'ഉറങ്ങുന്ന ട്രസ്റ്റി', ടെലിക്കോം കമ്പനികളുടെ കൊള്ളയോട് കണ്ണടച്ചു; മോദിക്കെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷം
രാജ്യത്തെ ടെലിക്കോം നിരക്ക് വർധനയിൽ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ചു. മൂന്ന് സ്വകാര്യ മൊബൈൽ ഓപ്പറേറ്റർമാർ യാതൊരു മേൽനോട്ടവും നിയന്ത്രണവുമില്ലാതെ "ഏകപക്ഷീയമായി" ചാർജുകൾ വർധിപ്പിച്ചപ്പോൾ ഒരു നടപടിയും സ്വീകരിക്കാതെ നോക്കി നിൽക്കാൻ സർക്കാരിന് എങ്ങനെ കഴിഞ്ഞെന്ന് പ്രതിപക്ഷം ചോദിച്ചു. ഈ നിരക്ക് വർധനയിലൂടെ പ്രതിവർഷം 34,824 കോടി രൂപയാണ് ഉപയോക്താക്കളിൽ നിന്ന് ടെലിക്കോം കമ്പനികളിലേക്ക് എത്തുക. ഇത് അനുവദിക്കാൻ എങ്ങനെ കഴിഞ്ഞെന്നും പ്രതിപക്ഷം ചോദിക്കുന്നു. ഒരു മാനദണ്ഡവുമില്ലാതെ ഏകപക്ഷീയമായ നിരക്ക് വർധനയാണ് നടപ്പിലായിരിക്കുന്നത് എന്നും ഇതിനെ അംഗീകരിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.
ഓരോ സ്വകാര്യ ടെലിക്കോം കമ്പനികളുടെയും സാമ്പത്തിക മാനദണ്ഡങ്ങൾ വ്യത്യസ്തമാണ്. എന്നിട്ടും 15-16 ശതമാനം നിരക്കിൽ കമ്പനികൾ ഒരേപോലെ താരിഫ് ഉയർത്തിയപ്പോൾ മോദി സർക്കാർ "കണ്ണടച്ചത്" എന്തുകൊണ്ടാണെന്ന് കോൺഗ്രസ് ചോദിച്ചു. താരിഫ് വർദ്ധന സാധാരണക്കാരെ ദോഷകരമായി ബാധിക്കുമെന്നതിനാൽ നിരക്ക് വർധന "തികച്ചും അനാവശ്യമാണ്" എന്നും നേതാക്കൾ വ്യക്തമാക്കി.

109 കോടി ഉപയോക്താക്കളുള്ള റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ തങ്ങളുടെ താരിഫ് ശരാശരി 15 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ സാധാരണക്കാരിൽ നിന്നും വാർഷിക അടിസ്ഥാനത്തിൽ 34,824 കോടി രൂപയാണ് ചെലവാകുക. സാധാരണക്കാർക്ക് ഈ അധിക ബാധ്യത ഉണ്ടായപ്പോൾ സർക്കാരും ട്രായിയും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്തത് എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് ഓപ്പറേറ്റർമാർ തങ്ങളുടെ താരിഫ് വർദ്ധിപ്പിച്ചു. "രണ്ട് കാര്യങ്ങൾ ശ്രദ്ധേയമാണ്. ഒന്നാമതായി, താരിഫ് വർദ്ധന പ്രഖ്യാപിക്കുന്ന തീയതി, മൂന്ന് കമ്പനികളും പരസ്പരം കൂടിയാലോചന നടത്തുന്നതായി തോന്നുന്നു. രണ്ടാമതായി, വർദ്ധിപ്പിച്ച താരിഫുകൾ ഫലപ്രദമായി നടപ്പിലാക്കുന്ന തീയതി ഒന്നുതന്നെയാണ്," എന്ന് രൺദീപ് സുർജേവാല പറഞ്ഞു.
റിലയൻസ് ജിയോയുടെ ശരാശരി താരിഫ് വർദ്ധന 20 ശതമാനമാണ്. ഇതുവഴി 48 കോടി വരിക്കാർക്ക് പ്രതിമാസം 1,464 കോടി രൂപയും പ്രതിവർഷം 17,568 കോടി രൂപയും അധികമായി നഷ്ടമാകുന്നു. 39 കോടി വരിക്കാരുടെ അടിത്തറയുള്ള എയർടെല്ലിൻ്റെ ശരാശരി വർദ്ധനവ് 15 ശതമാനമാണ്. നിരക്ക് വർധനയിലൂടെ എയർടെലിന് പ്രതിമാസം 892 കോടി രൂപ അല്ലെങ്കിൽ പ്രതിവർഷം 10,704 കോടി രൂപ അധികമായി ലഭിക്കും.
അതേപോലെ വോഡഫോൺ ഐഡിയയ്ക്ക് 22.37 കോടി വരിക്കാരുടെ അടിത്തറയുണ്ട്. ശരാരി 16 ശതമാനം വർദ്ധനവ് ആണ് വിഐ പ്ലാനുകളിൽ ഉണ്ടായിരിക്കുന്നത്. ഇതിലൂടെ പ്രതിമാസം 546 കോടി രൂപയും ഒരു വർഷം 6,552 കോടി രൂപയും കമ്പനിക്ക് അധികമായി ലഭിക്കുന്നു. ഇപ്പോൾ നിരക്ക് കൂട്ടിയ മൂന്ന് സ്വകാര്യ കമ്പനികളും ചേർന്നാൽ വിപണിയുടെ 91.6% വരും.
അതായത് ഏതാണ്ട് 109 കോടി സെൽഫോൺ ഉപയോക്താക്കളെ നിരക്ക് വർധന ബാധിക്കുന്നു. സർക്കാരിൻ്റെയോ ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) മേൽനോട്ടമോ നിയന്ത്രണമോ ഇല്ലാതെയാണ് ഈ വർധന നടപ്പാക്കിയത്. "109 കോടി സെൽഫോൺ ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കുകയും കബളിപ്പിക്കുകയും ചെയ്യുന്നതിലെ അന്യായം മോദി സർക്കാരിന് തിരിച്ചടിയാകുന്നതിനാൽ ഇലക്ഷൻ കഴിയുന്നതുവരെ നിരക്ക് വർധന നടപ്പാക്കുന്നത് തടഞ്ഞില്ലേയെന്നും കോൺഗ്രസ് ചോദിച്ചു.

