വർക്ക് ഇൻ പ്രോഗ്രസ്! 15,000 കോടിയുടെ ഡീൽ: ബിഎസ്എൻഎൽ 4ജിക്കായി പെടാപ്പാട് പെട്ട് ടാറ്റ
ബിഎസ്എൻഎൽ ഒന്ന് നന്നായിക്കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന സാധാരണക്കാരായ ഒരുപാട് ആളുകൾ നമുക്കിടയിലുണ്ട്. ഒരു പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ ബിഎസ്എൻഎൽ നില നിൽക്കേണ്ടത് ഈ രാജ്യത്തെ ടെലിക്കോം രംഗത്തിന്റെയും ഈ നാട്ടിൽ ജീവിക്കുന്ന എല്ലാ പൗരന്മാരുടെയും ആവശ്യമാണ്. കാരണം സ്വകാര്യ വ്യക്തികൾ നയിക്കുന്ന രണ്ട് ടെലിക്കോം കമ്പനികളുടെ മാത്രം അധീനതയിലേക്ക് ഈ രാജ്യത്തെ ടെലിക്കോം രംഗം ചുരുങ്ങുന്നത് ഇവിടെയുള്ള സാധാരണക്കാരായ മനുഷ്യർക്ക് അത്ര നല്ലതല്ല. സ്വന്തം തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന ഏകാധിപത്യം കുറയാനും ചൂഷണങ്ങൾ ഒഴിവാക്കാനും ഒന്നിലധികം ഓപ്ഷനുകൾ നിലനിൽക്കേണ്ടതുണ്ട്.
ബിഎസ്എൻഎൽ വരിക്കാർ നേരിടുന്ന പ്രധാന പ്രശ്നം ടെക്നോളജിയും സമൂഹവും വളർന്നതിന് അനുസരിച്ചുള്ള മാറ്റം ബിഎസ്എൻഎല്ലിൽ നിന്ന് ഉണ്ടാകുന്നില്ല എന്നതായിരുന്നു. ജിയോയും എയർടെലും ഇപ്പോൾ 5ജി വ്യാപനം അതിവേഗം പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു. എന്നാൽ ബിഎസ്എൻഎൽ അപ്പോഴും 4ജി വ്യാപിപ്പിക്കുന്നതിനായി പണികൾ നടത്തിവരുന്നതേയുള്ളൂ. നിലവിൽ 4ജി നെറ്റ്വർക്ക് വേഗത പോലും കൈവരിക്കാൻ ബിഎസ്എൻഎല്ലിന് കഴിയാത്തത് വരിക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു.

കാലം മാറിയതിന് അനുസരിച്ച് മറ്റ് കമ്പനികൾ മാറിയപ്പോൾ ബിഎസ്എൻഎൽ മാത്രം എന്തുകൊണ്ട് കാൽ നൂറ്റാണ്ട് പിന്നിൽ തന്നെ ഇപ്പോഴും നിൽക്കുന്നു എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് ഇതിനകം ഭരിച്ചുപോയ സർക്കാരുകളും ബിഎസ്എൻഎൽ അധികൃതരുമാണ്. 4ജിയുടെയും അഭാവം മൂലവും മോശം നെറ്റ്വർക്ക് സേവനം മൂലവും ബിഎസ്എൻഎൽ ഉപേക്ഷിച്ച് പോയവർ അനവധി.
ബിഎസ്എൻഎല്ലിനെ പുനരുജ്ജീവിപ്പിക്കാനും 4ജി, 5ജി സേവനങ്ങൾ അവതരിപ്പിക്കാനുമുള്ള ശ്രമങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളായി നടക്കുന്നുണ്ട്. എന്നാൽ ഇതിൽ എത്രത്തോളം ആത്മാർഥതയുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ബിഎസ്എൻഎൽ 4ജി വ്യാപന നടപടികൾ ആരംഭിച്ചതിന് ശേഷം ആരംഭിച്ച ജിയോയുടെയും എയർടെലിന്റെയും 5ജി വ്യാപനം ഇപ്പോൾ പൂർത്തിയാകാറായിരിക്കുന്നു. ബിഎസ്എൻഎൽ 4ജി ഇപ്പോഴും പ്രാരംഭ ഘട്ടത്തിൽ തുടരുന്നു.
4ജി അവതരിപ്പിക്കാനായി ബിഎസ്എൻഎൽ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസുമായി (ടിസിഎസ്) 15000 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ടു. എന്നാൽ ഈ കരാറിന്റെ ഭാഗമായുള്ള 4ജി വ്യാപനത്തിനായി ടിസിഎസ് ഏറെ പണിപ്പെടുന്നു എന്നാണ് നിലവിലെ പുരോഗതി കാണുമ്പോൾ മനസിലാക്കാനാകുന്നത്. ഒരുലക്ഷം സൈറ്റുകളിൽ 4ജി എത്തിക്കുന്നതിനാണ് കരാർ.
എന്നാൽ ഇതുവരെ 9000 സൈറ്റുകളിൽ മാത്രമാണ് ബിഎസ്എൻഎൽ 4ജി എത്തിയിരിക്കുന്നത്. അതിനിടയിൽ പല വിധത്തിലുള്ള തടസങ്ങൾ ടിസിഎസ് നേരിടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 4ജിക്കായി പ്രത്യേക ടെക്നോളജി തദ്ദേശീയമായി വികസിപ്പിക്കേണ്ടി വന്നു. കേന്ദ്ര സർക്കാരിന്റെ ചില നിബന്ധനകളെ തുടർന്നാണ് അത് വേണ്ടിവന്നത്. ടിസിഎസിന്റെ നേതൃത്വത്തിൽ ബിഎസ്എൻഎൽ 4ജി വ്യാപനത്തിനായി ഒരു കൺസോർഷ്യം രൂപീകരിക്കപ്പെട്ടിട്ടുണ്ട്.
സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് ടെലിമാറ്റിക്‌സ് (സി-ഡോട്ട്), തേജസ് നെറ്റ്വർക്ക് എന്നീ സർക്കാർ സ്ഥാപനങ്ങളും ടിസിഎസിന്റെ നേതൃത്വത്തിലുള്ള ഈ കൺസോർഷ്യത്തിന്റെ ഭാഗമാണ്. സി-ഡോട്ട് ആണ് ബിഎസ്എൻഎൽ 4ജിക്കായുള്ള തദ്ദേശീയ 4ജി ടെക്നോളജി വികസിപ്പിച്ചത്. ഇതിന്റെ ഫല പ്രാപ്തിയെച്ചൊല്ലി ഇടക്കാലത്ത് ചില ആശങ്കകൾ ഉയർന്നതും ബിഎസ്എൻഎൽ 4ജി വ്യാപനത്തെ പിന്നോട്ടടിച്ചു.

