പടർന്നുപന്തലിക്കാൻ 'മണ്ണ്' വേണം! ബിഎസ്എൻഎൽ 4ജി ടവറുകൾക്കായി സ്ഥലം ലഭ്യമാക്കാൻ നിർദ്ദേശം
രാജ്യത്ത് ബിഎസ്എൻഎൽ 4ജി വ്യാപനത്തിനായുള്ള നടപടികൾ വിവിധ തലങ്ങളിലൂടെ പുരോഗമിക്കുന്നു. ബിഎസ്എൻഎൽ 4ജിക്കായി ടവറുകൾ സ്ഥാപിക്കാൻ സ്ഥലം ലഭ്യമാക്കാൻ സഹകരിക്കണമെന്ന് എല്ലാ സംസ്ഥാന സർക്കാരുകളോടും ടെലിക്കോം മന്ത്രാലയം അഭ്യർഥിച്ചു. രാജ്യത്തിന്റെ ടെലിക്കോം മേഖലയുടെ മുഖച്ഛായ മാറ്റുന്ന വികസനമായിരിക്കും ബിഎസ്എൻഎൽ 4ജി-5ജി സേവനങ്ങളിലൂടെ സാധ്യമാകുക എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ബിഎസ്എൻഎല്ലിന്റെ നിലനിൽപ്പുതന്നെ 4ജി വ്യാപനവുമായി കൂട്ടിക്കെട്ടപ്പെട്ടിരിക്കുകയാണ്. നിലവിൽ 4ജി സേവനങ്ങളിൽ ഏറ്റവും പിന്നിലുള്ള ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. സ്വകാര്യ കമ്പനികളായ ജിയോ, എയർടെൽ എന്നിവ 5ജി വ്യാപനത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ ഘട്ടത്തിൽപ്പോലും 4ജി സേവനങ്ങൾ വരിക്കാർക്ക് നൽകാൻ കഴിയാത്തത് ബിഎസ്എൻഎല്ലിന്റെ അതിജീവന നീക്കങ്ങൾക്ക് വൻ തിരിച്ചടിയാണുണ്ടാക്കുന്നത്.

ആദ്യം 4ജിയും പിന്നാലെ ഏതാനും മാസങ്ങൾക്കകം 5ജിയും ആരംഭിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളുമായാണ് ബിഎസ്എൻഎൽ ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഇതിനായി ടിസിഎസുമായി ബിഎസ്എൻഎൽ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. ടിസിഎസിൽനിന്ന് 4ജി ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള കരാറിന് അടുത്തിടെ ബിഎസ്എൻഎൽ ബോർഡ് അനുമതി നൽകിയിരുന്നു. പക്ഷേ ഇനിയും നടപടിക്രമങ്ങൾ ഏറെ ബാക്കിയാണ്.
4ജി വ്യാപനത്തിനായി 4ജി ടവറുകൾ സ്ഥാപിക്കാനുള്ള സ്ഥലം ആണ് ഇപ്പോഴത്തെ പ്രശ്നം. സ്ഥലം ലഭ്യമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. 4ജി ടവറുകൾക്കായി ബിഎസ്എൻഎല്ലിന് ഭൂമി അനുവദിച്ച് ഗോവൻ മന്ത്രിസഭ തീരുമാനം പാസാക്കിയിട്ടുണ്ട്. ഓരോ ടവറിനും 2000 ചതുരശ്ര അടി സ്ഥലമാണ് ഗോവ അനുവദിച്ചിരിക്കുന്നത്.
സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സൗജന്യമായി വിട്ടുനൽകുന്നതിന് പുറമെ, അനുവദിച്ച സ്ഥലങ്ങളിൽ വൈദ്യുതി വിതരണം നീട്ടാനും മന്ത്രിസഭ തീരുമാനിച്ചു. സ്ഥലം സമയബന്ധിതമായി കൈമാറാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ഗോവ ഇൻഫ്രാസ്ട്രക്ചർ ടെലികോം പോളിസി 2020 പ്രകാരം മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിന് രജിസ്‌ട്രേഷന് 10000 രൂപ ഈടാക്കാറുണ്ട്. ഇക്കാര്യത്തിൽ ഇളവ് അനുവദിക്കണമെന്ന് ബിഎസ്എൻഎൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

