''വിളിച്ചാലോ കിട്ടില്ല, ഒച്ചിഴയുന്ന ഡാറ്റ വേഗവും; ഇങ്ങനെ പോയാൽ എങ്ങനെ ശരിയാകും?''
ഇന്ത്യയിൽ ടെലിക്കോം(Telecom) മേഖലയിൽ ഉപയോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ശ്രമവുമായി കേന്ദ്ര സർക്കാർ രംഗത്ത്. ടെലിക്കോം സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ മേൽനോട്ടം വഹിക്കണമെന്ന് ടെലിക്കോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായി)യോട് ടെലിക്കോം മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോൾ കട്ട് ആകുന്നത് ഉൾപ്പെടെയുള്ള ഗൗരവമായ പ്രശ്നങ്ങൾ നിരവധി ഉപയോക്താക്കൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ പ്രശ്നത്തിൽ ഇടപെടൽ നടത്തുന്നത്.

ടെലിക്കോം സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി ടെലിക്കോം മന്ത്രാലയവും കമ്പനികളുമായുള്ള കൂടിക്കാഴ്ച ഡിസംബർ 28 ന് ആണ് നിശ്ചയിച്ചിരിക്കുന്നത്. ടെലിക്കോം സെക്രട്ടറി കെ രാജാരാമൻ ചർച്ചകൾക്ക് മേൽനോട്ടം വഹിക്കും. ഈ ചർച്ചയിൽ തീരുമാനമുണ്ടായില്ല എങ്കിൽ 2023 ജനുവരിയിലേക്ക് മറ്റൊരു മീറ്റിങ് കൂടി നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.

രാജ്യത്തെ ഏറ്റവും വലിയ രണ്ട് ടെലിക്കോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെലും തങ്ങളുടെ 5ജി സർവീസുകൾ രാജ്യവ്യാപകമായി സ്ഥാപിക്കാനുള്ള നീക്കങ്ങളുടെ പിന്നാലെയാണ്. ഈ ഘട്ടത്തിൽ തന്നെയാണ് കോളുകൾ മുറിഞ്ഞ് പോകുന്നതും ഡാറ്റ വേഗത കുറയുന്നതും സംബന്ധിച്ച പരാതികൾ വ്യാപകമായിക്കൊണ്ടിരിക്കുന്നതും. പരാതികൾ വ്യാപകമായതോടെ ഡിസംബർ 23 ന് ടെലിക്കോം മന്ത്രാലയം ആഭ്യന്തരയോഗം ചേർന്ന് സംഭവം ചർച്ച ചെയ്തിരുന്നു.

ഈ ചർച്ചയിലാണ് പരാതികൾ സംബന്ധിച്ച് ടെലിക്കോം കമ്പനികളുമായി ചർച്ച നടത്താൻ തീരുമാനിച്ചത്. ടെലിക്കോം സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനായി നിരവധി മാർഗനിർദേശങ്ങളും സംവിധാനങ്ങളും നിലവിലുണ്ടെന്നിരിക്കെയാണ് പരാതികൾ വ്യാപകമായിരിക്കുന്നത്. ടെലിക്കോം കമ്പനികൾ നൽകുന്ന എല്ലാ സേവനങ്ങളും വിലയിരുത്തപ്പെടുന്നുണ്ട്. കൂടാതെ ടെലികോം സൈറ്റുകളെ ചുറ്റിപ്പറ്റിയുള്ള എല്ലാ ഡാറ്റയുടെയും ട്രാക്ക് ട്രായി സൂക്ഷിക്കുന്നുമുണ്ട്. പക്ഷേ ക്ലൗഡ് സെർവറുകളുടെയും മറ്റും ഡാറ്റ ഇതിൽ ഉൾപ്പെടുന്നില്ല.

അതേസമയം, ഇതൊരു താൽക്കാലിക പ്രശ്നം മാത്രമാണെന്നും ഒരു മാസത്തിനുള്ളിൽ എല്ലാ പരാതികളും പരിഹരിക്കപ്പെടുമെന്നും ആണ് ടെലിക്കോം കമ്പനികൾ പറയുന്നത്. 5ജി എത്തുന്നതിന് അനുയോജ്യമായ വിധത്തിലുള്ള മാറ്റങ്ങൾ സ്മാർട്ട്ഫോണിൽ ലഭ്യമാകാത്തതിന്റെ പ്രശ്നമാണ് ഇപ്പോഴുള്ളതെന്നും വാദമുണ്ട്. ജിയോയുടെയും എയർടെലിന്റെയും 5ജി നെറ്റ്‌വർക്കുകളെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യയിലെ മിക്ക 5ജി സ്മാർട്ട്‌ഫോണുകളിലും ഇപ്പോൾ ഓവർ-ദി-എയർ (OTA ) അപ്‌ഡേറ്റ് ലഭ്യമാണ്. ജിയോ 5ജി സ്റ്റാൻഡലോണും എയർടെൽ 5ജി നോൺ-സ്റ്റാൻഡലോണും ആണ് വിന്യസിക്കുന്നത്.

എന്നാൽ ഉപയോക്താക്കൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം ഉണ്ടാകണം എന്നാണ് ആവശ്യം ഉയരുന്നത്. മൊബൈൽ സേവനങ്ങൾ ഉപയോഗിക്കുന്നതിനുള്ള ചെലവ് വർധിക്കുന്നതിനെക്കുറിച്ച് ഉപഭോക്താക്കൾ ഇപ്പോൾ തന്നെ ആശങ്കാകുലരാണ്, ഈ സാഹചര്യത്തിൽ കമ്പനികൾ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഇടിഞ്ഞാൽ, അത് ഉപയോക്താക്കളുടെ വികാരങ്ങളെ ആഴത്തിൽ വ്രണപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.

5ജി 2023 ൽ കൂടുതൽ നഗരങ്ങളിലേക്ക് എത്തുകയാണ്. 5ജി വ്യാപകമാകും മുമ്പ് ജിയോയും റിലയൻസും പ്ലാൻ നിരക്കുകൾ കൂട്ടാൻ തയാറെടുക്കുകയാണ് എന്നും റിപ്പോർട്ടുകളുണ്ട്. അടുത്തവർഷം മാർച്ചോടെ ടെലിക്കോം നിരക്കുകളിൽ 10 ശതമാനം വർധന വരുത്താനാണ് കമ്പനികൾ തീരുമാനിച്ചിരിക്കുന്നത് എന്നാണ് പുറത്തുവന്ന വിവരം. നിരക്കുയരുമ്പോൾ സ്വാഭാവികമായും ഉപയോക്താക്കൾ രോഷാകുലരാകും.

ഉയർന്ന നിരക്കു നൽകിയിട്ടും ലഭിക്കുന്നത് മോശം സേവനമാണെങ്കിൽ ആളുകൾ ഏതുരീതിയിൽ ആകും അതിനോട് പ്രതികരിക്കുക എന്ന് പറയാൻ സാധിക്കില്ല. അതിനാൽത്തന്നെ നിരക്കുകൾ ഉയർത്തും മുമ്പ് പ്രശ്നങ്ങൾ താൽക്കാലികമായി എങ്കിലും പരിഹരിക്കാൻ ടെലിക്കോം കമ്പനികൾ തയാറാകുമെന്നാണ് സൂചന. ജിയോയ്ക്കും എയർടെലിനും പുറമെ സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലും 2023 ൽ 5ജി സേവനങ്ങൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications








