ഡോട്ട് കോം യുഗത്തിന് അന്ത്യമാകുന്നു; ഇനി ഡോട്ട് സ്‌റ്റേറ്റ്ബാങ്ക്, ഡോട്ട് ഗൂഗിള്‍...

Posted By: Staff

ഡോട്ട് കോം യുഗത്തിന് അന്ത്യമാകുന്നു; ഇനി ഡോട്ട് സ്‌റ്റേറ്റ്ബാങ്ക്, ഡോട്ട് ഗൂഗിള്‍...

ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ മിക്കവര്‍ക്കും ചില വെബ്‌സൈറ്റുകളെക്കുറിച്ച് ഒരു സംശയം ഉണ്ടാകാം. ഡോട്ട് കോം ആണോ ഡോട്ട് ഓര്‍ഗ് ആണോ അവസാനം വരുന്നത് എന്ന്. ഈ സംശയങ്ങള്‍ ഇനി അധികകാലം ഉണ്ടാകില്ല. കാരണം ഡൊമൈന്‍ നെയിമുകള്‍ എല്ലാം കമ്പനികളുടെ അഥവാ സംഘടനകളുടെ ഇഷ്ടത്തിന് ഉപയോഗിക്കാനവസരം വരികയാണ്.

ഉദാഹരണത്തിന് ഗൂഗിള്‍ ഡോട്ട് കോം എന്നത് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനിന്റെ പൊതുവെയുള്ള പേരാണ്. ഇനി അത് ഗൂഗിള്‍ ഡോട്ട് ഗൂഗിള്‍ ആയേക്കും. അതായത് കോമിന് പകരം ഗൂഗിള്‍ എന്ന ഡൊമൈന്‍.

ഡൊമൈന്‍ നെയിമുകള്‍ നിശ്ചയിച്ചിരുന്നത് കമ്പനി, സംഘടന, രാജ്യം തുടങ്ങിയ ചില വര്‍ഗ്ഗീകരണങ്ങളുടെ അടിസ്ഥാനത്തിലാണ്. ഒരു വെബ്‌സൈറ്റ് ഇവയില്‍ ഏതിലാണോ പെടുന്നത് എന്നതിനനുസരിച്ച് ആ സൈറ്റിന്റെ വെബ് വിലാസത്തില്‍ അവസാനമായി ഡോട്ട് കോം എന്നോ ഡോട്ട് ഇന്‍ എന്നോ ഡോട്ട് ഓര്‍ഗ്  എന്നോ മറ്റോ കാണാവുന്നതാണ്. ഇതാണ് ഈ സൈറ്റിന്റെ ഡൊമൈന്‍ നെയിം.

എന്നാല്‍ ഈ ഡൊമൈന്‍ നെയിമുകളിലാണ് നിര്‍ണ്ണായക മാറ്റം വരാനൊരുങ്ങുന്നത്. ഓരോ കമ്പനിക്കും അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിന് ഇഷ്ടമുള്ള ഡൊമൈന്‍ നെയിം നല്‍കാം. അതിന് ഡൊമൈന്‍ നെയിം അനുവദിക്കുന്ന ഇന്റര്‍നെറ്റ് കോര്‍പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിം ആന്റ് നമ്പേഴ്‌സ്  (ഐസിഎഎന്‍എന്‍) എന്ന സംഘടനയുടെ അനുവാദം ലഭിച്ചാല്‍ മതി.

നിലവിലെ ഡൊമൈന്‍ നെയിമുകളായ ഡോട്ട് കോം, ഡോട്ട് ഓര്‍ഗ്, ഡോട്ട് നെറ്റ്, ഡോട്ട് എജ്യു തുടങ്ങിയവ അവസാനിക്കുമെന്നല്ല ഇതിനര്‍ത്ഥം മറിച്ച് ഓരോ കമ്പനികള്‍ക്കും സ്വന്തം പേര് ഉപയോഗിക്കാനുള്ള സാഹചര്യം വരുമ്പോള്‍ ആരും പഴയവയെ ഉപയോഗിക്കാതെ കാലഹരണപ്പെടാനാണ് സാധ്യത.

1980കളില്‍ വെബ് വിലാസം നിലവില്‍ വന്നതിന് ശേഷം നടക്കുന്ന ഏറ്റവും ബൃഹത്തായ മാറ്റമാണ് ഡൊമൈന്‍ നെയിമിലെ സ്വകാര്യവത്കരണം. ഡോട്ട് ഗൂഗിള്‍, ഡോട്ട് യുട്യൂബ്, ഡോട്ട് ലോല്‍, ഡോട്ട് പ്ലസ് എന്നിങ്ങനെയുള്ള ഡൊമൈന്‍ നെയിമുകള്‍ക്കാണ് ഗൂഗിള്‍ അപേക്ഷിച്ചിരിക്കുന്നത്.

ഭാരതി എയര്‍ടെല്‍ (ഡോട്ട് ഭാരതി), ഡാബര്‍ ഇന്ത്യ (ഡോട്ട് ഡാബര്‍), എച്ച്ഡിഎഫ്‌സി ബാങ്ക് (ഡോട്ട് എച്ച്ഡിഎഫ്‌സിബാങ്ക്), ഇന്‍ഫോസിസ് (ഡോട്ട് ഇന്‍ഫി, ഡോട്ട് ഇന്‍ഫോസിസ്), സ്റ്റേറ്റ്ബാങ്ക് (ഡോട്ട് സ്‌റ്റേറ്റ്ബാങ്ക്) തുടങ്ങി 16ലേറെ കമ്പനികള്‍ ഡൊമൈന്‍ നെയിം ലേലത്തിന് പങ്കെടുക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു.

ഭാഷാ സൈറ്റുകളിലും ഈ മാറ്റം കാണാനാകും. എളുപ്പത്തില്‍ സ്വന്തം  ഭാഷാ പദങ്ങള്‍ ഉപയോഗിച്ച് സൈറ്റ് കണ്ടെത്താനും സാധിക്കും. കോം എന്നത് ഹിന്ദി ഭാഷാ സൈറ്റുകളില്‍ ഹിന്ദിയില്‍ കാണാനാകും. ഈ മാറ്റങ്ങളെല്ലാം വരുന്ന രണ്ട് മൂന്ന് വര്‍ഷത്തിനകമേ പ്രാവര്‍ത്തികമാകാനിടയുള്ളൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot