കൊള്ളയ്ക്ക് കൂട്ടുനിൽക്കില്ല! റീച്ചാർജ് നിരക്ക് വർധനയിൽ ജിയോയുടെ പ്ലാൻ മറ്റൊന്ന്
ഇന്ത്യയിൽ ടെലിക്കോം കമ്പനികളുടെ 5ജി (5G) വ്യാപനം പൂർണ്ണതയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ലക്ഷ്യത്തിലേക്കുള്ള പാതിദൂരം ഇതിനകം തന്നെ പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. ജിയോ (JIO) ഈ വർഷം അവസാനത്തോടെ ഇന്ത്യയിലെ എല്ലായിടത്തും തങ്ങളുടെ 5ജി എത്തിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. എയർടെൽ (AIRTEL) അടുത്ത വർഷത്തോടെയാകും 5ജി വ്യാപനം പൂർത്തിയാക്കുക.
എന്നാലിപ്പോൾ, ഇന്ത്യയിലെ 5ജി നിരക്കും ടെലിക്കോം പ്ലാനുകളുടെ നിരക്കും ഉയർത്തുന്നത് സംബന്ധിച്ച ചർച്ചകൾ വീണ്ടും ആരംഭിച്ചിരിക്കുന്നു. 5ജി നിരക്കുകൾ അവതരിപ്പിക്കാൻ പ്രമുഖ ടെലിക്കോം കമ്പനി തയാറെടുക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ മുകേഷ് അംബാനിയുടെ റിലയൻസിന് കീഴിലുള്ള ജിയോ ഇക്കാര്യത്തിൽ ഇപ്പോൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

മറ്റാരെങ്കിലും 5ജി നിരക്ക് കൂട്ടിയാലും ഇല്ലെങ്കിലും, ഉയർന്ന നിരക്കിൽ ആയിരിക്കില്ല തങ്ങൾ 5ജി പ്ലാനുകൾ പുറത്തിറക്കുക എന്ന് ജിയോ വ്യക്തമാക്കുന്നു. 5ജി പ്ലാനുകൾ അവതരിപ്പിച്ചാലും, മത്സരാധിഷ്ഠിത വില നിലനിർത്തിക്കൊണ്ടായിരിക്കും തങ്ങളുടെ 5ജി പ്ലാനുകൾ അവതരിപ്പിക്കപ്പെടുക എന്ന് ജിയോ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
എന്തുകൊണ്ട് ജിയോ 5ജിക്ക് ഉയർന്ന നിരക്ക് ഈടാക്കില്ല? നിലവിൽ ഇന്ത്യയിൽ രണ്ട് ടെലിക്കോം കമ്പനികളാണ് 5ജി സേവനങ്ങൾ വ്യാപകമായി അവതരിപ്പിച്ചിട്ടുള്ളത്. ജിയോയും എയർടെലും ആണ് അവ. വിഐക്കും ബിഎസ്എൻഎല്ലിനും 5ജിയിൽ കാര്യമായ മുന്നേറ്റം നടത്താൻ സാധിച്ചിട്ടില്ല. ഇവിടെ വലിയ ഒരു സാധ്യത ഒളിഞ്ഞുകിടക്കുന്നതായി ജിയോ വിലയിരുത്തുന്നു.

എയർടെൽ, വോഡഫോൺ ഐഡിയ, ബിഎസ്എൻഎൽ/എംടിഎൻഎൽ എന്നിവയിൽ നിന്നുള്ള 240 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാർ ഇപ്പോഴും 4ജിയിലോ, അതിലും താഴെയുള്ള നെറ്റ്വർക്കുകളിലോ തുടരുകയാണ്. താങ്ങാനാകുന്ന നിരക്കിൽ 5ജി സേവനങ്ങൾ നൽകി ഇവരെ കൂടെ കൂട്ടുക എന്നതാണ് ജിയോ ലക്ഷ്യമിടുന്നത്. 2ജി മുക്ത ഭാരതം എന്ന് ഇടയ്ക്കിടെ ജിയോ പറയാറുള്ളത് ഇതുകൊണ്ടുതന്നെയാണ്.
അതായത് നിരക്ക് വർധിപ്പിക്കാതെതന്നെ വരുമാനം ഉറപ്പാക്കാനുള്ള മാർഗമാണ് ജിയോ പരീക്ഷിക്കുന്നത്. നിരക്ക് വർധിപ്പിക്കുന്നത് ചിലർക്കെങ്കിലും ബുദ്ധിമുട്ടാകും. വരിക്കാരെ അധികം ബുദ്ധിമുട്ടിക്കാതെ വരുമാനം ഉയർത്താൻ മത്സരാധിഷ്ഠിത വില സഹായിക്കും. ഡാറ്റ-ഇന്റൻസീവ് ഇന്റർനെറ്റ് പ്ലാനുകളിലേക്ക് ആളുകൾ മാറുന്നതിനനുസരിച്ച് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജിയോ ലക്ഷ്യമിടുന്നതെന്ന് ജിയോ പ്രസിഡന്റ് മാത്യു ഉമ്മൻ വ്യക്തമാക്കിയതായി ഇന്ത്യടുഡേ പറയുന്നു.
''2G-യിൽ തുടരുന്ന 200 ദശലക്ഷത്തിലധികം വരുന്ന മൊബൈൽ ഉപഭോക്താക്കൾക്ക് ഇപ്പോഴും ശരിയായ ഇന്റർനെറ്റ് ആസ്വദിക്കാൻ സാധിക്കുന്നില്ല. ഒരു വ്യവസായമെന്ന നിലയിൽ, അവരെ ഉൾക്കൊള്ളാൻ ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. അവർക്ക് ഡിജിറ്റൽ ശാക്തീകരണം നൽകേണ്ട ബാധ്യത വ്യവസായത്തിനാണ്. 2G-മുക്ത ടെലിക്കോം സേവനങ്ങൾ ഉണ്ടാക്കുന്നതിനുള്ള ഏക മാർഗം താങ്ങാനാവുന്ന പ്രവേശനക്ഷമത വാഗ്ദാനം ചെയ്യുകയാണ്," എന്ന് ഉമ്മൻ പറഞ്ഞു.
"എല്ലാ ഇന്ത്യക്കാർക്കും ഡാറ്റയിലേക്ക് പ്രവേശനം അനുവദിക്കുക. എല്ലാ ഇന്ത്യക്കാർക്കും മികച്ച ഉപഭോക്തൃ അനുഭവം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു'' എന്നും അദ്ദേഹം പറഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും ജിയോ ചെയർമാൻ ആകാശ് അംബാനിയുടെയും കാഴ്ചപ്പാട് ഇതാണ്. ഈ നയത്തിൽ നിന്നുകൊണ്ടാണ് ജിയോ തങ്ങളുടെ അടിത്തറ വിപുലീകരിച്ചുകൊണ്ടിരിക്കുന്നത്.
ടെലിക്കോം കമ്പനികളെ സംബന്ധിച്ചിടത്തോളം എആർപിയു (Average Revenue Per User) ഏറെ പ്രധാനമാണ്. ഓരോ ഉപഭോക്താവിൽ നിന്നും അവർ എത്ര പണം സമ്പാദിക്കുന്നുവെന്ന് ഇത് കാണിക്കുന്നു. കഴിഞ്ഞ മൂന്ന് പാദങ്ങളിൽ ജിയോ ഓരോ ഉപയോക്താവിൽ നിന്നും ശരാശരി 181.7 രൂപ വരുമാനം നേടി. മുൻ വർഷത്തെ അപേക്ഷിച്ച് ഇത് നേരിയ വർധനവാണ്.

ജിയോ ആളെ കൂട്ടി വരുമാനം വർധിപ്പിക്കാൻ ശ്രമിക്കുമ്പോൾ മറ്റ് കമ്പനികൾ ഉള്ളവരിൽനിന്ന് പരമാവധി വരുമാനം കണ്ടെത്തുന്നതിന് പ്രാധാന്യം നൽകുന്നു. അതിന് അവർ നിരക്കുകൾ വർധിപ്പിക്കുകയും ഇനിയും വർധിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ടെലിക്കോം മേഖലയിൽ 5ജി നെറ്റ്‌വർക്കുകൾ വികസിപ്പിക്കുന്നത് പോലുള്ള കാര്യങ്ങളിൽ നിക്ഷേപിക്കാൻ കൂടുതൽ പണം ആവശ്യമാണ് എന്ന് അതിന്കാരണമായി ചൂണ്ടിക്കാട്ടുന്നു.
ടെലിക്കോം വ്യവസായം സാമ്പത്തികമായി ആരോഗ്യകരമാകാൻ ARPU 300 രൂപയിലെത്തണമെന്ന് എയർടെല്ലിന്റെ സിഇഒ ഗോപാൽ വിറ്റൽ അഭിപ്രായപ്പെട്ടത് അവരുടെ നയത്തിന് ഉദാഹരണമാണ്. എയർടെൽ നിലവിൽ ഒരു ഉപയോക്താവിൽനിന്ന് ഏകദേശം 200 രൂപ വരുമാനം കണ്ടെത്തുന്നു. ഇത് ജിയോയേക്കാൾ കൂടുതലാണ്. അതേസമയം വിഐ വരുമാനം കണ്ടെത്താൻ ബുദ്ധിമുട്ടുകയും ചെയ്യുന്നു. ഏകദേശം 142 രൂപ മാത്രമാണ് വിഐയുടെ എആർപിയു.
5ജിയുടെ കാര്യത്തിൽ ജിയോ നിലപാട് വ്യക്തമാക്കിയതിനാൽ എതിരാളിയായ എയർടെൽ അധികം ഉയർന്ന നിരക്ക് 5ജി പ്ലാനുകൾക്ക് ഈടാക്കാൻ സാധ്യതയില്ല. അങ്ങനെ സംഭവിച്ചാൽ എതിർപ്പുള്ളവർ ജിയോയിലേക്ക് എത്തും. ഇതുതന്നെയാണ് ജിയോയും ലക്ഷ്യമിടുന്നത്. നിലവിൽ ഇരു കമ്പനികളുടെയും വരിക്കാർക്ക് അവരുടെ പ്രദേശത്ത് 5ജി ലഭ്യമാണെങ്കിൽ സൗജന്യമായി ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ ഈ സൗജന്യം ഇനി അധികകാലം ഉണ്ടാകില്ല.


Click it and Unblock the Notifications






