ആളെ വിട് അണ്ണാ, ഒന്ന് കൂട്ടിയതിന്റെ ക്ഷീണം മാറിയിട്ടില്ല! FY26-ൽ റീച്ചാർജ് നിരക്ക് 10%വരെ കൂടുമെന്ന്
ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കളെ ആകെ ഞെട്ടിച്ചുകൊണ്ട് 2024 ജൂലൈയിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ മൊബൈൽ താരിഫ് വർധന നടപ്പിലാക്കി. റീച്ചാർജ് നിരക്കുകളിൽ ഏതാണ്ട് 25 ശതമാനം വരെ വർധനയാണ് ഇതേത്തുടർന്ന് ഉണ്ടായത്. ഇതിന്റെ ആഘാതത്തിൽ നിന്ന് ജനങ്ങൾ ഇപ്പോഴും കരകയറിയിട്ടില്ല. അതിനിടയിൽ ഇന്ത്യയിലെ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) വരിക്കാരുടെ നെഞ്ചിൽ ഭയം വിതയ്ക്കുന്ന ഒരു നിരീക്ഷണം ഗവേഷണ, റേറ്റിംഗ് സ്ഥാപനമായ Ind-Ra നടത്തിയിരിക്കുന്നു. അതായത്, 2026 സാമ്പത്തിക വർഷത്തിൽ ടെലിക്കോം താരിഫുകൾ 6- 10% വരെ ഉയരുമെന്ന് Ind-Ra പറയുന്നു.
2024ൽ നിരക്ക് കൂട്ടിയതിന്റെ പ്രയോജനം ടെലിക്കോം കമ്പനികൾക്ക് ലഭിച്ചുതുടങ്ങിയിട്ടേയുള്ളൂ. ഈ നിരക്കുവർധനയെ തുടർന്ന് ഓരോ വരിക്കാരനിൽ നിന്നും കിട്ടുന്ന പരമാവധി വരുമാനം (ARPU) കൂടാനും, ROCE (Return on Capital Employed) മെച്ചപ്പെടാനും പോകുന്നതേയുള്ളൂ. മുടക്കിയ മൂലധനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു കമ്പനിയുടെ ലാഭക്ഷമത അളക്കുന്ന സാമ്പത്തിക അനുപാതമാണ് ROCE.

അതായത്, 5ജിക്കും മറ്റുമായി ടെലിക്കോം കമ്പനികൾ ഒരുപാട് കോടികൾ മുടക്കിയിട്ടുണ്ട്. അവയിൽ നിന്നുള്ള വരുമാനം ഇതുവരെ കാര്യമായി കിട്ടിത്തുടങ്ങിയിട്ടില്ല. മുടക്കിയ മൂലധനത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ തോത് (ROCE ) 15% ഉയരണമെങ്കിൽ, ആളുകളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ തോത് (ARPU) FY25 Q2 ൽ 25-35% വരെ ഉയരണം.
വരുമാനം മെച്ചപ്പെടുത്തുന്നതിനായി, 2026 സാമ്പത്തിക വർഷത്തിൽ ടെലിക്കോം താരിഫുകൾ 6-10% വരെ ഉയരുമെന്ന് Ind-Ra വിശ്വസിക്കുന്നു. "എഫ്‌വൈ26 ലെ എല്ലാ റെഗുലേറ്ററി, കോർപ്പറേറ്റ് തീരുമാനങ്ങളിലെയും ഏറ്റവും പ്രധാനപ്പെട്ട പരിഗണന ROCE വീണ്ടെടുക്കൽ ആയിരിക്കും. സ്വകാര്യ ടെലിക്കോം കമ്പനികളെ സംബന്ധിച്ചിടത്തോളം, 5G നേതൃത്വത്തിലുള്ള കാപെക്‌സ് വീണ്ടെടുക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും താരിഫ് വർദ്ധനവ് നിർണായകമാണ്. ROCE- 15% നേടുന്നതിന് ARPU- 25%-35% (60- 70രൂപ വരെ) വർധിപ്പിക്കേണ്ടിവരുമെന്നാണ് Ind-Ra വിലയിരുത്തുന്നത്.

വരുന്ന സാമ്പത്തിക വർഷത്തിൽ രണ്ട് കാര്യങ്ങൾ ടെലിക്കോം വ്യവസായത്തിൽ നിർണായക സ്വാധീനം ചെലുത്തുമെന്ന് Ind-Ra പറഞ്ഞു. ആദ്യത്തേത്, ടെലിക്കോം കമ്പനികളുടെ നിയമപരമായ ബാധ്യതകൾ ഇക്വിറ്റിയാക്കി മാറ്റാൻ സർക്കാർ തീരുമാനിക്കുന്നുണ്ടോ എന്നതാണ്, രണ്ടാമത്തേത് രണ്ട് പൊതുമേഖലാ കമ്പനികൾക്ക് (ബിഎസ്എൻഎൽ, എംടിഎൻഎൽ) എങ്ങനെ സാമ്പത്തിക സഹായം നൽകുന്നു എന്നത്.
ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്കുള്ള സർക്കാർ പിന്തുണ ടെലിക്കോം മേഖലയിൽ ഒതു മത്സരാന്തരീക്ഷം ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതായത് സർക്കാർ പിന്തുണയിൽ ബിഎസ്എൻഎൽ 5ജി സേവനങ്ങൾ ആരംഭിക്കാൻ തുടങ്ങിയാൽ അത് സ്വകാര്യ ടെലിക്കോം കമ്പനികളുടെ 5ജി വരുമാനത്തെയും ബാധിക്കുന്ന കാര്യമാണ്. വരുംവർഷങ്ങളിൽ ടെലിക്കോം കമ്പനികൾ പ്രധാനമായും വരുമാനം പ്രതീക്ഷിക്കുന്നത് 5ജിയിൽ നിന്നാണ്.
ബിഎസ്എൻഎൽ 2025 ജൂലൈ മുതൽ 5ജി സേവനങ്ങൾ ആരംഭിക്കാൻ സാധ്യതയുണ്ട്. 2024 ജൂണിൽ നിലവിൽ ലക്ഷ്യമിട്ടിരിക്കുന്ന 4ജി വ്യാപനം പൂർത്തിയാക്കുമെന്നും അതിന് ശേഷം 5ജി വ്യാപനം ആരംഭിക്കുമെന്നുമാണ് ബിസ്എൻഎൽ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. 4ജി, 5ജി എന്നിവ ആരംഭിക്കുന്നതിലൂടെ ഈ വർഷം വരുമാനം വർധിപ്പിക്കാമെന്ന് ബിഎസ്എൻഎല്ലും കണക്ക് കൂട്ടുന്നു.

ബിഎസ്എൻഎൽ 4ജിയും 5ജിയും ആരംഭിക്കുന്നതോടെ കുറെയധികം ആളുകൾ ബിഎസ്എൻഎല്ലിലേക്ക് എത്തും എന്ന് ഉറപ്പാണ്. ഇത് സ്വകാര്യ കമ്പനികൾ ലക്ഷ്യമിട്ടിരിക്കുന്ന 5ജി വരുമാനത്തെ ബാധിക്കാൻ സാധ്യത കാണുന്നുണ്ട്. കൂടുതൽ വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് പോയാൽ ലക്ഷ്യമിട്ട വരുമാനം ഉറപ്പിക്കാൻ നിരക്ക് കൂട്ടേണ്ട നിലയിലേക്ക് സ്വകാര്യ കമ്പനികൾ എത്താനുള്ള സാധ്യതയും നിലനിൽക്കുന്നു.


Click it and Unblock the Notifications