കേന്ദ്ര ഗവൺമെൻ്റും ട്രായ്‌യും "ഉറങ്ങുന്ന ട്രസ്റ്റികളെപ്പോലെ പെരുമാറരുത്". എന്നുമാത്രമല്ല, "പൊതുജനനന്മയ്ക്കായി സജീവ ട്രസ്റ്റികളായി" ഇവർ പ്രവർത്തിക്കേണ്ടതുണ്ടെന്ന സുപ്രീം കോടതി നിർദ്ദേശവും അദ്ദേഹം ഉദ്ധരിച്ചു. പൊതുവിശ്വാസം ഇപ്പോൾ മോദി സർക്കാർ ബലികഴിച്ചോ?" എന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസ് മാത്രമല്ല, സിഐടിയു ദേശീയ നേതൃത്വവും നിരക്ക് വർധനവിൽ മോദി സർക്കാരിനെതിരേ രംഗത്തെത്തി.
3ജിയിൽ നിന്ന് 4ജിയിലേക്കും 5ജിയിലേക്കും സേവനങ്ങൾ അപ്‌ഗ്രേഡ് ചെയ്യാൻ അനുവദിക്കാതെ ബിഎസ്എൻഎല്ലിനെ സർക്കാർ കെട്ടിയിട്ടിരിക്കുകയാണ് എന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു. കേന്ദ്ര സർക്കാർ ബിഎസ്എൻഎല്ലിനെ ഒന്നിനും കൊള്ളാത്തതാക്കി മാറ്റുകയും സ്വകാര്യ കമ്പനികൾക്ക് വെല്ലുവിളിയാകുന്നതിൽ നിന്ന് തന്ത്രപൂർവം വിലക്കുകയും ചെയ്തിരിക്കുന്നതായും സിഐടിയു ആരോപിച്ചു. നിരക്ക് വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു കേന്ദ്ര ടെലിക്കോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.
സാധാരണക്കാരെ ദ്രോഹിക്കുന്ന ടെലിക്കോം നിരക്ക് വർദ്ധന തീർത്തും അനാവശ്യമാണെന്നും അത് പിൻവലിക്കേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെടുന്നു. ഈ വിഷയത്തിൽ കോൺഗ്രസ് മോദി സർക്കാരിന് മുന്നിൽ ഉയർത്തിയ പ്രധാന ചോദ്യങ്ങൾ ഇതാ: 1, സർക്കാരിൻ്റെ മേൽനോട്ടമില്ലാതെ സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് എങ്ങനെയാണ് പ്രതിവർഷം 34,824 കോടി രൂപ ഏകപക്ഷീയമായി താരിഫ് ഉയർത്താൻ കഴിയുക?

2, സൂക്ഷ്മപരിശോധന ഒഴിവാക്കാൻ പാർലമെൻ്റ് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ താരിഫ് വർധന വൈകിപ്പിച്ചോ?. 3, പൊതുതാൽപ്പര്യത്തിന് മുൻഗണന നൽകണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം കണക്കിലെടുക്കാതെ, മോദി സർക്കാർ പൊതുജനവിശ്വാസം ബലികഴിച്ചിട്ടുണ്ടോ?. 4, വ്യത്യസ്തമായ വരവും ചെലവും ഉണ്ടായിട്ടും എല്ലാ ടെലികോം കമ്പനികൾക്കും ഒരേപോലെ നിരക്ക് വർദ്ധിക്കുന്നത് എന്തുകൊണ്ട്?
5, 109 കോടി സെൽഫോൺ ഉപയോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മോദി സർക്കാരും ട്രായിയും പരാജയപ്പെട്ടത് എന്തുകൊണ്ട്?. 6, വർദ്ധനവ് അനുവദിക്കുന്നതിന് മുമ്പ് സർക്കാരോ ട്രായ്യോ മൂലധനച്ചെലവിൻ്റെ ആവശ്യകതയെക്കുറിച്ചോ ലാഭത്തെ ബാധിക്കുന്നതിനെക്കുറിച്ചോ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ? - ഇക്കാര്യങ്ങളിലൊക്കെ പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.


Click it and Unblock the Notifications








