ജിയോയെ നേരിടാൻ ബിഎസ്എൻഎൽ ഉണ്ട്! ഇന്ത്യൻ ടെലിക്കോം മേഖലയിൽ കുത്തകാധിപത്യം ഉണ്ടാകില്ലെന്ന് മന്ത്രി
ഇന്ത്യൻ ടെലിക്കോം മേഖല റിലയൻസ് ജിയോയുടെയും എയർടെലിന്റെയും കുത്തകഭരണത്തിൻ കീഴിൽ ആകുമെന്ന ആശങ്കകൾ വേണ്ടെന്ന് ടെലിക്കോം മന്ത്രി അശ്വിനി വൈഷ്ണവ്. ബിഎസ്എൻഎൽ മികച്ച സേവനദാതാവായി ഉയർന്നുവരുമെന്നും അതിനാൽ ഡ്യൂപ്പോളി( Duopoly, രണ്ട് കച്ചവടക്കാർ മാത്രമുള്ള മാർക്കറ്റ്) എന്ന നിലയിലേക്ക് എത്തില്ലെന്നും മന്ത്രി 'എക്സ്പ്രസ് അഡ'യിൽ പറഞ്ഞു.
ഇന്ത്യയിൽ നിലവിൽ നാല് ടെലിക്കോം കമ്പനികളാണ് ഉള്ളത്. അതിൽ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ( വിഐ) എന്നിവ സ്വകാര്യ കമ്പനികളാണ്. ബിഎസ്എൻഎൽ സർക്കാർ ഉടമസ്ഥതയിലുള്ളതും. ഈ നാല് കമ്പനികളിൽ ജിയോയും എയർടെലും മാത്രമാണ് കഴിഞ്ഞ കുറച്ച് നാളുകളായി വരുമാനം ഉണ്ടാക്കുന്നത്.

വിഐയും ബിഎസ്എൻഎല്ലും കടുത്ത പ്രതിസന്ധി നേരിടുന്നു. 5ജി ആരംഭിക്കാൻ കഴിയാത്തും ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കും വിഐയെ അപ്രസക്തമാക്കിക്കൊണ്ടിരിക്കുന്നു. ഇത്രയും നാളായിട്ടും 4ജി പോലും ആരംഭിക്കാൻ കഴിയാത്ത ബിഎസ്എൻഎൽ ആകട്ടെ വിഐക്കും പിന്നിലാണ്. ഈ സാഹചര്യത്തിൽ ജിയോയും എയർടെലും നയിക്കുന്ന, അവരുടെ കുത്തക ഭരണത്തിലേക്ക് ഇന്തൻ ടെലിക്കോം മേഖല എത്തുമോ എന്ന് നേരത്തെ ആശങ്ക ഉയർന്നിരുന്നു.
ഈ വിഷയത്തിലാണ് ഇപ്പോൾ ടെലിക്കോം മന്ത്രാലയം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ജിയോയുടെയും എയർടെലിന്റെയും വരുതിയിലേക്ക് കാര്യങ്ങൾ എത്തുമെന്ന് പേടിക്കേണ്ട. ശക്തമായ സാന്നിധ്യമായി ബിഎസ്എൻഎൽ ഉടൻ ഉയർന്നുവരും എന്നാണ് മന്ത്രി ചൂണ്ടിക്കാണിക്കുന്നത്. ജിയോയ്ക്കും എയർടെലിനും വെല്ലുവിളി ഉയർത്താൻ 4ജി കരുത്തോടെ എത്തുന്ന ബിഎസ്എൻഎല്ലിന് സാധിക്കും.