ഇതു കൂടാതെ, നിശ്ചിത സ്ഥലങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ (OFC) സ്ഥാപിക്കുന്നതിന് സൗജന്യ റോ (റൈറ്റ് ഓഫ് വേ) അനുമതിയും 70 സ്ഥലങ്ങളിലെ 4ജി ടവറുകൾക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും (NOC) നൽകണമെന്ന് ബിഎസ്എൻഎൽ ഗോവ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ടിഎൻഎൻ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ഇന്ത്യയിലെ 25000-ലധികം ഗ്രാമങ്ങളിൽ ഏത്രയും വേഗം ബിഎസ്എൻഎൽ 4ജി എത്തിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന് ബിഎസ്എൻഎൽ നേതൃത്വം നൽകും. ഇതിന് യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് (യുഎസ്ഒഎഫ്) ധനസഹായം നൽകും. പദ്ധതി സമയബന്ധിതമായി, 500 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
4ജി ആരംഭിക്കുന്നതോടെ ബിഎസ്എൻഎല്ലിലേക്ക് കൂടുതൽ വരിക്കാർ എത്തുമെന്നും കുറഞ്ഞ നിരക്കുകളും ആകർഷകമായ പ്ലാനുകളും 4ജി സ്പീഡും വരിക്കാരെ ആകർഷിക്കും എന്നുമാണ് വിലയിരുത്തപ്പെടുന്നത്. തദ്ദേശീയമായി വികസിപ്പിച്ച 4ജി ഉപകരണങ്ങൾ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി വ്യാപനം നടത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അധികം വൈകാതെ തന്നെ കൂടുതൽ ഇടങ്ങളിൽ 4ജി സേവനം ആരംഭിച്ച് ബിഎസ്എൻഎൽ രംഗത്ത് എത്തുമെന്നാണ് കരുതപ്പെടുന്നത്.

5ജിയിലേക്കുള്ള മാറ്റം അതിവേഗം സാധ്യമാകുന്ന വിധത്തിലാകും ബിഎസ്എൻഎൽ 4ജി വ്യാപനം നടത്തുക. തദ്ദേശീയ ഉപകരണങ്ങൾ ഉപയോഗിച്ച് 4ജി സേവനങ്ങൾ നൽകുന്ന ആദ്യ ടെലിക്കോം സ്ഥാപനം എന്ന നേട്ടം ബിഎസ്എൻഎല്ലിന് ആയിരിക്കുമെന്നാണ് ടെലിക്കോം മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഫണ്ട് അടക്കം നൽകി ബിഎസ്എൻഎൽ 4ജി വ്യാപനത്തിനായി കേന്ദ്രം പിന്തുണ നൽകുന്നുണ്ട്.
ഏപ്രിൽ- മേയ് മാസത്തോടെ ചിലയിടങ്ങളിൽ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ആരംഭിക്കും എന്ന് നേരത്തെ സൂചനകൾ പുറത്തുവന്നിരുന്നു. 4ജി ടവറുകൾ സ്ഥാപിക്കാൻ ചിലയിടങ്ങളിൽ ബിഎസ്എൻഎല്ലിന് ഭൂമിയില്ല. ഇത്തരം പ്രദേശങ്ങളിൽ ഭൂമി ലഭ്യമാകുന്നതിൽ നേരിടുന്ന കാലതാമസം 4ജി വൈകുന്നതിന് ഒരു കാരണമായി മാറാൻ സാധ്യതയുണ്ട്. സംസ്ഥാന സർക്കാരുകളുടെ മുൻകൈ ഇക്കാര്യത്തിൽ നിർണായകമാകും.


Click it and Unblock the Notifications







