ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവർക്ക് ട്രായി മുന്നറിയിപ്പ്; 10 ദിവസത്തിനകം ആ മെസേജ് നിങ്ങൾക്കുമെത്തും!
ഇന്ത്യയിലെ ടെലിക്കോം സേവന ദാതാക്കളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ (VI), ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) എന്നിവർക്കായി ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫർ ഇന്ത്യ പുതിയ മുന്നിറയിപ്പ് പുറപ്പെടുവിച്ചു. സൈബർ ക്രിമനലുകളുടെ തട്ടിപ്പ് മെസേജുകൾക്ക് എതിരേയാണ് മുന്നറിയിപ്പ്.
സൈബർ ക്രിമനലുകൾ ഇന്ത്യയിലെ ടെലിക്കോം കമ്പനികളെ അടക്കം തട്ടിപ്പിനായി ഉപയോഗപ്പെടുത്തുകയും ടെലിക്കോം വരിക്കാർക്ക് വ്യാജ എസ്എംഎസുകൾ അയയ്ക്കുകയും ചെയ്യുന്നതായി ട്രായിയുടെ ശ്രദ്ധിയിൽപ്പെട്ടിട്ടുണ്ട്. ട്രായിയുടെ പേരിൽ പോലും വ്യാജ എസ്എംഎസുകൾ മൊബൈൽ വരിക്കാർക്ക് എത്തുന്നു എന്നത് പ്രശ്നത്തെ ഗൗരവകരമാക്കുന്നു. ഇത്തരം തട്ടിപ്പുകൾക്കെതിരേ ശക്തമായ നടപടിയെടുക്കാനാണ് ട്രായി ശ്രമിക്കുന്നത്.

സൈബർ ക്രിമിനലുകളുടെ വ്യാജ എസ്എംസുകൾ തടയാൻ നടപടി സ്വീകരിക്കണമെന്ന് ട്രായി ടെലിക്കോം കമ്പനികൾക്ക് നിർദേശം നൽകി. അടുത്തിടെയായി ട്രായിയുടെ പേരിൽ നിരവധി സന്ദേശങ്ങൾ ടെലിക്കോം വരിക്കാർക്ക് എത്തുന്നുണ്ട്. ഔദ്യോഗികമെന്ന് തോന്നിപ്പിക്കുന്ന ഇത്തരം സന്ദേശങ്ങൾ ജനങ്ങൾ വിശ്വസിക്കുകയും വഞ്ചിതരാകുകയും ചെയ്ത നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ഇത്തരം വ്യാജ എസ്എംഎസുകളെ സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ ട്രായി ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായി ഒരു മുന്നറിയിപ്പും ജാഗ്രതാ നിർദേശവും ഇന്ത്യയിലെ എല്ലാ ടെലിക്കോം വരിക്കാരിലേക്കും എത്തിക്കാൻ ട്രായി തീരുമാനിച്ചിരിക്കുകയാണ്. ഇതിനുള്ള സന്ദേശം ട്രായി ടെലിക്കോം ഓപ്പറേറ്റർമാർക്ക് കൈമാറും. വരും ദിവസങ്ങളിൽ ഈ മെസേജ് ഇന്ത്യയിലെ എല്ലാ മൊബൈൽ ഉപയോക്താക്കളിലേക്കും എത്തും.

ട്രായിയുടെ നടപടിക്ക് പിന്നിലെ കാരണം: മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ആവശ്യപ്പെട്ടും മൊബൈൽ നമ്പർ കണ്കഷൻ വിച്ഛേദിക്കാതിരിക്കാൻ നിലവിലുള്ള നമ്പർ പരിശോധിച്ചുറപ്പിക്കണം എന്ന് ആവശ്യപ്പെട്ടും ട്രായിയുടേതെന്ന വിധത്തിൽ പലർക്കും അടുത്തിടെ സന്ദേശങ്ങൾ എത്തിയിരുന്നു. ഈ മെസേജ് വിശ്വസിച്ച നിരവധി പേർ കബളിപ്പിക്കപ്പെട്ടു.
എന്നാൽ യഥാർഥത്തിൽ ട്രായി ഇത്തരം മെസേജുകൾ ആർക്കും അയയ്ക്കാറില്ല. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് പുതിയ മെസേജ് എല്ലാവരിലേക്കും എത്തിക്കുന്നത്. ഇക്കാര്യത്തിൽ ട്രായി നേരത്തെ തന്നെ മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും പലരും അത് അവഗണിക്കുകയായിരുന്നു. ട്രായിയുടെ പുതിയ മെസേജ് ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ അടക്കമുള്ള ടെലിക്കോം കമ്പനികൾ തങ്ങളുടെ വരിക്കാരിലേക്ക് എത്തിക്കും.
BT-TRAIND എന്ന തലക്കെട്ടിലുള്ള മെസേജ് ആകും ട്രായിക്കായി ടെലിക്കോം ഓപ്പറേറ്റർമാർ അയയ്ക്കുക. ട്രായ് ഒരിക്കലും മൊബൈൽ നമ്പറുകൾ വിച്ഛേദിക്കുകയോ നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുകയോ ചെയ്യില്ല. ട്രായിയുടെ പേരിലുള്ള അത്തരം സന്ദേശങ്ങൾ/ കോളുകൾ എന്നിവ സൂക്ഷിക്കുക. ട്രായിയിൽ നിന്നാണെന്ന് അവകാശപ്പെടുന്ന ഏതൊരു കോളും മെസേജും വ്യാജമായി കരുതണം'' എന്ന സന്ദേശം ആയിരിക്കും ഈ എസ്എംഎസുകളിലുണ്ടാകുക.

ഇതോടൊപ്പം സംശയം തോന്നുന്ന കോളുകൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ റിപ്പോർട്ട് ചെയ്യണമെന്നും മെസേജിൽ നിർദേശിക്കും. ജനുവരി 1 മുതൽ ഈ ജാഗ്രതാ മെസേജ് തങ്ങളുടെ വരിക്കാരിലേക്ക് എത്തിക്കാൻ ആണ് ട്രായി ടെലിക്കോം കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. അടുത്ത ആഴ്ച മുതൽ 10 ദിവസങ്ങൾക്കുള്ളിൽ, ഈ മെസേജ് എല്ലാവരിലേക്കും എത്തും.
ഇന്ത്യയിൽ ഏകദേശം 1.15 ബില്യണിലധികം മൊബൈൽ വരിക്കാരുണ്ട് എന്നാണ് കണക്ക്. അതിൽ റിലയൻസ് ജിയോയ്ക്ക് 450 ദശലക്ഷവും ഭാരതി എയർടെലിന് 380 ദശലക്ഷവും വോഡഫോൺ ഐഡിയയ്ക്ക് 220 ദശലക്ഷവും സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലിന് 100 ദശലക്ഷവും വരിക്കാരുണ്ട്. ഈ മുഴുവൻ വരിക്കാരിലേക്കും ട്രായിയുടെ ജാഗ്രതാ സന്ദേശം ഉടൻ എത്തും.


Click it and Unblock the Notifications