ബിഎസ്എൻഎൽ ഒരു ശക്തിയായി ഉയർന്നുവരുന്നതോടെ ഉപയോക്താക്കൾക്ക് മികച്ച മൂല്യം ലഭിക്കുന്ന നിലയിലേക്ക് ഇന്ത്യൻ ടെലിക്കോം മേഖലയിലെ മത്സരം മാറുമെന്നും ടെലിക്കോം മന്ത്രി പ്രതീക്ഷപ്രകടിപ്പിച്ചു. ബിഎസ്എൻഎൽ ഇപ്പോൾതന്നെ ലാഭം നേടാൻ തുടങ്ങിയിട്ടുണ്ട്. 4ജി എത്തുന്നതോടുകൂടി കൂടുതൽ കരുത്തുനേടും. മറ്റു 4ജി സാങ്കേതികവിദ്യകളിൽനിന്ന് വ്യത്യസ്തമായി ഏറെ മെച്ചപ്പെട്ടതാണ് തങ്ങളുടെ 4ജി സ്റ്റാക്ക് എന്നും മന്ത്രി പറയുന്നു.
ടിസിഎസിന്റെ (Tata Consultancy Services) നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന്റെ സഹായത്തോടെയാണ് ബിഎസ്എൻഎൽ 4ജി വ്യാപനവുമായി മുന്നോട്ട് പോകുന്നത്. ഈ 4ജി ഒരു സോഫ്‌റ്റ്‌വെയർ റോളൗട്ടിനൊപ്പം 5ജി ലേക്ക് അപ്‌ഗ്രേഡുചെയ്യാനുമാകും എന്ന് മന്ത്രി പറഞ്ഞു. 100,000-ലധികം സൈറ്റുകളിലെ 4ജി വിന്യാസത്തിനായി ബിഎസ്എൻഎൽ ഇപ്പോൾ ടിസിഎസിനും ഐടിഐയ്ക്കും ഒരു അഡ്വാൻസ് പർച്ചേസ് ഓർഡർ നൽകിയിട്ടുണ്ട്.
4ജി ആരംഭിക്കേണ്ട സൈറ്റുകൾ ഇതിനകം നിശ്ചയിച്ചിട്ടുണ്ട്. ഉടൻ നവീകരണം ആവശ്യമുള്ള സൈറ്റുകൾ ഉടൻ കണ്ടെത്തുമെന്നും അധികൃതർ പറയുന്നു. ഇന്ത്യയിലുടനീളമുള്ള 4ജി നെറ്റ്‌വർക്ക് വിന്യാസത്തിനായി 15000 കോടി രൂപയുടെ അഡ്വാൻസ് പർച്ചേസ് ഓർഡർ ബിഎസ്എൻഎല്ലിൽ നിന്ന് ടിസിഎസിന് ലഭിച്ചതായി 2023 മെയ് 22-ന് ടിസിഎസ് നടത്തിയ എക്‌സ്‌ചേഞ്ച് ഫയലിംഗ് വ്യക്തമാക്കുന്നു.
അധികം വൈകാതെ തന്നെ 4ജി വ്യാപനം ബിഎസ്എൻഎൽ വേഗത്തിലാക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 4ജി എത്തുന്നതോടെ നിലവിൽ ബിഎസ്എൻഎൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാമെന്നും അതുവഴി ബിഎസ്എൻഎൽ വളരുമെന്നും അധികൃതർ കണക്കുകൂട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് ജിയോയെ നേരിടുന്ന നിലയിലേക്ക് ബിഎസ്എൻഎൽ വളരുമെന്നും കുത്തകാധിപത്യം ഇവിടെ ഉണ്ടാകില്ല എന്നും ടെലിക്കോം മന്ത്രി തറപ്പിച്ച് പറയുന്നത്.

നേരത്തെ ടെലിക്കോം നിരക്ക് വർധനയുമായി ബന്ധപ്പെട്ട് ജിയോയും എയർടെലും നടത്തിയ ചില നീക്കങ്ങളും വിഐയും ബിഎസ്എൻഎല്ലും നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുമാണ് ടെലിക്കോം മേഖലയിലെ ഡ്യൂപ്പോളി സംബന്ധിച്ച ചർച്ചകൾക്ക് വഴിതുറന്നത്. നിലവിലെ സാഹചര്യത്തിൽ വിഐയുടെയും ബിഎസ്എൻഎല്ലിന്റെയുമൊക്കെ സാന്നിധ്യം ഉണ്ടെങ്കിലും കാര്യങ്ങൾ നിശ്ചയക്കുന്നത് ജിയോയും എയർടെലുമാണ് എന്നാണ് പൊതു വിലയിരുത്തൽ.
തങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളിൽ തൃപ്തരല്ലെങ്കിൽ മറ്റൊരു ടെലിക്കോം കമ്പനിയിലേക്ക് മാറാൻ ഇപ്പോൾ മറ്റ് മൂന്ന് ഓപ്ഷനുകൾ ഇന്ത്യക്കാർക്കുണ്ട്. വിഐയും ബിഎസ്എൻഎല്ലും ഇല്ലാതായാൽ ഈ ഓപ്ഷൻ നഷ്ടമാകുകയും ജിയോയും എയർടെലും നിശ്ചയിക്കുന്നിടത്ത് കാര്യങ്ങൾ എത്തുകയും ചെയ്യും. അതിനാൽത്തന്നെ ബിഎസ്എൻഎൽ എത്രയും വേഗം കരുത്ത് നേടേണ്ടതും വിഐ നിലനിൽക്കേണ്ടതും സാധാരണക്കാരായ ടെലിക്കോം വരിക്കാരുടെകൂടി ആവശ്യമാണ്.


Click it and Unblock the Notifications