ബിഎസ്എൻഎൽ 4ജി വ്യാപനം പൂർത്തിയായാലുടൻ ഒരു സോഫ്ട്വേർ അപ്ഡേഷനിലൂടെ 5ജിയിലേക്ക് മാറാൻ കഴിയുന്ന വിധത്തിലുള്ള ടെക്നോളജിയാണ് ഇപ്പോൾ ഉപയോഗിക്കുന്നത് എന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. അതല്ലങ്കിൽ 2050 എത്തിയാലും ഒരുപക്ഷേ ബിഎസ്എൻഎൽ 5ജി എത്തിയേക്കില്ല. പലവിധ പ്രതിസന്ധികൾ വരുന്നുണ്ടെങ്കിലും ബിഎസ്എൻഎൽ 4ജിക്കായി ടിസിഎസ് കൺസോർഷ്യം ഏറെ പണിപ്പെടുന്നുണ്ട് എന്നാണ് വിവരം.
രാജ്യത്തെ ഡിജിറ്റൽ മേഖലയിലെ അസമത്വം ഒഴിവാക്കാൻ നിർണായ പങ്ക് വഹിക്കാൻ ടിസിഎസ്- ബിഎസ്എൻഎൽ 4ജി വ്യാപനത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോൾ 1000 ഗ്രാമങ്ങളിൽ അതിവേഗ 4G കണക്റ്റിവിറ്റി കൊണ്ടുവരാൻ ടിസിഎസ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇത് രാജ്യത്തെ ഗ്രാമീണ മേഖലയിലെ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങളുടെ ഗുണനിലവാരം ഗണ്യമായി ഉയർത്തും.

ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ ഭാഗമായി രാജ്യത്തെ നാല് പ്രധാന മേഖലകളിലായി ടിസിഎസ് വിപുലമായ ഡാറ്റാ സെൻ്ററുകൾ സ്ഥാപിക്കും. 4G ഇൻഫ്രാസ്ട്രക്ചറിനെ പിന്തുണയ്ക്കുന്നതിലും നെറ്റ്‌വർക്കിൻ്റെ സുഗമമായ പ്രവർത്തനവും പരിപാലനവും ഉറപ്പാക്കുന്നതിലും ഈ ഡാറ്റാ സെൻ്ററുകൾ നിർണായക പങ്ക് വഹിക്കും. 2024 ഓഗസ്റ്റിൽ പൂർണ്ണ തോതിലുള്ള റോൾഔട്ട് ലക്ഷ്യമിട്ട് അതിവേഗ നീക്കങ്ങൾക്ക് ടിസിഎസ് മുന്നിട്ടിറങ്ങിയെന്നാണ് പുതിയ റിപ്പോർട്ട്.
വിവിധ ജില്ലാ, താലൂക്ക് ഓഫീസുകളെ ബന്ധിപ്പിക്കുന്നതിനും അതുവഴി ഭരണപരമായ കാര്യക്ഷമതയും പ്രവേശനക്ഷമതയും വർധിപ്പിക്കുന്നതിനും തടസ്സമില്ലാത്ത ആശയവിനിമയ ശൃംഖലകൾ രാജ്യത്ത് സ്ഥാപിക്കാനും ബിഎസ്എൻഎൽ ഒരുങ്ങുന്നതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങൾ നടന്നാൽ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ അടുത്ത വർഷമെങ്കിലും ബിഎസ്എൻഎല്ലിന് കഴിഞ്ഞേക്കും. എന്നാൽ അതിന് അജ്ഞാതരായ 'വഴിമുടക്കികൾ' സമ്മതിക്കുമോയെന്ന് കണ്ടറിയണം.


Click it and Unblock the Notifications








