2012ലെ ഗാഡ്ജറ്റുകളുടെ വിസ്മയലോകം

By Shabnam Aarif
|

2012ലെ ഗാഡ്ജറ്റുകളുടെ വിസ്മയലോകം
പുതുവര്‍ഷത്തില്‍ ഗാഡ്ജറ്റ് ലോകം എന്തൊക്കെ വിസ്മയങ്ങളായിരിക്കും ലോകത്തിനു വേണ്ടി കാത്തു വെച്ചിരിക്കുക.  2011ല്‍ നിന്നും വിഭിന്നമായി എന്തൊക്കെ നമുക്ക് 2012ല്‍ പ്രതീക്ഷിക്കാം.  ശാസ്ത്രത്തിന്റെ പോക്ക് എന്നും താഴെ നിന്നും മുകളിലേക്ക് മാത്രമായതിനാല്‍ തീര്‍ച്ചയായും അല്‍ഭുതങ്ങള്‍ പ്രതീക്ഷിക്കാം.

മടക്കാനും ഒടിക്കാനും കഴിയുന്ന ഡിസ്‌പ്ലേകളുള്ള സ്മാര്‍ട്ട്‌ഫോണുകള്‍, തീരെ കട്ടി കുറഞ്ഞ ലാപ്‌ടോപ്പുകള്‍, ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ബാറ്ററി ബാക്ക്അപ്പ്, ക്ലൗഡ് സേവനങ്ങള്‍ കൂടുതല്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തല്‍ എന്നിങ്ങനെയൊക്കെയാണ് 2012ല്‍ നിന്നും ഗാഡ്ജറ്റ് ലോകം പ്രതീക്ഷിക്കുന്നത്.

ഭാരം വളരെ കുറഞ്ഞ, കട്ടി തീരെ ഇല്ലാത്ത, ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ബാറ്ററി ബാക്ക്അപ്പ് ഉള്ള ഒരു ടാബ്‌ലറ്റ് ലഭിച്ചാല്‍ എങ്ങനെയിരിക്കും.  2012ല്‍ അങ്ങനെയുള്ള ഗാഡ്ജറ്റുകള്‍ പുറത്തിറങ്ങാനിരിക്കുന്നു.  എന്നാല്‍ അവ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളായിരിക്കില്ല, മറിച്ച് അള്‍ട്രാബുക്ക് കമ്പ്യൂട്ടറുകളായിരിക്കും.

ഇന്റലിന്റെ കണക്കു കൂട്ടലില്‍ 2012 അവസാനത്തോടെ ആകെ നോട്ട്ബുക്ക് മാര്‍ക്കറ്റിന്റെ 40 ശതമാനം അള്‍ട്രാബുക്കുകളുടെതായിരിക്കും.  ഇതു സത്യമാണെങ്കില്‍ 2011 മാത്രം ജനിച്ച ഈ പുതിയ ഗാഡ്ജറ്റ് വിഭാഗം 2012ന്റെ വിസ്മയങ്ങളില്‍ ഒന്നായിരിക്കും.

ക്ലൗഡ് സേവനങ്ങള്‍ കൂടുതല്‍ വിപുലമായ രീതിയില്‍ ഉപയോഗപ്പെടുത്തിയായിരിക്കും 2012ലെ മറ്റൊരു സാങ്കേതിക വിസ്മയം.  ഉദാഹരണത്തിന് ബ്ലാക്ക്‌ബെറി പ്രൊട്ടെക്റ്റ് എടുക്കാം.  ഈ സേവനം ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ബ്ലാക്ക്‌ബെറി ഗാഡ്ജറ്റ് നഷ്ടപ്പെടുകയോ മാറ്റുകയോ ചെയ്യുമ്പോള്‍ നിലവിലുള്ള ബാക്ക്അപ്പ് നഷ്ടപ്പെടില്ല.  ആകെ ചെയ്യേണ്ടത് ഇത്രമാത്രം നിങ്ങളുടെ ബ്ലാക്ക്‌ബെറി ഗാഡ്ജറ്റ് രജിസ്റ്റര്‍ ചെയ്യുക മാത്രമാണ്.

പേഴ്‌സണല്‍ ക്ലൗഡ് ഉബുണ്ടു ക്ലൗഡ് വണ്‍ സേവനത്തിന്റെ കാര്യം അതിലും രസകരമാണ്.  വീട്ടിലെ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറിലുള്ള പേഴ്‌സണല്‍ ഫയലുകളും ഡാറ്റകളും ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും ഇതുവഴി ഉപയോഗിക്കുകയും വേണമെങ്കില്‍ എഡിറ്റ് ചെയ്യുകയും ചെയ്യാം.

ഔക്ടോബറില് ലോസ് ഏഞ്ചല്‍സില്‍ നടന്ന മാക്‌സ് 2011 അവാര്‍ഡ്ദാന ചടങ്ങില്‍ 2012 പകുതിയോടെ അഡോബിന്റെ ക്രിയേറ്റീവ് ക്ലൗഡ് സേവനം തത്സമയമാവും എന്നു പ്രഖ്യാപിക്കുകയുണ്ടായി. ഈ സേവനം വഴി കമ്പ്യൂട്ടറില്‍ തുടങ്ങിയ ഒരു പ്രവര്‍ത്തനം പിന്നീട് ടാബ്‌ലറ്റിലോ മൊബൈല്‍ ഹാന്‍ഡ്‌സെറ്റിലോ തുടരാന്‍ സാധിക്കും.

2007ല്‍ ആപ്പിള്‍ ഐഫോണിന്റെ പിറവിയോടെ തുടങ്ങിയതാണ് സ്മാര്‍ട്ട്‌ഫോണ്‍ തരംഗം.  അത് അതിന്റെ പാരമ്യത്തില്‍ ആയിരുന്നു 2011ല്‍ എന്നു പറയാം. പ്രത്യേകിച്ചും ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളുടെ.  ഡ്യുവല്‍-കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ടോടെ പ്രവര്‍ത്തിക്കുന്നു ഐഫോണ്‍ പുറത്തിറങ്ങിയതും 2011ലായിരുന്നു.  ഐഫോണ്‍ 4എസ്.

ഇതിനു പിന്നാലെ മറ്റു പ്രമുഖ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണ കമ്പനികളും ഡ്യുവല്‍-കോര്‍ പ്രോസസ്സറുള്ള സ്മാര്‍ട്ട്‌ഫോണുകളിറക്കി.  സാംസംഗ് ഗാലക്‌സി എസ്II, എല്‍ജി ഒപ്റ്റിമസ് 2എക്‌സ്, എച്ച്ടിസി സെന്‍സേഷന്‍ തുടങ്ങിയവ.  ഈ വര്‍ഷം ഡ്യവല്‍-കോര്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില കുറഞ്ഞ് സാധാരണക്കാരുടെ കൈപിടിയിലൊതുങ്ങും വിധമാകും എന്നു പ്രതീക്ഷിക്കാം.

ആദ്യ ക്വാഡ്-കോര്‍ സ്മാര്‍ട്ട്‌ഫോണ്‍ ആയ എച്ച്ടിസി എഡ്ജ് ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുകയാണ്.  അതായത് 2011ല്‍ രണ്ടു കോറായിരുന്നത് 2012ല്‍ നാലു കോര്‍!

2010 ഐപാഡ് ഇറങ്ങിയപ്പോള്‍ തുടങ്ങിയതാണ് ടാബാലറ്റ് കമ്പ്യൂട്ടര്‍ തരംഗം.  അതു മെല്ലെ അള്‍ട്രാബുക്കുകളുടെ വരവിന് വഴി വെച്ചുവെങ്കിലും ടാബ്‌ലറ്റ് തരംഗം അത്ര പെട്ടെന്നൊന്നും അവസാനിക്കും എന്നു തോന്നുന്നില്ല.  പ്രതീക്ഷിക്കപ്പെടു പോലെ നാലു കോര്‍ പ്രോസസ്സറുകളുടെ സപ്പോര്‍ട്ട് ഉള്ള ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെ വര്‍ഷമായിരിക്കും 2012.  അവയ്ക്ക് എന്‍വിഡിയയുടെ ടെഗ്ര 3 ചിപിസെറ്റിന്റെ സപ്പോര്‍ട്ടും ഉണ്ടാകും.

2012ന്റെ രണ്ടാം പകുതിയോടെ റിലീസിനൊരുങ്ങിയിരിക്കുകയാണ് വിന്‍ഡോസ് 8 ടാബ്‌ലറ്റുകളും.  ഡെല്‍, സാംസംഗ്, നോക്കിയ എന്നിവയില്‍ നിന്നും ആണ് വിന്‍ഡോസ് 8 ടാബ്‌ലറ്റുകള്‍ പ്രതീക്ഷിക്കുന്നത്.  ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റുകള്‍ക്കും ധാരാളം ആവശ്യക്കാരുണ്ടാകും 2012ലും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒരു മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് വാങ്ങുന്നതില്‍ സ്വാധീനം ചെലുത്തുന്ന ഒരു പ്രധാന ഫീച്ചര്‍ ആണ് അതിന്റെ ഡിസ്‌പ്ലേ വലിപ്പം.  ഡിസ്‌പ്ലേയുടെ വലിപ്പത്തോടൊപ്പം, അതിന്റെ റെസൊലൂഷന്‍, സൂപ്പര്‍ എഎംഒഎല്‍ഇഡി, ഗോറില്ല ഗ്ലാസ്, കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ എന്നിവയെല്ലാം ഒരാള്‍ ഡിസ്‌പ്ലേയെ പറ്റി മാത്രം ഒരു ഫോണ്‍ വാങ്ങുന്നതിനു മുമ്പ് ശ്രദ്ധിക്കും.

ഫ്‌ളെക്‌സിബിള്‍ ഡിസ്‌പ്ലേയുള്ള ഫോണുകളാണ് 2012ല്‍ പ്രതീക്ഷിക്കപ്പെടുന്ന ഗാഡ്ജറ്റ് വിസ്മയം.  നോക്കിയയും സാംസംഗും ആയിരിക്കും ഫ്‌ളെക്‌സിബിള്‍ ഡിസ്‌പ്ലേയുള്ള ഹാന്‍ഡ്‌സെറ്റുകള്‍ പുറത്തിറക്കാനൊരുങ്ങുന്നവര്‍.

ഇവിടെയൊന്നും അവസാനിക്കില്ല സാങ്കേതിക വിസ്മയങ്ങള്‍.  പ്രതീക്ഷിക്കുന്നതിനും എത്രയോ ഉയരത്തിലുള്ള വിസ്മയങ്ങള്‍ നമുക്കായി 2012 കാത്തു വെച്ചിട്ടുണ്ട് എന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X