ആപ്പിളിന്റെ പ്രധാന ഐഫോൺ നിർമാതാവ് എന്ന നേട്ടം കൊതിച്ച് ടാറ്റ; ഹൊസൂർ പ്ലാന്റിൽ ഐഫോൺ നിർമാണം തുടങ്ങി
ലോകമെങ്ങുമുള്ള സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട ബ്രാൻഡാണ് ആപ്പിൾ. ആ ആപ്പിളിന്റെ പ്രധാന ഐഫോൺ നിർമാതാവ് ആയി മാറുക എന്ന മോഹം കഴിഞ്ഞ കുറച്ചധികം നാളുകളായി ഇന്ത്യൻ കമ്പനിയായ ടാറ്റ ഇലക്ട്രോണിക്സിനുണ്ട്. അതിന്റെ ഭാഗമായിക്കൂടിയാണ് ആപ്പിളിന്റെ കരാർ കമ്പനികളിലൊന്നായ വിസ്ട്രോണിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ 2025 മാർച്ചിൽ ടാറ്റ ഇലക്ട്രോണിക്സ് ഏറ്റെടുത്തത്. പിന്നീട് 2025ൽ പെഗാട്രോൺ ടെക്നോളജി ഇന്ത്യയുടെ (പിടിഐ) 60 ശതമാനം ഓഹരികൾ ടാറ്റ സ്വന്തമാക്കി. ഇതിലൂടെ ഇന്ത്യയിലെ പ്രധാന ആപ്പിൾ സപ്ലയർ എന്ന സ്ഥാനം ടാറ്റ ഇലക്ട്രോണിക്സ് കൈക്കലാക്കി.
ഇപ്പോൾ ടാറ്റ ഇലക്ട്രോണിക്സ് തമിഴ്നാട്ടിലെ ഹൊസൂർ നിർമ്മാണ കേന്ദ്രത്തിലെ പുതിയ യൂണിറ്റിൽ ഐഫോൺ മോഡലുകൾ നിർമിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതിലൂടെ ആപ്പിളുമായുള്ള സഹകരണത്തിന്റെ പാതയിൽ ഒരു പുതിയ അധ്യായം കൂടി ടാറ്റ എഴുതിച്ചേർത്തിരിക്കുന്നു. രണ്ട് ഡെഡിക്കേറ്റഡ് അസംബ്ലി ലൈനുകളിലായി ഐഫോൺ 16, ഐഫോൺ 16e എന്നീ മോഡലുകൾ ആണ് നിർമിക്കുന്നത്.

അസംബ്ലി ലൈനുകളുടെ എണ്ണം കുറഞ്ഞത് നാല് എന്ന നിലയിലേക്ക് ഉയർത്താൻ ടാറ്റയ്ക്ക് പദ്ധതിയുണ്ട്. ഓരോ എൻഡ് ടു എൻഡ് അസംബ്ലി ലൈനിലും 2,500 തൊഴിലാളികളെ വരെ ജോലിക്കെടുക്കാൻ കഴിയും. നിലവിലെ അമേരിക്ക- ചൈന തർക്ക സാഹചര്യങ്ങൾ ഇന്ത്യക്ക് അനുകൂലമായി കാര്യങ്ങളെത്തിക്കുകയും ഇന്ത്യയിലെ ഐഫോൺ നിർമാണം കുതിച്ചുയരാൻ ഇടയാക്കുകയും ചെയ്താൽ അതിനനുസരിച്ച് നിർമാണം നടത്താൻ തയാറെടുപ്പുകൾ ആവശ്യമാണ്.
ഹൊസൂരിലെ ടാറ്റയുടെ ഐഫോൺ നിർമാണ പ്ലാന്റ് പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതോടെ, ടാറ്റയുടെ വിസ്ട്രോൺ പ്ലാന്റിന്റെ സൗകര്യങ്ങളെ മറികടന്ന് ഹൊസൂർ പ്ലാന്റ് ഐഫോൺ നിർമാണത്തിൽ സുപ്രധാന ഇടം കൈവരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഹൊസൂരിൽ ഏകദേശം 50,000 എൻക്ലോഷറുകളുടെ ശേഷി ഇരട്ടിയാക്കാൻ ടാറ്റ പദ്ധതിയിടുന്നു എന്നാണ് ഇടി നേരത്തെ റിപ്പോർട്ട് ചെയ്തത്.
