ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമത്; നന്ദി പറയാം റിലയന്‍സ് ജിയോക്ക്
ലോക ജനസംഖ്യയുടെ പകുതിയില്‍ അധികം ഇന്റര്‍നെറ്റ് സജീവമായി ഉപയോഗിക്കുന്നുണ്ടെന്ന് ലോകപ്രശസ്ത വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് മേരി മീക്കര്‍. ഇതില്‍ 12 ശതമാനം ഇന്ത്യക്കാരാണ്. ഇതോടെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ രണ്ടാംസ്ഥാനം നിലനിര്‍ത്താനും ഇന്ത്യയ്ക്ക് കഴിഞ്ഞതായി മീക്കര്‍ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ളത് ചൈനയിലാണ്. ലോകമെമ്പാടും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 21 ശതമാനവും ചൈനക്കാരാണ്. അമേരിക്കയാണ് മൂന്നാം സ്ഥാനത്ത്. ലോകജനസംഖ്യയുടെ ഏകദേശം 3.8 ബില്യണ്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 3.6 ബില്യണ്‍ ആയിരുന്നു ഇത്.
റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അനുസരിച്ച് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗം കൂടാനുള്ള കാരണങ്ങളിലൊന്ന് റിലയന്‍സ് ജിയോയുടെ വരവാണ്. റിലയന്‍സ് ജിയോ വന്‍വിലക്കുറവില്‍ ഡാറ്റാ പ്ലാനുകള്‍ അവതരിപ്പിച്ചതും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തിയതും ഇന്ത്യക്കാരെ ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക് വലിച്ചിടുപ്പിച്ചു. ഇതോടെ ജിയോയുടെ വരിക്കാരുടെ എണ്ണം 307 ദശലക്ഷമായി കുതിച്ചുയര്‍ന്നു.
ഓണ്‍ലൈന്‍ വിദ്യാഭ്യാസരംഗത്തെ ബൈജൂസ് ആപ്പിന്റെ മുന്നേറ്റവും റിപ്പോര്‍ട്ടിലുണ്ട്. 9-17 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്കായുള്ള വീഡിയോ ക്ലാസുകളാണ് ബൈജൂസ് നല്‍കുന്നത്. ബൈജൂസിന്റെ നിലവിലുള്ള വരിക്കാരുടെ എണ്ണം രണ്ട് ദശലക്ഷമാണ്.
ലോകത്ത് ഇ-കൊമേഴ്‌സ് വിപണി വലിയ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും പരസ്യവരുമാനത്തിലും കാര്യമായ വളര്‍ച്ചയുണ്ടായി. വീഡിയോകള്‍ കാണുന്നതിന് ചെലവഴിക്കുന്ന സമയം രണ്ടുമടങ്ങ് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഇതിന്റെ ഗുണം ലഭിച്ചത് ഫെയ്‌സ്ബുക്ക്, യൂട്യൂബ്, സ്‌നാപ്ചാറ്റ്, ടിക് ടോക് തുടങ്ങിയ കമ്പനികള്‍ക്കാണ്.


Click it and Unblock the Notifications