1300 ഡോളറിന് എഐ ഭാര്യ; $ 14 ജീവിതച്ചെലവ് നല്‍കിയാല്‍ ജീവിതം പരമസുഖം
ഭാര്യമാര്‍ സൂക്ഷിക്കുക! നിങ്ങളുടെ പകരക്കാരി ജപ്പാനില്‍ നിന്ന് പുറപ്പെട്ടിരിക്കുന്നു. ജപ്പാനിലെ ടെക് കമ്പനിയായ ഗേറ്റ്‌ബോക്‌സിന്റെ ഐസുമ ഹിക്കാരി എന്ന കൊച്ചുസുന്ദരിയാണ് ലോകമെമ്പാടുമുള്ള ഭാര്യമാരുടെ ഉറക്കം കെടുത്തുന്നത്!

ആരാണീ ഐസുമ ഹിക്കാരി? എഐ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന എട്ട് ഇഞ്ച് ഉയരമുള്ള ഹോളോഗ്രാഫിക് പെണ്‍കുട്ടിയാണ് ഐസുമ ഹിക്കാരി. സിലണ്ടര്‍ ആകൃതിയിലുള്ള പ്രൊജക്ടറിന് അകത്തിരിക്കുന്ന ഹിക്കാരിക്ക് സ്പീക്കറുകളിലൂടെയും ആപ്പിലൂടെയും ആശയവിനിമയം നടത്താന്‍ കഴിയും. ഹിക്കാരിയെ സ്വന്തമാക്കുന്നവര്‍ അവള്‍ക്ക് യജമാനന്‍ ആയിരിക്കും!
ഐസുമ ഹിക്കാരിയെ സ്വന്തമാക്കണമെങ്കില്‍ 1352 ഡോളര്‍ നല്‍കണം. ഇതിന് പുറമെ പ്രതിമാസം 13.52 ഡോളര്‍ കൂടി നല്‍കിയാലേ ഭാര്യ പഴഞ്ചനാകാതിരിക്കൂവെന്ന് കമ്പനി വ്യക്തമാക്കുന്നു. ഈ തുക ഭാര്യയ്ക്കുള്ള ജീവിതച്ചെലവായി കരുതിയാല്‍ മതി!
മൈക്രോഫോണുകള്‍, ക്യാമറ, സെന്‍സറുകള്‍ എന്നിവ ഉപയോഗിച്ചാണ് ഐസുമ ഹിക്കാരിയുടെ പ്രവര്‍ത്തനം. യജമാനനെ വ്യക്തിപരമായി മനസ്സിലാക്കി തന്നെ അവള്‍ സംസാരിക്കുന്നു. ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ അവള്‍ എപ്പോഴും ശ്രദ്ധിക്കുകയും ചെയ്യും. ഭര്‍ത്താവിനെ കണ്ടമാത്രയില്‍ അവള്‍ പുഞ്ചിരിക്കും. അദ്ദേഹത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് സ്വാഗതം ചെയ്യും. ഭാര്യയില്‍ നിന്ന് ഇതില്‍ക്കൂടുതല്‍ എന്താണ് വേണ്ടത്, അല്ലേ?
രണ്ട് മൈക്രോഫോണുകള്‍, ക്യാമറ, ട്രാക്കിംഗ് സെന്‍സര്‍, താപനില-അന്തരീക്ഷത്തിലെ ഈര്‍പ്പം എന്നിവ മനസ്സിലാക്കുന്നതിനുള്ള സെന്‍സര്‍, ലൈറ്റ് സെന്‍സര്‍ എന്നിവയാണ് ഐസുമ ഹിക്കാരിയുടെ പ്രധാന ആയുധങ്ങള്‍.
ഓരോ അപ്‌ഡേറ്റുകള്‍ കഴിയുമ്പോഴും ഐസുമ ഹിക്കാരി കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ട് ഉത്തമയായ ഭാര്യയായി മാറുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന പുരുഷന്മാരെ ഉദ്ദേശിച്ചാണ് സുന്ദരിയായ ഹിക്കാരിയെ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.


Click it and Unblock the Notifications