ആപ്പിളിന്റെ പ്രധാന ഐഫോൺ നിർമാതാവായി മാറണം എന്ന ടാറ്റയുടെ ആഗ്രഹത്തിന് അനുകൂല സാഹചര്യങ്ങൾ ഒത്തുവന്നതാണ്. പ്രത്യേകിച്ചും ആപ്പിൾ ഇന്ത്യയിലേക്ക് കൂടുതലായി ഐഫോൺ നിർമാണം മാറ്റി സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ഒരു സാഹചര്യത്തിൽ. എന്നാൽ ഇതിനിടയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെ ഐഫോൺ നിർമാണത്തിൽ എതിർപ്പറിയിച്ച് രംഗത്തെത്തിയത് ചെറിയ കല്ലുകടിയായിട്ടുണ്ട്.
സെപ്റ്റംബറിൽ നടക്കുന്ന ആപ്പിളിന്റെ വാർഷിക ഉൽപ്പന്ന ലോഞ്ചുകൾക്ക് മുന്നോടിയായി ഹൊസൂരിലെ ഐഫോൺ അസംബ്ലിങ് പ്ലാനിന്റെ കൂടുതൽ വിപുലീകരണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹൊസൂർ പ്ലാന്റിന്റെ വികസനത്തിന്റെ രണ്ടാം ഘട്ടമാണിത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് ഹൊസൂർ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു.
അപകടത്തിന് മുമ്പ് ഹൊസൂർ പ്ലാന്റ് 50,000 എൻക്ലോഷറുകളുടെ ശേഷിയിലെത്തിയിരുന്നു, എന്നാൽ തീപിടിത്തത്തെ തുടർന്ന് വിപുലീകരണ പദ്ധതികൾ താൽക്കാലികമായി നിർത്തിവയ്ക്കേണ്ടിവന്നു. ഇപ്പോൾ അവ വീണ്ടും ട്രാക്കിലേക്ക് മടങ്ങിത്തുടങ്ങുകയാണ്. അഗ്നിബാധയ്ക്ക് മുൻപ് പ്രവർത്തിച്ചിരുന്ന നിലയിലേക്ക് ഇതിനകം ഹൊസൂർ പ്ലാൻ എത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ആപ്പിൾ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യയിലെ ഐഫോൺ നിർമാണ സൗകര്യങ്ങളുടെ വികസനത്തെ നോക്കിക്കാണുന്നത്. "ജൂൺ പാദത്തിൽ, യുഎസിൽ വിൽക്കുന്ന ഐഫോണുകളിൽ ഭൂരിഭാഗവും ഇന്ത്യയിലായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," എന്ന് മെയ് 1 ന് ആപ്പിളിന്റെ ഒന്നാം പാദ വരുമാന സമ്മേളനത്തിൽ സിഇഒ ടിം കുക്ക് തന്നെ പറഞ്ഞിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച ഇന്ത്യയിലെ ഐഫോൺ നിർമാണ വളർച്ചയ്ക്ക് എതിരേ രംഗത്ത് എത്തിയത് ഇന്ത്യക്ക് ചെറിയ നിരാശയുണ്ടാക്കാൻ കാരണമായിട്ടുണ്ട്. എങ്കിലും ആപ്പിൾ നിലവിലെ നിലയിൽ ഇന്ത്യയുമായി സഹകരിച്ച് മുന്നോട്ട് പോകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐഫോൺ നിർമാണത്തിൽ ഇന്ത്യക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചേക്കുമെങ്കിലും ഐപാഡുകൾ, മാക്ക്, ആപ്പിൾ വാച്ച്, എയർപോഡ്സ് എന്നിവയുടെ നിർമാണത്തിൽ ആപ്പിൾ പ്രധാനമായും വിയറ്റ്നാമിനെയാണ് താൽപ്പര്യപ്പെടുന്നത്.


Click it and Unblock the Notifications








