പ്രധാനമന്ത്രിക്ക് കൃത്യമായ വീക്ഷണമുണ്ട്, 2029-ൽ ഇന്ത്യ 6ജി നെറ്റ്‌വർക്ക് അവതരിപ്പിക്കും: ടെലിക്കോം മന്ത്രി
5ജി സാങ്കേതികവിദ്യ ഇന്ത്യക്കാർ പരിചയപ്പെട്ടു തുടങ്ങും മുമ്പേ 6ജിയ്ക്കായുള്ള ചർച്ചകളും സജീവമായിത്തുടങ്ങി. 2029-ൽ ഇന്ത്യ 6ജി നെറ്റ്‌വർക്ക് അവതരിപ്പിക്കുമെന്ന് കേന്ദ്ര ടെലിക്കോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വേഗതയിലാണ് ഇന്ത്യ 5ജി വ്യാപനവുമായി മുന്നോട്ട് പോകുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
പിഎച്ച്‌ഡി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കവേ ആണ് ഇന്ത്യയുടെ 6ജി ചുവടുവയ്പ്പിനെക്കുറിച്ച് മന്ത്രി പ്രതികരിച്ചത്. 2022 ഒക്ടോബറിലാണ് ഇന്ത്യ 5ജി സേവനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വിഐ കമ്പനികൾക്കാണ് 5ജി വിതരണ അവകാശമുള്ളത്.

ഇതിൽ റിലയൻസ് ജിയോയും ഭാരതി എയർടെലും അതിവേഗം 5ജി വ്യാപനവുമായി മുന്നോട്ട് പോകുകയാണ്. അടുത്ത 1 -1.5 വർഷത്തിനുള്ളിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി ലഭ്യമാക്കാൻ ഇരു കമ്പനികളും ലക്ഷ്യമിടുന്നു. 2023 അവസാനത്തോടെ തങ്ങളുടെ 5ജി രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തുമെന്ന് ജിയോ വ്യക്തമാക്കുന്നു.
കേരളത്തിലെ 16 നഗരങ്ങളിൽ ഉൾപ്പെടെ രാജ്യത്തെ 365 ലേറെ നഗരങ്ങളിൽ ജിയോ തങ്ങളുടെ ട്രൂ 5ജി സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. എയർടെൽ ആകട്ടെ കേരളത്തിലെ 17 നഗരങ്ങളിൽ ഉൾപ്പെടെ രാജ്യത്തെ 265 നഗരങ്ങളിൽ 5ജി സേവനങ്ങൾ എത്തിച്ചിട്ടുണ്ട്. ഇരു കമ്പനികളും ചേർന്ന് രാജ്യത്തെ 400 ലേറെ നഗരങ്ങളിൽ 5ജി എത്തിച്ചിട്ടുണ്ട്.
ലോകത്ത് മറ്റൊരിടത്തും ഇത്രയും വേഗത്തിൽ 5ജി വ്യാപനം നടന്നിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. 2024 അവസാനത്തോടെ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും 5ജി കവറേജിനു കീഴിൽ ആകും എന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ കൂടുതൽ പ്രദേശങ്ങളിൽ ആദ്യം 5ജി അവതരിപ്പിക്കാൻ ജിയോയും എയർടെല്ലും മത്സരിക്കുന്നതിനാൽ 5ജി നഗരങ്ങളുടെ പട്ടിക ദിവസവും വലുതായിക്കൊണ്ടിരിക്കുന്നുണ്ട്.

ഇനി 6ജിയിലും ഇന്ത്യ മുന്നേറും. 6ജിയിൽ ഇന്ത്യ മുന്നിലെത്തണമെന്ന വ്യക്തമായ ലക്ഷ്യം പ്രധാനമന്ത്രി നൽകിയിട്ടുണ്ടെന്ന് ടെലിക്കോം മന്ത്രി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. 5ജി ഉപഭോക്താക്കളുടെ കാര്യത്തിൽ ഏറ്റവും വലിയ രാജ്യമാകാനുള്ള പാതയിലാണ് ഇന്ത്യ ഇപ്പോൾ. 2028-ൽ ഇന്ത്യയിൽ 5ജി സബ്‌സ്‌ക്രിപ്‌ഷനുകൾ 4ജി സബ്‌സ്‌ക്രിപ്‌ഷനുകളേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ സ്‌മാർട്ട്‌ഫോണുകളും ടാബ്‌ലെറ്റുകളും ഉപയോഗിച്ച് 5ജി വ്യാപനം കൂടുതൽ ശക്തമാക്കാൻ ശ്രമം നടക്കുന്നുണ്ട്. 5ജി വ്യാപനം ഒരു കാരണവശാലും വൈകാതിരിക്കാനായി ടെലികോം കമ്പനികൾക്ക് വേഗത്തിലും കാര്യക്ഷമമായ ചെലവിലും പുതിയ അടിസ്ഥാന സൗകര്യങ്ങൾ വിന്യസിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ സർക്കാർ നയങ്ങൾ ലളിതമാക്കി നൽകിയിട്ടുമുണ്ട്.
5ജി വിതരണ അവകാശമുള്ള വിഐക്കുമേൽ 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള സമ്മർദ്ദവും സർക്കാർ ശക്തമായി നടത്തുന്നുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ വിഐക്ക് ഇതുവരെ 5ജി സേവനങ്ങൾ ആരംഭിക്കാൻ ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ ഫണ്ട് കണ്ടെത്താനായിട്ടില്ല. ഫണ്ടിനായുള്ള ശ്രമങ്ങൾ തുടരുന്നതായും ഉടൻ 5ജി ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നുമാണ് വിഐ വ്യക്തമാക്കുന്നത്.

അതേസമയം 6ജിയ്ക്കായുള്ള ആലോചന തുടങ്ങി ദീർഘദർശിത്വം പുലർത്തുന്ന സർക്കാർ, ബിഎസ്എൻഎൽ 4ജി സേവനങ്ങൾ വൈകുന്നത് കാണുന്നില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. ബിഎസ്എൻഎൽ 4ജി-5ജി സേവനങ്ങൾ ഈ വർഷം ആരംഭിക്കുമെന്ന് ടെലിക്കോം മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു എങ്കിലും പിന്നീട് അതിൽനിന്ന് അദ്ദേഹം പിന്നോട്ട് പോയിരുന്നു.
ബിഎസ്എൻഎൽ 4ജി ഈ വർഷം രണ്ടാം പകുതിയോടെ എത്തും എന്നാണ് പറയപ്പെടുന്നത്. ബിഎസ്എൻഎൽ 4ജിയിലേക്ക് മാറാനുള്ള നടപടികൾ അവസാന ഘട്ടങ്ങളിലൂടെ ആണ് കടന്നുപോകുന്നത് എന്ന് അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം പാർലമെന്റിൽ പ്രസ്താവന നടത്തിയിരുന്നു. അതിനു പിന്നാലെ അടുത്ത വർഷത്തോടെ ബിഎസ്എൻഎൽ 5ജിയും എത്തും എന്നാണ് ടെലിക്കോം മന്ത്രാലയം വ്യക്തമാക്കുന്നത്.


Click it and Unblock the Notifications








