത്തേയും അമ്ലസ്വഭാവത്തേയും മത്സ്യസമ്പത്തിനേയും പരിശോധിക്കുന്ന ഒരു പ്രോജക്റ്റിന്റെ ഭാഗമായാണ് റോബോട്ടുകള്‍ ഈ നേട്ടം കൈവരിച്ചത്.

യുഎസ് കമ്പനിയായ ലിക്വിഡ് റോബോട്ടിക്‌സ് നിര്‍മ്മിച്ച പാക്എക്‌സ്  വേവ് ഗ്ലൈഡറുകളാണ് ഇവ. യാത്രയുടെ പകുതിയില്‍ മാത്രം എത്തിയിട്ടുള്ള ഈ ഗ്ലൈഡറുകള്‍ യാത്ര പൂര്‍ത്തിയാകുമ്പോഴേക്കും 16,668 കിലോമീറ്ററെങ്കിലും നീന്തുമെന്നാണ് കണക്കാക്കുന്നത്.

ഈ റോബോട്ടുകള്‍ക്ക് പ്രധാനമായും രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ഏറ്റവും മുകള്‍ ഭാഗത്തിന് ചെറിയ സര്‍ഫ്‌ബോര്‍ഡിന്റെ ആകൃതിയാണുള്ളത്. ജലത്തിന് മുകളിലൂടെ നീങ്ങാന്‍ ഉപയോഗിക്കുന്ന ഒരു ചെറിയ പലകയാണ് സര്‍ഫ്‌ബോര്‍ഡ്. വിനോദസഞ്ചാരികളും മറ്റും ഇത്തരം സര്‍ഫ്‌ബോര്‍ഡുകള്‍ ഉപയോഗിക്കാറുണ്ട്.

ഈ മുകള്‍ ഭാഗത്തെ അടിഭാഗവുമായി ബന്ധിപ്പിക്കുന്നത് ഒരു കേബിളാണ്. അടിഭാഗത്ത് മീന്‍ചിറകുപോലുള്ള കുറച്ച് ഭാഗങ്ങളും കപ്പലിന്റെ അടിഭാഗത്തിന്റെ പരപ്പുമാണ് ഉള്ളത്.

ഇന്ധനം ഒന്നും ഉപയോഗിക്കാതെയുള്ള യാത്രയില്‍ തിരമാലകളെ ഊര്‍ജ്ജമാക്കി മാറ്റുന്ന ടെക്‌നോളജിയാണ് ഉപയോഗിക്കുന്നത്. മുകള്‍ ഭാഗത്തുള്ള സെന്‍സറുകള്‍ക്ക് ഊര്‍ജ്ജം പകരുന്നത് സൗരപാനലാണ്.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഹുവായിലെക്കുള്ള ഇവരുടെ സമുദ്രയാത്രയാണ് നാല് മാസമെടുത്ത് ഇപ്പോള്‍ പൂര്‍ത്തിയായത്. ഹുവായിലെത്തിയ ഇവ ഇനി രണ്ട് ദിശകളിലേക്ക് തിരിയും.

രണ്ട് ഗ്ലൈഡറുകള്‍ ലോകത്തിലെ ഏറ്റവും ആഴമേറിയ ഭാഗമായ മറിയാന ട്രഞ്ചിലേക്ക് നീങ്ങുമ്പോള്‍ മറ്റ് രണ്ടെണ്ണം ഓസ്‌ട്രേലിയ ലക്ഷ്യം വെച്ചാകും യാത്ര ചെയ്യുക. 2012ന്റെ അവസാനത്തോടെയോ 2013 ആദ്യത്തിലോ ഇവ യാത്ര പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot